അതീവരഹസ്യമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ പ്രചരിപ്പിച്ചുവരുന്ന ‘വോയ്സ് ഓഫ് ഖുറാസാൻ’ എന്ന പ്രസിദ്ധീകരണത്തിന്റെ മെയ് ലക്കം (dhu al qidah 1445) ചില ഹാക്കർമാർ പുറത്തുവിടുകയുണ്ടായി. ഇതേ പ്രസിദ്ധീകരണത്തിന്റെയും സമാനമായ മറ്റു ചിലവയുടെയും ചില മുൻ ലക്കങ്ങളും ഇത്തരത്തിൽ ലഭ്യമായിട്ടുണ്ട്. വളരെ അപകടകരമായ ഉള്ളടക്കങ്ങളാണ് ഇവയിലുള്ളത്. ഇന്ത്യയെ സംബന്ധിച്ച ഭാവി പദ്ധതികളും ലക്ഷ്യങ്ങളും സംബന്ധിച്ച സൂചനകളും അവയിൽ വ്യക്തം. ഇബ്നു നുഹാസ് എന്ന പേരിൽ അറിയപ്പെടുന്ന, പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുസ്ലിം മതപണ്ഡിതൻ രചിച്ച ജിഹാദിനെക്കുറിച്ചുള്ള ഒരു കൃതി ‘വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ’ എന്ന പേരിൽ അടുത്തകാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഉള്ളടക്കം യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നതാണ് എന്ന കണ്ടെത്തലിനു പിന്നാലെ കേരളത്തിൽ അത് നിരോധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ മുമ്പും നിരോധിക്കപ്പെട്ടിട്ടുണ്ട്. രഹസ്യമായി വിതരണം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങൾ ഇത്തരത്തിൽ പലതുണ്ടായിരിക്കാം.
തീവ്രവാദബന്ധമുള്ള വ്യക്തികൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും തീവ്രവാദ ബന്ധങ്ങളുടെ പേരിൽ പ്രമുഖ സംഘടനകൾ പോലും നിരോധിക്കപ്പെടുകയും അതിന്റെ പ്രവർത്തകർ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയും ഒട്ടനവധി കേസുകൾ പലപ്പോഴായി രജിസ്റ്റർ ചെയ്യപ്പെടുകയും നൂറുകണക്കിന് പേർ ഇത്തരം പല കേസുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്തിട്ടും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദവും ഭീകരവാദവും എന്ന പരസ്പര ബന്ധിതമായ ഭീഷണിയെ ഗൗരവത്തോടെ കാണാൻ കേരള സമൂഹത്തിനും ചിന്തകർക്കും മാധ്യമങ്ങൾക്കും കഴിയാത്തത് വിചിത്രമാണ്. തുറന്നു ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ അത്തരത്തിൽ ചർച്ച ചെയ്യാനും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളെ നിരുത്സാഹപ്പെടുത്താനും തള്ളിപ്പറയേണ്ടവയെ തള്ളിപ്പറയാനും പ്രബുദ്ധ സമൂഹം തയാറാകണം.
തീവ്രവാദം പിടിമുറുക്കുമ്പോൾതീവ്രമായ മതചിന്ത പുലർത്തുകയോ, മതതീവ്രവാദികൾക്ക് വിധേയപ്പെടുകയോ ചെയ്യാത്ത മുസ്ലിം സഹോദരങ്ങളെപ്പോലും വധിക്കാൻ ഇസ്ലാമിക തീവ്രവാദികൾ മടിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നൈജീരിയയിൽ കഴിഞ്ഞ പതിനാല് വർഷങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ഒരുലക്ഷത്തോളം ആളുകളിൽ അമ്പതിനായിരത്തിൽപ്പരം ആളുകൾ ക്രിസ്ത്യാനികൾ ആയിരുന്നുവെങ്കിൽ, മുപ്പതിനായിരത്തോളം ആളുകൾ മിതവാദികളായ മുസ്ലിംകൾ ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം പാക്കിസ്ഥാനിൽ ഉണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട നൂറോളം പേരും മറ്റുമതസ്ഥരല്ല. ബഹുസ്വരതയെ അംഗീകരിച്ചു ജീവിക്കുന്നവരെയെല്ലാം ഇല്ലാതാക്കാനാണ് മതതീവ്രവാദികൾ ഭീകരപ്രവർത്തനങ്ങളിലൂടെ ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്.
സ്വസമുദായത്തിൽ പിടിമുറുക്കുന്ന തീവ്രവാദത്തിനെതിരേ പ്രതികരിക്കാനും അത്തരക്കാരെ തള്ളിപ്പറയാനും സമുദായ നേതൃത്വവും അംഗങ്ങളും സമയാസമയങ്ങളിൽ തയാറായിരുന്നുവെങ്കിൽ ഇത്തരമൊരു ദുര്യോഗം ഒഴിവാക്കാമായിരുന്നു. ഈ കാര്യത്തിലെ പരാജയം തീവ്രവാദികളുടെ അപ്രമാദിത്വത്തിനും ബഹുസ്വരതയുടെ ബലികൊടുക്കലിനും കാരണമാകും എന്ന് വിവിധ രാജ്യങ്ങളിലെ തിക്താനുഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
ബഹുസ്വരതയെ മാനിക്കാതെ തീവ്രമായ മതവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തങ്ങൾക്കുള്ളിലെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കാൻ എല്ലാ മതങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്. മതങ്ങൾക്കുപരിയായ പരസ്പര സാഹോദര്യവും കരുതലും ബഹുമാനവും ഒരു സമൂഹത്തിലെ പൗരന്മാർക്കിടയിൽ അന്യമാകുന്നുണ്ടെങ്കിൽ, ഒഴിവാക്കലിന്റെ സമീപനങ്ങൾ നമുക്കിടയിൽ പ്രകടമാകുന്നുണ്ടെങ്കിൽ ഗൗരവമായ തിരുത്തൽ നടപടികൾക്ക് നാം വിധേയരാക്കപ്പെടേണ്ടതുണ്ട്. ഇതര മതസ്ഥരെ ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുന്ന എല്ലാത്തരം സമീപനങ്ങൾക്കുമെതിരായ ശക്തമായ നിലപാടുകൾ മാധ്യമങ്ങളും ഭരണ നേതൃത്വങ്ങളും പൊതുസമൂഹവും സ്വീകരിച്ചേ മതിയാകൂ.
(അവസാനിച്ചു)