നിലവിലുള്ള രണ്ടു കോടി രൂപ വായ്പാപരിധി മൂന്നു കോടി രൂപയാക്കണമെന്നും 10 കോടി രൂപവരെ വായ്പാപരിധി നിശ്ചയിച്ചിട്ടുള്ളത് 15 കോടിയായി ഉയർത്തണമെന്നതും പൊതു ആവശ്യമായിവരുന്നു. വിജയത്തിലെത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന വൈവിധ്യവത്കരണത്തിന് ഈ സാമ്പത്തികസഹായം ആവശ്യമാണ്. സർക്കാർ അതു ഗൗരവമായിത്തന്നെ പരിഗണിക്കും. ഒപ്പം, കുറഞ്ഞത് നൂറ് പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഈ വർഷം വായ്പ ഉറപ്പാക്കാനും കെഎഫ്സി തീരുമാനിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികപിന്തുണ എന്നത് കമ്പനിയുടെ മുൻകൈ പ്രവർത്തനങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.
കെഎഫ്സിയെ ഈ ചുമതല ഏൽപ്പിക്കുന്നതിൽ സർക്കാരിനു കൃത്യമായ കാഴ്ചപ്പാടുണ്ട്. കേരളത്തിലെ പ്രധാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായി കമ്പനിയെ മെച്ചപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഇത്തരം ചുമതലകളും ഏൽപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി കെഎഫ്സി മാറിക്കഴിഞ്ഞു. കെഎഫ്സിയെ നിക്ഷേപകസൗഹൃദമാക്കാൻ ഈ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. കടുത്ത സാമ്പത്തികപ്രയാസം അഭിമുഖീകരിക്കുമ്പോഴും കമ്പനിയുടെ മൂലധന നിക്ഷേപം 50 കോടിയിൽനിന്ന് 300 കോടി രൂപയിലേക്ക് ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ഏജൻസി സ്ഥാപനമായി പ്രഖ്യാപിച്ചു.
പണവിപണിയിൽ ‘എഎ’ എന്ന ഉയർന്ന റേറ്റിങ്ങുള്ള സ്ഥാപനമായി കെഎഫ്സി മാറി. സ്ഥാപനത്തിന്റെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് അത് വലിയ സഹായമായി. കമ്പനി നൽകുന്ന വായ്പകളുടെ പലിശനിരക്കു കുറയ്ക്കുക വഴി സംരംഭകർക്കും വലിയ ആശ്വാസം ഉറപ്പാക്കാനായി. പൊതുമേഖലാ ബാങ്കുകളേക്കാൾ കുറഞ്ഞ നിരക്കിലുള്ള സംരംഭക വായ്പകൾ നൽകാനാകുന്നു. 50 കോടി രൂപവരെയാണ് സംരംഭക വായ്പ ലഭ്യമാക്കുന്നത്. നിലവിൽ 7368 കോടി രൂപ ഇത്തരത്തിൽ വിതരണം ചെയ്തിട്ടുണ്ട്.