പക്ഷേ, സ്വാതന്ത്ര്യം കിട്ടി അറുപത്തേഴു വർഷം കഴിഞ്ഞപ്പോൾ ഇന്ത്യ ഹിന്ദുത്വരാഷ്ട്രീയത്തിന് അടിയറവു പറഞ്ഞത് എങ്ങനെ എന്ന ചോദ്യം സുപ്രധാനമാണ്. പൊതുവേ മതേതരമനസ്കരായ ഹൈന്ദവർ എങ്ങനെയാണ് കഴിഞ്ഞ പത്തു വർഷങ്ങളായി ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നത്?
ഭൂരിപക്ഷ വർഗീയത വളർത്തുന്ന ഹിന്ദുത്വബോധം ഒരു രാഷ്ട്രീയശക്തിയായി വളർന്നത് തൊണ്ണൂറുകളിലാണ് എന്ന യാഥാർഥ്യം പഠിച്ചാൽ ആ വളർച്ചയ്ക്കു പിന്നിൽ മതേതര പാർട്ടിയായി എന്നും ഗണിക്കപ്പെട്ടിരുന്ന കോൺഗ്രസിന്റെ ഇരുളടഞ്ഞ ഒരു മതപ്രീണന ചരിത്രമുണ്ട് എന്നു തിരിച്ചറിയാനാകും. മുസ്ലിം രാഷ്ട്രീയ സമ്മർദത്തിന്റെയും ഹിന്ദു രാഷ്ട്രീയ സമ്മർദത്തിന്റെയും കീഴിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറിമാറി നടത്തിയ മതരാഷ്ട്രീയ ട്രപ്പീസുകളികളാണ് ഇന്ത്യയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചിട്ടുള്ളത് എന്നത് ചരിത്രം സൂക്ഷ്മമായി പഠിക്കുന്നവർക്ക് മനസിലാകും.
മുസ്ലിം പുരുഷന്മാരെയും തീവ്രപ്രസ്ഥാനങ്ങളെയും പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഷബാനു ബീഗം കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ 1986ൽ പാർലമെന്റിൽ നിയമനിർമാണം നടത്തിയ രാജീവ് ഗാന്ധിയാണ് നിലവിലെ രാഷ്ട്രീയാവസ്ഥകളുടെയെല്ലാം യഥാർഥ കാരണഭൂതൻ. അതു മുതലിങ്ങോട്ട് കോൺഗ്രസിന് വിവിധങ്ങളായ ട്രപ്പീസുകളികൾ നടത്തേണ്ടിവന്നു. 1992ൽ ബാബറി മസ്ജിദ് തകർക്കാനിടയായ രഥയാത്ര തടയാൻ നരസിംഹറാവു തയാറാകാതിരുന്നത് ഹിന്ദുത്വശക്തികളോട് പുലർത്തിയ മൃദുസമീപനം കൊണ്ടായിരുന്നു. അതിന്റെ ക്ഷീണം തീർക്കാൻ നടത്തിയ ട്രപ്പീസു ചാട്ടത്തിന്റെ പേരാണ് വഖഫ് ആക്ട് 1995.
ബാബറി മസ്ജിദിനു പകരം വഖഫ് ആക്ട് 19951996 മേയ് 16ന് നരസിംഹറാവു പ്രധാനമന്ത്രിക്കസേരയിൽനിന്ന് ഇറങ്ങിപ്പോകുന്നതിന് വെറും അഞ്ചു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1995 നവംബർ 22ന്, വഖഫ് ആക്ട് നിയമനിർമാണം നടത്തി വഖഫ് ബോർഡിന് അമിതാധികാരങ്ങൾ സമ്മാനിച്ചു.
ഏതെങ്കിലും ഒരു പൊതുസ്ഥലമോ പൊതുവസ്തുവോ ഉപയോഗിക്കുന്നയാൾ അതു വഖഫായി നേർന്നാൽ അതുപോലും വഖഫ് പ്രോപ്പർട്ടിയായി പരിഗണിക്കുന്ന നിർവചനം ആക്ടിലെ മൂന്നാം വകുപ്പിന്റെ r (l) ഉപവകുപ്പായി കാണാം! മതപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ട കെട്ടിടമോ സ്ഥലമോ പിടിച്ചെടുക്കാൻ ട്രിബ്യൂണലിനു ശിപാർശ നല്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്ന 39 (3) വകുപ്പിന്റെ പ്രയോഗമാണ് അലാഹാബാദ് ഹൈക്കോടതി സമുച്ചയത്തിലെ മോസ്ക് പൊളിക്കുന്ന വിഷയത്തിൽ വഖഫ് ബോർഡ് നടത്തിയത്.
താമസത്തിനായി വാടകയ്ക്കെടുത്തിരുന്ന സ്ഥലത്ത് തങ്ങൾ 1950 മുതൽ നിസ്കരിച്ചിരുന്നു എന്നായിരുന്നു അവരുടെ വാദം. കപിൽ സിബലിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലും വാദം ഉഷാറായി നടന്നെങ്കിലും മൂന്നു മാസത്തിനകം ഹൈക്കോടതി സമുച്ചയത്തിൽനിന്ന് അതു പൊളിച്ചുനീക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചു.
