ദൈവത്തിലേക്കു വളർന്നും സഹജരിലേക്ക് വിരിഞ്ഞുദൈവദർശനത്തിന്റെ നിറഞ്ഞുകവിയലായിരുന്നു അമ്മയ്ക്ക് സഹോദരദർശനം. സ്കൂൾ കുട്ടികൾ തക്കംകിട്ടുന്പോഴെല്ലാം അമ്മയുടെ പക്കൽ ഓടിയെത്തിയിരുന്നു. പ്രത്യേകിച്ച് പരീക്ഷ അടുക്കുന്പോൾ. അമ്മയ്ക്ക് കുട്ടികളോട് അതിരറ്റ വാത്സല്യമായിരുന്നു. തോൽക്കുമെന്നുള്ളവർ പരീക്ഷാക്കാര്യം അമ്മയെ ഏല്‍പ്പിച്ചു. ധാരാളംപേര്‍ ഈ വിധം വിജയം തേടി. കൊച്ചുകുട്ടികള്‍പോലും അമ്മയെക്കുറിച്ചു പറയുമായിരുന്നു. “പ്രാര്‍ഥിക്കുന്ന അമ്മ”.
ആരും ചെയ്യാനറയ്ക്കുന്ന ജോലികള്‍ സന്തോഷത്തോടെ അമ്മ ഏറ്റെടുത്തതും ദൈവസ്നേഹത്തില്‍ കാലുറപ്പിച്ചുനിന്നാണ്. കോളറാദീനം ബാധിച്ച ഒരു പെണ്‍കുട്ടിയുടെ അടുക്കല്‍ സ്വന്തം അമ്മപോലും മടിച്ചുനിന്നപ്പോള്‍ എവുപ്രാസ്യമ്മ എല്ലാ ശുശ്രൂഷകളും ചെയ്തുകൊടുത്തു. ആ പരിചരണങ്ങളേറ്റ് അമ്മയുടെ മടിയില്‍ തലവച്ചു കിടന്ന് അവള് അന്ത്യശ്വാസം വലിച്ചു. സ്വാര്‍ഥതയുടെ മറയ്ക്കുള്ളില്‍ മുഖം പൂഴ്ത്തിക്കഴിയുന്ന ഇന്നത്തെ തലമുറയ്ക്കു മുന്നില്‍ നിശബ്ദമായൊരു വെല്ലുവിളിയുയര്ത്തുകയാണമ്മ.
രക്ഷാകരമാക്കിയ സഹനങ്ങള്‍“കുരിശില്ലാതെ കിരീടമില്ല; സഹനമില്ലാതെ സ്വര്‍ഗമില്ല”. വിശുദ്ധ എവുപ്രാസ്യമ്മയ്ക്ക് ജീവിതകാലം മുഴുവന്‍ കരുത്തേകിയ വചനം. ഊതിക്കാച്ചിയ പൊന്നുപോലെ ക്ലേശങ്ങളുടെ ഉരുക്കുമൂശയില്‍ ആ ജീവിതം ശോഭായമാനമായി. ജീവിതത്തിന്റെ പ്രഭാതം മുതല്‍ പ്രദോഷം വരെ കുരിശുകള്‍ കൂട്ടിനെത്തി. തുടരെയുള്ള പൈശാചികാക്രമണങ്ങള്‍, കുടുംബത്തില്ത്തന്നെയുണ്ടായ അനര്‍ഥങ്ങള്‍, സഹോദരന്മാരുടെ അപഭ്രംശം, സാമ്പത്തികഞെരുക്കം എന്നിങ്ങനെ ഒട്ടേറെ സഹനങ്ങള്‍, സ്വന്തം ശാരീരികക്ലേശങ്ങളോടൊപ്പം കൂട്ടിനുണ്ടായിരുന്നു. മരണത്തിന്റെ വക്കോളമെത്തുന്ന സഹനങ്ങള്‍.
