ഹൈദാബാദിലെ ഓൾ സെയിന്റ്സ് ഹൈസ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. പിന്നീട് 1969ലെ തെലുങ്കാന പ്രക്ഷോഭത്തിനിടെ ഡൽഹിയിലെത്തി. തുടർന്ന് ഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന യെച്ചൂരി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയശേഷം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സാന്പത്തിക ശാസ്ത്രത്തിൽ ബിഎ ഓണേഴ്സ് ഒന്നാം റാങ്കും ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് സാന്പത്തിക ശാസ്ത്രത്തിൽ എംഎയും സ്വന്തമാക്കി. ജെഎൻയുവിൽ സാന്പത്തികശാസ്ത്രത്തിൽ പിഎച്ച്ഡിക്കു ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു.
തിളക്കമാർന്ന ജീവിതയാത്ര 1970കളിൽ ജെഎൻയു വിദ്യാർഥി യൂണിയന്റെ പ്രസിഡന്റായിരുന്നു യെച്ചൂരി. പ്രകാശ് കാരാട്ടിനൊപ്പം ജെഎൻയുവിനെ ഇടതുപക്ഷ കോട്ടയാക്കി മാറ്റിയതിന് ഉത്തരവാദി അദ്ദേഹമാണ്.
1974ൽ എസ്എഫ്ഐയിൽ ചേർന്ന യെച്ചൂരി സിപിഎമ്മിൽ അംഗമായി. എസ്. രാമചന്ദ്രൻപിള്ള, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരെ സിപിഎം കേന്ദ്ര ഓഫീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ നിർദേശിച്ചത് സാക്ഷാൽ ഇഎംഎസ് നന്പൂതിരിപ്പാടായിരുന്നു. അദ്ദേഹത്തിനു തെറ്റിയില്ല. സിപിഎമ്മിൽ അംഗമായി പത്തു വർഷം കഴിഞ്ഞപ്പോൾ 1984ൽ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ യെച്ചൂരിയുടെ മികവ് കൂടുതൽ പ്രകടമായി.
1992ൽ പോളിറ്റ്ബ്യൂറോ അംഗമായി. 2015 ഏപ്രിൽ 19 മുതൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരി. പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടി തകർച്ച നേരിടുകയും ലോക്സഭയിൽ നിഷ്പ്രഭമാകുകയും ചെയ്ത പ്രതിസന്ധിഘട്ടത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. കേരളത്തിലും വിഭാഗീയത കൊടികുത്തി വാണിരുന്ന കാലം. സ്വതന്ത്ര കന്പോള വിജയത്തിന്റെ കാലത്ത് ക്ഷയിച്ചുപോകുന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യം ഭാരിച്ചതായിരുന്നു.
രാജ്യസഭാംഗമെന്ന നിലയിലുള്ള യെച്ചൂരിയുടെ രണ്ടാം ടേം 2017ൽ അവസാനിപ്പിച്ചതിൽ പാർട്ടിയിലെ സമവാക്യങ്ങളും കാരണമായെന്ന് പലരും കരുതുന്നു. പാർലമെന്റിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും കരുത്തനായ നേതാവിന് പാർട്ടി ചട്ടം നോക്കാതെ മൂന്നാമതൊരു ടേം കൂടി നൽകണമെന്ന നിരവധി പ്രമുഖരുടെ അഭ്യർഥനകൾ പാർട്ടിനേതൃത്വം തള്ളിയതിൽ നിരാശനായിരുന്നെങ്കിലും ഒരിക്കലും പാർട്ടി ലൈൻ വിട്ടു സംസാരിച്ചില്ല.
ആണവകരാറിലെ വ്യത്യസ്തൻ വലതുപക്ഷത്തെ അധികാരത്തിൽനിന്ന് അകറ്റിനിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു 1996ലെ ഐക്യമുന്നണി സർക്കാർ രൂപവത്കരണം. യെച്ചൂരിയും പി. ചിദംബരവും ചേർന്നാണ് അന്നത്തെ ഐക്യമുന്നണി സർക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ കരട് തയാറാക്കിയത്.
2014ൽ കോണ്ഗ്രസ് നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരിന് സിപിഎം പിന്തുണ നൽകുന്നതിലും യെച്ചൂരി നിർണായക പങ്ക് വഹിച്ചു. അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരിൽ ഡോ. മൻമോഹൻ സിംഗിന്റെ ആദ്യസർക്കാരിന് സിപിഎം പുറത്തുനിന്നു നൽകിയിരുന്ന പിന്തുണ പിൻവലിക്കാനുള്ള പ്രകാശ് കാരാട്ട് അടക്കമുള്ള നേതൃത്വത്തിന്റെ കർശന തീരുമാനത്തോട് പാർട്ടിക്കുള്ളിൽ വിയോജിക്കുകയും ചെയ്തു.
