പാലാ സെന്റ് തോമസ് കോളജിന്റെ സാരഥ്യവും അന്നു ചതുർ ‘വേദി’കളിലായിരുന്നുവെന്നു പറയണം. പ്രിൻസിപ്പൽ ഫാ. കുരീത്തടത്തിനു പുറമേ വൈസ് പ്രിൻസിപ്പലായിരുന്ന ഫാ. ജോൺ മറ്റം, ബർസാറായിരുന്ന ഫാ. ജോസഫ് കുര്യാസ്, ഹോസ്റ്റൽ വാർഡനും പൊളിറ്റിക്സ് പ്രഫസറുമായിരുന്ന ഡോ. എൻ.എം.തോമസ് അച്ചൻ. മോൺ. ജോസഫ് കുരീത്തടം ദീർഘകാലം ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായശേഷമാണു കൊല്ലം ഫാത്തിമമാതാ കോളജിൽ പ്രിൻസിപ്പലായത്. കൊല്ലം കോളജിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രമാദമായ വിദ്യാർഥി സമരത്തിനെതിരേ അച്ചൻ സ്വീകരിച്ച ശക്തമായ നിലപാടും അതിൽ അച്ചൻ നേടിയ വിജയവും അച്ചന്റെ ഗ്രാഫുയർത്തിയെന്നു പറയണം. കൊല്ലത്തുനിന്നായിരുന്നു അച്ചന്റെ പാലായിലേക്കുള്ള അശ്വമേധം.
പാലാ സെന്റ് തോമസ് കോളജിൽ അച്ചൻ തന്റെ ‘വ്യാഴകാലം’ഉറപ്പിച്ചത് അക്കാദമിക് രംഗത്തും കായികരംഗത്തും വിജയക്കൊടി പാറിച്ചുകൊണ്ടാണ്. പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും റാങ്കുകളുടെ തിളക്കം തുടർച്ചയായി വാർത്തയായി. ബാസ്കറ്റ്ബോളിലും ഹോക്കിയിലും ഗുസ്തിയിലും നീന്തലിലും പാലാ കോളജിലെ കായികതാരങ്ങൾ തുടർച്ചയായി കപ്പും കിരീടവുമുറപ്പിച്ചു.
വിദ്യാർഥിസമരങ്ങൾ പൊതുവേ മുദ്രാവാക്യങ്ങളിലൊതുങ്ങി. വിദ്യാർഥികൾ അച്ചനെ സ്നേഹത്തോടെ ‘വലിയമുക്കുവൻ’എന്നു പേരിട്ടു വിളിച്ചു ബഹുമാനിച്ചു. അച്ചൻ അതിലെ നർമം നന്നായി ആസ്വദിച്ചു ചിരിച്ചു. ഇരുന്നകാലത്തോളം അച്ചൻ ക്ലാസ്മുറികളിലും കാന്പസിലും രാജാവായി വാണു.
അക്കാലത്തെ അധ്യാപകരും കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു. പ്രഫ. ആരുവാമുറ്റ അയ്യങ്കാർ, പ്രഫ. പി.കെ. മാണി, പ്രഫ. കെ.എം. ചാണ്ടി, പ്രഫ. എ.വി. വർക്കി, പ്രഫ. വി.ജെ. മത്തായി, പ്രഫ. പി.സി. ജോസഫ്, പ്രഫ.കെ. രാമകൃഷ്ണപിള്ള, പ്രഫ. പി.എം. ചാക്കോ, പ്രഫ. എം.ടി. തര്യൻ, പ്രഫ. പി. കൊച്ചുണ്ണി പണിക്കർ, പ്രഫ. സോമവർമ്മ രാജാ, ഡോ. എ.ടി. ദേവസ്യ, ഡോ. എ.വി.വർഗീസ്... പറഞ്ഞുപോയാൽ ലിസ്റ്റിന് അവസാനമുണ്ടാകുകയില്ല.
അവസാനത്തെ രണ്ടുപേരും പിൽക്കാലത്ത് വൈസ് ചാൻസലർമാരായി. ഒരാൾ എംജിയിൽ. മറ്റേയാൾ കേരള സർവകലാശാലയിൽ. രണ്ടുപേരും പാലായിൽ ഫാ. കുരീത്തടത്തിന്റെ ഡയറക്ട് സെലക്ഷനായിരുന്നു. അച്ചൻ കടന്നുപോയിട്ട് ഇന്ന് 50 വർഷമാകുന്നു. അദ്ദേഹത്തിന്റെ ചരമ കനകജൂബിലിയാണിന്ന്. അച്ചൻ ഒരിക്കലും പാണ്ഡിത്യം അവകാശപ്പെട്ടില്ല.
ഭക്തനെന്നു ഭാവിച്ചതുമില്ല. എന്നാൽ മാതൃഭക്തിയിൽ പോക്കറ്റിൽ ജപമാലയില്ലാതെ അച്ചൻ ഒരിക്കലും നടന്നിട്ടുമില്ല. ഒരു ദിവസം പോലും വിശുദ്ധ കുർബാന മുടക്കിയിട്ടുമില്ല. പാലാ കോളജിൽ എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. കെ.വി.മാത്യുസാറിന്റെ വാക്കുകളിൽ ഞാനും ഈ ഓർമക്കുറിപ്പ് അവസാനിപ്പിക്കട്ടെ!
“പാലാ സെന്റ് തോമസ് കോളജ് മൂന്നു തുണുകളിന്മേലാണ് നിന്നിരുന്നതെന്നു വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. പ്രധാന കെട്ടിടത്തിന്റെ പോർട്ടിക്കോയിലെ ഭീമാകാരങ്ങളായ മൂന്നാം നിലയുടെ മുഖവാരം വരെ ഉയർന്നുനിൽക്കുന്ന രണ്ടു കൽത്തൂണുകളും അവയ്ക്കൊപ്പം തന്നെ ഉറപ്പു തോന്നിപ്പിച്ചിരുന്നു. കുരീത്തടമച്ചനെന്ന മൂന്നാം തൂണും! അതൊരു കാലമായിരുന്നു. പാലാ കോളജിന്റെ സുവർണകാലം. കുരീത്തടത്തിലച്ചന്റെ പ്രതാപകാലവും! പ്രണാമം.”
(ലേഖകൻ പാലാ സെന്റ് തോമസ് കോളജിലെ മുൻ വിദ്യാർഥിയും മുൻ അധ്യാപകനും മഹാത്മാഗാന്ധി സർവകലാശാലാ മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ മുൻ അംഗവുമാണ്).