നിൽക്കക്കള്ളിയില്ലാതായപ്പോൾ സംഘർഷംനിൽക്കക്കള്ളിയില്ലാതായ ബിരേനും കൂട്ടാളികളും മൈരാപൈബിസ് എന്ന വനിതാ കൂട്ടായ്മയെ ചേർത്തുപിടിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി. സ്കൂൾ കുട്ടികളെ വിനിയോഗിച്ചു രാജ്ഭവൻ മാർച്ച് നടത്തി. ബിരേനെ പിരിച്ചുവിടാതെ പിടിച്ചുനിർത്താനുള്ള ഉദ്വേഗജനകമായ നീക്കങ്ങളാണ് ഈ മാസം അഞ്ചു മുതൽ അരങ്ങേറിയത്. മാത്രമല്ല, കഴിഞ്ഞ ഡിസംബർ മുതൽ അരങ്ങേറിയ ഡ്രോൺ ആക്രമണങ്ങൾ പുതിയതൊന്നുമല്ല. മെയ്തെയ്കളും കുക്കികളും ആവോളം ഇത് ഉപയോഗിച്ചിട്ടുണ്ട്. കുക്കികളാണ് ബിഷ്ണുപുരിലെ മുൻ മുഖ്യമന്ത്രി കൊയ്റാംഗിന്റെ വസതിയിലേക്ക് ഡ്രോണിലൂടെ ബോംബിട്ടതെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണോ പൂജാരിയുടെ മരണമെന്ന് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ, സ്വയം നിർമിച്ച തോക്കുകൾ ഉപയോഗിച്ച തങ്ങൾക്ക് ഡ്രോൺ ബോംബ് സ്ഫോടനം വലിയ സംഭവമല്ലെന്ന് കുക്കികൾ വിശദമാക്കുന്നു.
അന്തിച്ചർച്ചാവേദികളിൽ, ഇസ്രയേലിൽനിന്നും അമേരിക്കയിൽനിന്നുമൊക്കെ മണിപ്പുരിലേക്ക് ആയുധമൊഴുകുന്നുവെന്ന് യാതൊരു ആധികാരിക തെളിവുകളുമില്ലാതെ ‘ചർച്ചാപണ്ഡിതർ’ തട്ടിവിടുന്നുണ്ട്. മാത്രമല്ല മെയ്തെയ്കളാണ് കുക്കി ഗ്രാമങ്ങളിലേക്കു കടന്നുകയറി നാല് കുക്കി ഗ്രാമ സന്നദ്ധസൈനികരെ കൊന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഇംഫാലിനും കാംഗ്പോക്പിക്കുമിടയിലുള്ള അതിരുകളിൽ കൊല്ലപ്പെട്ട മുൻ പട്ടാളക്കാരനായ കുക്കിയും അബദ്ധത്തിൽ മെയ്തെയ് മേഖലയിൽ വന്നുപെട്ടതാണെന്നു സന്ദേഹിക്കുന്നു.
ഏറെ നഷ്ടമുണ്ടായത് കുക്കികൾക്കാണെങ്കിലും ഭീതി ആളിക്കത്തിച്ച് അവരുടെ സംരക്ഷണം അപകടത്തിലാണെന്നും ആഭ്യന്തര-സംസ്ഥാന ഗവൺമെന്റുകളുടെ കീഴിലുള്ള പട്ടാള-പോലീസ് കമാൻഡ് നേതൃത്വം മുഖ്യമന്ത്രിയുടെ കീഴിലാക്കിയാൽ മാത്രമേ മെയ്തെയ്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവൂ എന്നുമുള്ള സിദ്ധാന്തമാണ് ബിരേനും സംഘവും ഗവർണറുടെ മുന്നിൽ വച്ചത്. ഛത്തീസ്ഗഡിൽനിന്നുള്ള അനസൂയ ഉയിക്കിയെ മാറ്റി ലക്ഷ്മൺ പ്രസാദിനെ മണിപ്പുരിൽ നിയമിച്ചത് ബിരേന്റെ സ്വാഭിലാഷങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനല്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ബിരേനെയും സംഘത്തെയും ഭയപ്പെടുത്തുന്നുണ്ടാവണം. അനസൂയയെ വളച്ച് എളുപ്പത്തിൽ കാര്യങ്ങൾ നിർവഹിച്ചിരുന്ന ബിരേന് ലക്ഷ്മൺ പ്രസാദയുടെ വരവ് ദഹിച്ചിട്ടുണ്ടാവില്ല.
പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽയൂണിയൻ ടെറിട്ടറിയാവണം എന്ന കുക്കികളുടെ ആവശ്യവും മണിപ്പുരിനെ ഒറ്റക്കെട്ടായി നിറുത്തണമെന്ന മെയ്തെയ്കളുടെ ആവശ്യവും, ഒരുപോലെ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിനാവില്ല. ശാന്തമായിരുന്ന മണിപ്പുരിനെ കലാപത്തിലേക്കു തള്ളിവിട്ട ബിരേനെ മാറ്റാതെ കലാപം അവസാനിപ്പിക്കാനാവില്ല എന്ന് എല്ലാവർക്കുമറിയാമെങ്കിലും എന്ന്, എങ്ങനെ, എപ്പോൾ എന്ന വിചിന്തനത്തിലാണ് കേന്ദ്ര സർക്കാർ. യുക്രെയ്നിലും റഷ്യയിലും ഗാസയിലും സമാധാനശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന മോദി, മണിപ്പുർ സംഘർഷത്തോട് സഹതപിക്കുന്നില്ലെന്നും പ്രധാനമന്ത്രി നിഷ്ക്രിയനാണെന്നും കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിക്കുന്നു.
സ്വയം വെളിപ്പെടുത്തലിലൂടെ മണിപ്പുർ കലാപത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയായ ബിരേനാണെന്നു നിഷ്പക്ഷമതികൾക്കുവരെ വ്യക്തമായപ്പോൾ പരാജിതനായ ഇദ്ദേഹത്തിന്റെ കൈയിൽ ഇനിയും അധികാരം നിലനിർത്തുന്നതിന്റെ അർഥശൂന്യതയെപ്പറ്റി നിരീക്ഷകർ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. മണിപ്പുരിന്റെയും ഇന്ത്യയുടെയും അഖണ്ഡതയ്ക്കും സ്വസ്ഥതയ്ക്കും ബിരേൻ എന്ന മുഖ്യമന്ത്രിയെ മാറ്റി ഗവർണർഭരണം വരണമെന്നതാണ് ആവശ്യം. ഈ രാഷ്ട്രീയതീരുമാനം അമിത് ഷായും നരേന്ദ്ര മോദിയും എന്ന് എടുക്കുന്നുവോ അപ്പോൾ മാത്രമേ ഭരണഘടനയെ വിലമതിക്കുന്നുവെന്നു വ്യക്തമാവൂ. ആ ദിവസത്തിനായി മണിപ്പുർ മാത്രമല്ല, ഇന്ത്യ മുഴുവൻ കാത്തിരിക്കുന്നു.