എങ്കിലും പാർലമെന്റിൽ സിപിഎമ്മിന്റെ നയത്തിനനുസരിച്ച് ഉജ്വല പ്രസംഗമാണ് അദ്ദേഹം നടത്തിയത്. സ്വതന്ത്ര വിദേശനയം എന്ന ആശയത്തെ ലംഘിക്കുന്നതാണ് ഇന്ത്യ-യുഎസ് ആണവ കരാറിന്റെ വ്യവസ്ഥകളെന്ന് അദ്ദേഹം വാദിച്ചു. യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നടപടിയിൽ തനിക്ക് അതൃപ്തിയും നിസഹായതയും തോന്നിയെന്ന് അദ്ദേഹം സുഹൃത്തുക്കളോടു തുറന്നുപറഞ്ഞു.
ഏറ്റവും സ്വീകാര്യനായ കമ്യൂണിസ്റ്റ്നമ്മൾ ജനിച്ച ഇന്ത്യയെന്ന രാജ്യം അതേ ഇന്ത്യയായി നിലനിൽക്കുമെന്ന് ഉറപ്പാക്കണമെന്നതാണു പ്രധാനമെന്ന് യെച്ചൂരി ആവർത്തിച്ചിരുന്നു. ഇതിനായി ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം അനിവാര്യമാണെന്ന് ഏറ്റവുമൊടുവിൽ “ഇന്ത്യ’’ സഖ്യത്തിന്റെ രൂപീകരണകാലത്ത് യെച്ചൂരി പറഞ്ഞു. ഭരണഘടനയിലും ഭരണഘടനാസ്ഥാപനങ്ങളിലും ജനാധിപത്യത്തിലും സർക്കാരിന്റെ എല്ലാ മേഖലകളിലും ആർഎസ്എസിന്റെ കടന്നുകയറ്റം രാജ്യത്തിന്റെ നിലനിൽപ്പിനും സമാധാനത്തിനും ഭീഷണിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ബിജെപിക്കെതിരേ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനായി മുന്നിൽ നിന്ന ഏറ്റവും ശക്തനായ കമ്യൂണിസ്റ്റായിരുന്നു യെച്ചൂരി. 1996ൽ കേന്ദ്രത്തിലെ ഐക്യമുന്നണി സർക്കാരിന്റെയും, 2004ലെ യുപിഎ സർക്കാരിന്റെയും ഏറ്റവുമൊടുവിൽ പ്രതിപക്ഷ പാർട്ടികളുടെ"ഇന്ത്യ' സഖ്യത്തിന്റെയും പ്രധാന പ്രേരകശക്തിയായിരുന്നു സീതാറാം യെച്ചൂരി. സോണിയ ഗാന്ധിയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച യെച്ചൂരിക്ക് രാഹുൽ ഗാന്ധിയുമായി സ്നേഹബന്ധം സ്ഥാപിക്കാനും പ്രയാസമുണ്ടായില്ല. ബിജെപി ഇതര പാർട്ടികളിലെ എല്ലാ നേതാക്കൾക്കും യെച്ചൂരി വളരെയടുത്ത സുഹൃത്തായിരുന്നു. പ്രതിപക്ഷത്തെ അഭിപ്രായഭിന്നതകൾ പരിഹരിക്കുന്നതിലെ മുന്പനുമായി. യെച്ചൂരിയുടെ അഭിപ്രായങ്ങളെ ഭരണപക്ഷവും പ്രതിപക്ഷവും വിലമതിച്ചിരുന്നു.
സീതാറാം യെച്ചൂരിക്കു പകരക്കാരൻ ഉണ്ടാകില്ല. യെച്ചൂരിയെപ്പോലുള്ള നല്ല നേതാക്കൾ ഇന്ത്യക്ക് ആവശ്യമാണ്. ഒരുമിച്ചു യാത്ര ചെയ്യുകയും താമസിക്കുകയും ഡൽഹിയിലും കേരളത്തിലും യെച്ചൂരിയുമായി മണിക്കൂറുകളോളം സംസാരിച്ചിരിക്കുകയും ചെയ്ത ഓർമകളാണ് ഉള്ളിൽ തേങ്ങലുണ്ടാക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെ വളരെ വ്യക്തിബന്ധങ്ങളുണ്ടായിരുന്ന പ്രിയസുഹൃത്തായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും സ്വീകാര്യനായ കമ്യൂണിസ്റ്റ് നേതാവായ സീതാറാം യെച്ചൂരിക്കു പ്രണാമം.