ഒരു വസ്തു വഖഫ് പ്രോപ്പർട്ടിയാണോ എന്നു നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരിക്കുന്ന 40-ാം അനുച്ഛേദം തികച്ചും ഏകപക്ഷീയമാണ്. ആരെങ്കിലും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു വിശ്വസിക്കാൻ വഖഫ് ബോർഡിന് എന്തെങ്കിലും കാരണമുണ്ടെങ്കിൽ, നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് ആ വസ്തു സ്വന്തമാക്കി അന്തിമകല്പനയിറക്കാൻ ബോർഡിന് അധികാരം നല്കുന്ന കരിനിയമമാണ് അത്. വഖഫ് വസ്തുവകകൾ സംരക്ഷിക്കുക എന്ന താത്പര്യം പ്രകടമായുള്ള ഒരു വഖഫ് ട്രിബ്യൂണലിനു വരെ ആരംഭം കുറിച്ചതും ഈ ആക്ടാണ്. ഈ മതേതര രാജ്യത്ത് നിക്ഷിപ്ത മതതാത്പര്യമുള്ള ഒരു ട്രിബ്യൂണലിനു മുമ്പാകെ തങ്ങളുടെ വാദങ്ങളുമായി ചെല്ലേണ്ടി വരുന്ന ഒരു ഇന്ത്യൻ പൗരന്റേത് എന്തൊരു ഗതികെട്ട അവസ്ഥയാണ്!
നിലവിലുള്ള 1995ലെ വഖഫ് നിയമപ്രകാരം കെപിസിസി ആസ്ഥാനമോ, എകെജി സെന്ററോ, എന്തിനു പറയുന്നു തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റോ, അനന്തപത്മനാഭസ്വാമി ക്ഷേത്രമോ പാളയം പള്ളിയോ എന്തെങ്കിലും ഒരു സംശയംകൊണ്ട് ഏതെങ്കിലുമൊരു മുസ്ലിം മതഭ്രാന്തന് വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അതോടെ ഇതെല്ലാം വഖഫ് ബോര്‍ഡിന്റെ വസ്തുവഹകളായി മാറുന്ന വകുപ്പുകളാണ് നിലവിലെ നിയമത്തിലുള്ളത്.
മാത്രമല്ല, ഇപ്രകാരം പ്രഖ്യാപിച്ചാല്‍ അതിനെതിരേ കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും രൂപതയ്ക്കും വഖഫ് നിയമത്തിലെ 85-ാം വകുപ്പ് പ്രകാരം ഒരു മുന്‍സിഫ് കോടതിയെപ്പോലും സമീപിക്കാനുമാകില്ല.
കോടതിക്കു പകരം വഖഫ് നിയമത്തിലെ 83-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട വഖഫ് ട്രിബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. വഖഫ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് എതിരേ അപ്പീലുകള്‍ നിലനില്‍ക്കില്ല. ഹൈക്കോടതിക്കുപോലും ട്രിബ്യൂണലിന്റെ വിധിക്കെതിരേ പരിമിതമായ അധികാരങ്ങളാണുള്ളത്.
വഖഫ് ആക്ട് 1995 ക്രൂരതരമാക്കിയ 2013 ഭേദഗതിവഖഫ് ആക്ടിന് പില്ക്കാലത്തുണ്ടായ ഭേദഗതിയും വിചിത്രമാണ്. 1995ലെ നിയമനിർമാണത്തിനു സമാനമായ രീതിയിൽ, 2014 മേയ് 26ന് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിക്കസേരയിൽനിന്ന് ഇറങ്ങിപ്പോകുന്നതിന് വെറും എട്ടു മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2013 സെപ്റ്റംബർ 20ന്, വഖഫ് ആക്ട് നിയമഭേദഗതി നടത്തി വഖഫ് ബോർഡിന് കൂടുതൽ അമിതാധികാരങ്ങൾ അനുവദിച്ചു. എന്നു മാത്രമല്ല, ആ ഭേദഗതികൾക്കനുസരിച്ച്, 2014ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡൽഹിയിലെ ലുട്ടിയെൻസ് ഡൽഹി എന്നറിയപ്പെടുന്ന സമ്പൽസമൃദ്ധമായ പ്രദേശത്ത് 123 വിവിഐപി ലാൻഡുകൾ വഖഫ് ബോർഡിന് വിട്ടുകൊടുക്കുകയും ചെയ്തു.
2013ലെ ഭേദഗതിയിലാകട്ടെ, ഭൂമി കൈയേറ്റക്കാർ എന്ന് വഖഫ് ബോർഡ് ചൂണ്ടിക്കാണിക്കുന്നവർക്കെതിരേ ക്രിമിനൽ പ്രോസിക്യൂഷനും ഒഴിപ്പിക്കൽ നടപടികൾക്കുമുള്ള സാധ്യതയും കോൺഗ്രസ് സർക്കാർ എഴുതിച്ചേർത്തിട്ടുണ്ട്.
എത്ര സുന്ദരമായ മതേതരത്വം!