തകർന്നടിഞ്ഞ മതിലുകൾ
ഭയംകനത്ത രാത്രികൾ
ചോരമണംപൊന്തുന്ന തെരുവുകൾ
പൊള്ളുന്ന നിശ്വാസങ്ങൾ
ചാരത്തിൽ കനൽ തിരയുന്ന കാറ്റ്
ഇരുട്ടിനെതിരെ പോരാടുന്ന മെഴുതിരിനാളങ്ങൾ!

അവർ കുരിശുവഹിക്കുന്നു
പള്ളിയിൽ അല്ല, വിശപ്പിലും നഷ്ടങ്ങളിലും..
എങ്കിലും എല്ലാത്തിനുമിടയിൽ ദൈവവിശ്വാസം അവർക്കിടയിലൂടെ നഗ്നപാദനായി നടക്കുന്നു.
ഭയത്തെ മറികടന്ന് നിശബ്ദത കർതൃപ്രാർഥന ചൊല്ലുന്നു!
വെടിയൊച്ചകൾക്കിടയിൽ വിശ്വാസത്തിന്‍റെ പ്രകീർത്തനങ്ങൾ ഉയരുന്നു!

വഴിയോരത്തു പങ്കിടുന്ന
ഉണക്കറൊട്ടിയിലും അപരിചിതർ നൽകുന്ന വെള്ളത്തിലും
ശരീരങ്ങൾ ആരാധനക്രമം അനുഷ്ഠിക്കുന്നു.
വേദനകളുടെ അൾത്താരകളിൽ കൂദാശകൾ പരികർമ്മം ചെയ്യപ്പെടുന്നു!

തോക്കുകൾക്കു നേരേ മേൽക്കൂരകളാണ് കഴുത്തു നീട്ടിയത്
സങ്കീർത്തനങ്ങൾ അപ്പോഴും മരിക്കാതെ മുഴങ്ങിക്കൊണ്ടേയിരുന്നു!

സുരക്ഷകൾ കൊണ്ടല്ല, വിശ്വസ്തതകൊണ്ടവർ വിശ്വാസത്തിനു മാറ്റുരയ്ക്കുന്നു!
അധികാരികളുടെ നിസംഗതയ്ക്കും ആൾക്കൂട്ടത്തിന്‍റെ കൊടുംക്രൂരതയ്ക്കുംമേൽ
വിശ്വാസം കൊടിപ്പടം ഉയർത്തുന്നു!

അവരിൽ സ്നേഹം മരിച്ചിട്ടില്ല !
നിരാശയുടെ ചുവന്നമണ്ണിൽ ഒരു വിത്തുപോലെ അതു പൊട്ടിമുളയ്ക്കുന്നു!
മഴയ്ക്കായി കാത്തിരിക്കുന്നു !

നൈജീരിയ ലോകമനസാക്ഷിയോടു ചോദിക്കുന്നു
വെളിച്ചം അകലെയോ?...

ചെഞ്ചേരി