കൂലി ഉയര്‍ന്നതായിട്ടും തേങ്ങയിടാൻ തൊഴിലാളികളെ കിട്ടുന്നില്ല. കഷ്ടപ്പെട്ട് തേങ്ങയിട്ടാല്‍ അവ വില്ക്കാന് കഴിയുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംഭരണവില ഒരു കിലോ തേങ്ങയ്ക്ക് 34 രൂപയാണ്. ഇതു തീര്‍ത്തും അപര്യാപ്തമാണ്. കുറഞ്ഞത് 52 രൂപയെങ്കിലും ലഭിക്കണമെന്നാണ് സംഗമങ്ങളിലെത്തിയ കര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. തേങ്ങയുടെ വില വര്‍ധിക്കാതിരിക്കുമ്പോള്‍ വളത്തിന്റെ വില തളപ്പുവച്ചു കയറുന്നതുപോലെ മുകളിലേക്കാണ്.
കീടനാശിനികള്‍ കീടങ്ങളെ നശിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കര്‍ഷകന്റെ കീശ കാലിയാക്കുന്നു. തെങ്ങിന്റെ ജീവിതം അകാലത്തില്‍ നശിപ്പിക്കുന്ന മണ്ഡരി, മഹാളി, കൂമ്പുചീയല്‍, തലചീയല്, കാറ്റുവീഴ്്ച, ഫംഗസ് രോഗങ്ങള്‍, വണ്ടുകളുടെയും ചെള്ളുകളുടെയും ആക്രമണം എന്നിവയില്‍ ഭൂരിപക്ഷത്തിനും പരിഹാരം കീടനാശിനി പ്രയോഗമാണ്. എന്നാല്‍ ഉയര്‍ന്ന വില ഫലപ്രദമായ കീടനാശിനി പ്രയോഗത്തിനു വിഘാതമാകുന്നു. അതുകണ്ട് കീടങ്ങള്‍ കൂടുതല്‍ അക്രമാസക്തരാകുന്നു.
കേരകര്‍ഷകര്‍ പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവരെ കൂടുതല്‍ തളര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയാണ്. 1981ല്‍ രൂപീകൃതമായ നാളികേര വികസന ബോര്‍ഡിന് ആശാവഹമായ പ്രവര്‍ത്തനം കാഴ്്ചവയ്ക്കാന് കഴിയുന്നില്ല. തമിഴ്നാടും കര്‍ണാടകയും സബ്സിഡി നല്കി കേരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു. നാഫെഡ്, എന്സിഇഎഫ്സിഎന്എ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. കേരഫെഡിന്റെ വിപണി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ല. കേരഗ്രാമം പദ്ധതി വിജയകരമല്ല. ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയാണ് ഇവ വെളിപ്പെടുത്തുന്നത്.