തടയാവുന്നതാണ് ആത്മഹത്യകൾ
ഡോ. റോയ് ഏബ്രഹാം കള്ളിവയലിൽ
Tuesday, September 10, 2024 12:26 AM IST
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
ലോകത്ത് പ്രതിവർഷം ഏഴു ലക്ഷത്തിലധികം ആളുകൾ ആത്മഹത്യയിലൂടെ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 70,000 ഇന്ത്യക്കാരും ഉൾപ്പെടുന്നു. കേരളം ആത്മഹത്യാനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ്. ആത്മഹത്യകൾ കുടുംബങ്ങളിലും സമൂഹങ്ങളിലും വൈകാരികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
“ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാനം മാറ്റുക’’ എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ പ്രമേയം. ഈ വർഷത്തെ പ്രത്യേക ശ്രദ്ധ “സംഭാഷണം ആരംഭിക്കുക’’ എന്നതായിരിക്കും. ആത്മഹത്യകൾ, ആത്മഹത്യാശ്രമങ്ങൾ, ആത്മഹത്യാ ചിന്തകൾ എന്നിവയെക്കുറിച്ച് ആളുകൾ തുറന്നു പറയാൻ ഇഷ്ടപ്പെടാറില്ല. ഇത് നിശബ്ദതയിൽ കഷ്ടപ്പെടാൻ ഇടയാക്കും.
നമുക്കു വേണ്ടത് ആത്മഹത്യകളെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ വളർത്തിയെടുക്കുക എന്നതാണ്. ഇത് സഹായത്തിനും ധാരണയിലേക്കും നയിക്കും, തടസങ്ങൾ തകർത്ത് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യും. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, വൈകാരിക പ്രശ്നങ്ങൾ, വിഷാദം അല്ലെങ്കിൽ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ചികിത്സ ഉൾപ്പെടെ മികച്ച പരിഹാരങ്ങൾ കണ്ടെത്താനാകും.
പത്രങ്ങൾ മിക്കവാറും എല്ലാ ദിവസവും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പ്, ഹരിപ്പാട് നാലാം ക്ലാസ് വിദ്യാർഥിയായ ഒമ്പതുകാരൻ തന്റെ പ്രിയപ്പെട്ട കാർട്ടൂൺ ചാനൽ റീചാർജ് ചെയ്യാത്തതിനാൽ ആത്മഹത്യ ചെയ്തു. ദിവസങ്ങൾക്കു മുമ്പ് വയനാട്ടിൽ സാംസ്കാരിക പ്രവർത്തകനായ നാടകകൃത്ത് ആത്മഹത്യ ചെയ്തപ്പോൾ, തിരുവനന്തപുരത്ത് ഒരാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഇത്തരം റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതും പ്രശ്നത്തിന്റെ ഗൗരവം കാണിക്കുന്നതുമാണ്.
മുന്നറിയിപ്പ്
മരിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ചുള്ള നേരിട്ടുള്ള പ്രസ്താവനയാണ് ഏറ്റവും ഗുരുതരമായ മുന്നറിയിപ്പ്. അത് ഒരിക്കലും അവഗണിക്കാൻ പാടില്ല. പ്രകടമായ നിരാശ, സാമൂഹികമായ ഒറ്റപ്പെടൽ, മുൻകാല ആത്മഹത്യാശ്രമങ്ങൾ, വിഷാദം, മദ്യം, മയക്കുമരുന്ന് ദുരുപയോഗം എന്നിവ ആത്മഹത്യക്കുള്ള ഉയർന്ന അപകടസാധ്യതയെ സൂചിപ്പിക്കുന്നു. അപകടസാധ്യത വിലയിരുത്തുകയും അടിയന്തര സഹായം നൽകുകയും വേണം.