സഹനത്തിന്റെ ആന്തരാര്‍ഥം സ്നേഹമാണെന്ന് അമ്മ വിശ്വസിച്ചു. “നിങ്ങള്‍ക്ക് നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും.” (ഏശ 46:4) ഈ വചനത്തില്‍ അമ്മ ശരണം വച്ചു. കുടുംബത്തിലെ തീരാദുഃഖങ്ങള്‍ പങ്കുവയ്ക്കുന്ന സഹോദരന് കാക്കുവിനോട് അമ്മ പറയുമായിരുന്നു, “സമ്പത്തില്‍ കുറഞ്ഞാലും മോനേ പുണ്യത്തില്‍ കുറയരുത്. തമ്പുരാന് അസാധ്യമായി ഒന്നുമില്ല”. ഇതിന്റെ സ്വീകാര്യത സമാധാനത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.
തിരുസഭയ്ക്കു സ്വന്തം“ഞാന്‍ തിരുസഭയുടെ വീരപുത്രിയാകുന്നു” എന്ന് ഉദ്ഘോഷിച്ച വിശുദ്ധ അമ്മത്രേസ്യായുടെയും “തിരുസഭയുടെ ഹൃദയത്തില്‍ സ്നേഹമാകാന്” അഭിലഷിച്ച വിശുദ്ധ കൊച്ചുത്രേസ്യായുടെയും ചൈതന്യം സ്വാംശീകരിച്ചെടുത്ത എവുപ്രാസ്യമ്മ തിരുസഭയെ സ്വന്തം മാതാവായി കണ്ടു. വൈദികര്‍ക്കുവേണ്ടി അവിരാമം പ്രാര്‍ഥിച്ചു. 1952 ഓഗസ്റ്റ് 29ന് ഈ ലോകത്തിലെ പ്രാര്‍ഥനാജീവിതം അവസാനിപ്പിച്ച് ദൈവതിരുമുഖം നേരില്‍ കാണാന്‍ അമ്മ സ്വര്‍ഗത്തിലേക്കു യാത്രയായി. അജ്ഞാതത്വത്തിന്റെ വാല്മീകത്തിലൊതുങ്ങാന് കൊതിച്ച എവുപ്രാസ്യമ്മയുടെ ഒളിക്കപ്പെട്ട ജീവിതം പിന്നീട് പ്രസിദ്ധമായ വീരഗാഥയായി.
മാതൃകയായി മധ്യസ്ഥയായ് “പ്രാര്‍ഥിക്കുന്ന അമ്മ” കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് അതിരുകളില്ലാത്ത ലോകത്തിനും പരിധികളില്ലാത്ത കാലത്തിനും അതീതമായി നിലകൊള്ളുന്നു. ഏഴര പതിറ്റാണ്ടുകാലം ഈ ഭൂമിയില്‍ ദൈവത്തിന്റെ പക്കല്‍ കെടാവിളക്കായി നിന്നവള്‍, ഇന്ന് ലോകമക്കള്ക്കുവേണ്ടി സ്വര്ഗീയതാരമായി പ്രഭ ചൊരിയുന്നു. സക്രാരിയുടെ മുന്പിൽ ഈ ലോകമക്കളുടെ വേദനകളുടെ മാറാപ്പുകെട്ടുകള്‍ നെഞ്ചിലേറ്റി ആത്മനാഥന്റെ പാദാന്തികത്തില്‍ ഈ അമ്മ അഴിച്ചുവച്ചു.
അന്നത്തേതെന്നപോലെ ഇന്നും അവര്‍ക്കായി സ്വര്‍ഗീയാരാമത്തില്‍നിന്നും അനുഗ്രഹപുഷ്പങ്ങള് ഇറുത്തെടുത്ത് നല്കുന്നു. തട്ടിപ്പും വെട്ടിപ്പും കൊലപാതകവും ഭ്രൂണഹത്യയും ശിശുവധവും സ്ത്രീപീഡനങ്ങളും നീതിനിഷേധവും ധാര്‍മികാധഃപതനവും എല്ലാം ചേര്‍ന്ന് ഭീകരതയുടെ പര്യായമായിരിക്കുന്ന ഈ രണാങ്കണത്തില്‍ നമുക്കുവേണ്ടി അടരാടാന്‍ ദൈവം നല്കിയ ഈ കന്യകാരത്നം ചൊരിയുന്ന പ്രകാശപാതയിലേക്ക് നമുക്കും അടിവച്ചു നീങ്ങാം.