യുവാക്കൾക്ക് പ്രത്യേക ശ്രദ്ധ വേണം
കൗമാരക്കാരുടെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമാണ് ആത്മഹത്യ. ആത്മഹത്യകളിൽ 15 ശതമാനം സംഭവിക്കുന്നത് 10-25 വയസിനിടയിലുള്ളവരിലാണ്. യുവാക്കൾക്കിടയിലെ ആത്മഹത്യാനിരക്ക് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അഡ്ജസ്റ്റ്മെന്റ് ഡിസോർഡേഴ്സ്, ഡിപ്രഷൻ, വ്യക്തിത്വ പ്രശ്നങ്ങൾ, മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം, പെട്ടെന്നുള്ള പ്രവൃത്തികൾ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ.
ഈ സാഹചര്യത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലും അത് കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ധരുടെ അപര്യാപ്തത മൂലവും ഈ പ്രശ്നത്തിന് പ്രത്യേക വെല്ലുവിളികളുണ്ട്. പ്രാഥമിക പ്രതിരോധം നമ്മുടെ സ്കൂളുകളിലും കോളജുകളിലും ആരംഭിക്കണം. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ-കോളജ് മാനേജർമാർ, സർക്കാർ എന്നിവരിൽ ആത്മഹത്യ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കണം. എല്ലാ ആളുകൾക്കും ബാധകമായതിനാൽ ഇതിനെ സാർവത്രിക പ്രതിരോധം എന്നു വിളിക്കുന്നു.
എന്താണ് പരിഹാരം?
ആത്മഹത്യ തടയുന്നതിനുള്ള പ്രധാന സംരംഭത്തെ ‘ലൈഫ് സ്കിൽസ് അപ്രോച്ച്’ എന്നാണ് വിളിക്കുന്നത്. വിദ്യാർഥികളെ ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക എന്നതാണ് പ്രധാന ഘടകം. ദേശീയ വിദ്യാഭ്യാസ നയം 2020 ഇത് ശിപാർശ ചെയ്യുന്നു. എന്താണ് ജീവിത നൈപുണ്യങ്ങൾ? ദൈനംദിന പ്രശ്നങ്ങൾ, വെല്ലുവിളികൾ, സമ്മർദം എന്നിവ നേരിടാൻ അനിവാര്യമായ കഴിവുകളാണിവ. ഉദാ: വിമർശനാത്മക ചിന്ത, ഭാവാത്മക ചിന്ത, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം, വ്യക്തിബന്ധങ്ങൾ, ഫലപ്രദമായ ആശയവിനിമയം, വികാരങ്ങളെ നേരിടൽ, സമ്മർദത്തെ നേരിടൽ, സ്വയം അവബോധം, സഹാനുഭൂതി.
ആത്മഹത്യ തടയൽ
ജീവസംരക്ഷണത്തിന് അടിയന്തര മുൻഗണന നൽകണം. മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, കീടനാശിനികളുടെ വില്പന നിയന്ത്രിക്കുക, ഉത്തരവാദിത്വമുള്ള മാധ്യമ റിപ്പോർട്ടിംഗ്, വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികൾ, ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് പ്രത്യേക ശ്രദ്ധ നൽകുക, ജീവിതനൈപുണ്യങ്ങൾ പഠിപ്പിക്കുക, പ്രതിസന്ധി കേന്ദ്രങ്ങൾ, ടെലിഫോൺ ഹെൽപ്പ് ലൈനുകൾ എന്നിവ പ്രധാനപ്പെട്ടതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒരു സുപ്രധാന നയമായി ആത്മഹത്യ തടയൽ ഉൾപ്പെടുത്തണം. എല്ലാ താലൂക്കുകളിലും എല്ലാ ജില്ലയിലും മാനസികാരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുക. പ്രധാനപ്പെട്ടതും അടിയന്തരവുമായ സന്ദേശം ഇതാണ്: ആത്മഹത്യകൾ തടയാവുന്നതാണ്. അത് ചെയ്യണം.
(തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പാലാ മാർ സ്ലീവ മെഡിസിറ്റി സൈക്യാട്രി
വിഭാഗത്തിലും പ്രഫസറായ ലേഖകൻ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത്, ലണ്ടൻ വൈസ് പ്രസിഡന്റുമാണ്)