പാലിക്കാം, ഒരു ഡിജിറ്റൽ അച്ചടക്കംമാതാപിതാക്കൾക്കും അധ്യാപകർക്കും വേണ്ടത് ഒരു ഡിജിറ്റൽ അച്ചടക്കമാണ്. സ്ക്രീനുകളുടെ അപകടങ്ങൾ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നതിന് അവർക്കു സാധിക്കണം. പൂർണമായ പ്രതിസന്ധി ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്. പകരം മാതാപിതാക്കൾ കുട്ടികളുമായി പതിവായി ആശയവിനിമയം നടത്തുകയും ഒരു ഡിജിറ്റൽ അച്ചടക്കം പാലിക്കുകയും വേണം. മാതാപിതാക്കൾ റോൾ മോഡലുകളാകാനും സുരക്ഷിതവും ഉൗഷ്മളവുമായ ഭവന അന്തരീക്ഷം നൽകാനും ശ്രദ്ധിക്കണം.
കാർട്ടൂണുകളുടെ സ്വഭാവം മാറുകയാണ്. പരസ്പരം ഷൂട്ട് ചെയ്യുന്ന ഗെയിമുകൾ വളർന്നു വരുന്ന കുട്ടിയുടെ മനോഭാവത്തെയാണ് ബാധിക്കുക. കുട്ടികൾ ടെക് ഫ്രണ്ട്ലി ആകുന്നതു നല്ലതുതന്നെ. എന്നാൽ അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ അവതാളത്തിലാക്കുംവിധം അടിമകളാകുന്നതു നന്നല്ല. കുട്ടികൾ നാളെയുടെ കരുത്താണ്. അവരുടെ ബാല്യകൗമാരങ്ങൾ ആരോഗ്യകരമാക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്, സമൂഹത്തിന്റെയും. മക്കളുടെ മാനസികവും വൈകാരികവും ആത്മീയവുമായ വളർച്ചയ്ക്ക് മാതാപിതാക്കൾ പ്രാധാന്യം നൽകണം. നമ്മുടെ കുരുന്നുകൾ ആരോഗ്യമുള്ളവരും സുരക്ഷിതരുമായിരിക്കട്ടെ.
സാങ്കേതിക അടിമത്വത്തിന്റെ അടയാളങ്ങൾസ്ക്രീൻ അഡിക്ഷൻ ഒറ്റനോട്ടത്തിൽ വലിയ ഒരു പ്രശ്നമായി തോന്നുന്നില്ലെങ്കിലും കൂടുതൽ സമയം സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾക്കു നിരവധി പ്രശ്നങ്ങളുണ്ടെന്നു കാണാം. ഇതിൽ ചിലവ പ്രത്യക്ഷത്തിൽത്തന്നെ പ്രകടമാകുന്പോൾ ചിലതാകട്ടെ ഒളിഞ്ഞിരിക്കും. താഴെ പറയുന്ന ലക്ഷണങ്ങൾ സ്ക്രീൻ അഡിക്ഷന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.
1. സ്ക്രീൻ ലഭിക്കാതെ വരുന്പോഴുള്ള അസ്വസ്ഥത, നിരാശ, വെപ്രാളം, പിരിമുറുക്കം.
2. ഭക്ഷണം കഴിക്കുന്പോൾ മറ്റുള്ളവരുമായി സംസാരിക്കാതെ മൊബൈൽ ഫോണിലോ മറ്റോ കളികളിൽ ഏർപ്പെടുന്ന അവസ്ഥ.
3. മൊബൈലുകളുടെയും മറ്റു സ്ക്രീനുകളുടെയും ഉപയോഗം സ്വയം അവസാനിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ.
4. സ്ക്രീൻ നിഷേധിക്കുന്പോൾ ഉണ്ടാകുന്ന വിരസത, ദേഷ്യം, വൈരാഗ്യബുദ്ധി എന്നിവ.
5. കൂട്ടുകാരോ വീട്ടുകാരോ ഒപ്പമുള്ളപ്പോഴും സ്ക്രീനുകൾക്കു മുന്നിൽ ഗെയിമിംഗിനായും കാർട്ടൂണുകൾക്കായും സമയം ചെലവഴിക്കുന്ന അവസ്ഥ.
6. മറ്റുള്ളവരോടുള്ള കരുതലില്ലായ്മയും വെറുപ്പും.
7. സ്ക്രീൻ നിഷേധിക്കുന്നവരെ തള്ളിയിടുകയും വസ്തുക്കൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന അവസ്ഥ.
8. അക്കാഡമിക് കാര്യങ്ങളിലും നേട്ടങ്ങളിലുമുള്ള താൽപര്യക്കുറവ്.
9. സ്ക്രീൻ നിഷേധിച്ചാൽ ഉണ്ടാകുന്ന കോപവും പ്രകോപനവും.
10. കണ്ണുകൾ വരളുന്ന അവസ്ഥയും തലവേദനയും ശരീര വേദനയും.
11. തന്റെ മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾക്ക് മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന അവസ്ഥ.
12. മണിക്കൂറുകളോളം ഫോണിൽ ചെലവഴിച്ച ശേഷവും തൃപ്തി വരാത്ത അവസ്ഥ.
വഷളാക്കുന്ന കുടുംബബന്ധം: ഡോ.ടി. സാഗർഅമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള കുടംബ ബന്ധം വഷളാക്കുമെന്നു പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ടി. സാഗർ പറയുന്നു. എന്തിനും ഏതിനും കുട്ടികൾക്കു മൊബൈൽ ഫോണ് കൊടുക്കുന്ന മാതാപിതാക്കൾ പിന്നീട് ഉൗരാക്കുടുക്കിൽ പെടുകയാണ്. ഇത് പിന്നീട് വലിയ വിപത്താകുമെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കില്ല. പിന്നീട് കുട്ടികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി സ്ക്രീൻ ഉപയോഗം മാറുന്നു. പഠനത്തിലുള്ള താത്പര്യക്കുറവാണ് ഇത്തരം കുട്ടികളിൽ ആദ്യം പ്രകടമാകുന്ന ലക്ഷണം.
സ്ക്രീനിനു പകരം ഒരു ബദൽ നൽകാൻ മാതാപിതാക്കൾക്കു പിന്നീട് സാധിക്കാതെ വരും. എന്നാൽ, കുട്ടികൾ വാശിപിടിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഇതോടെ നല്ല കുടുംബ അന്തരീക്ഷം തന്നെ ഇല്ലാതാകും. മൊബൈൽ ഉൾപ്പെടെയുള്ള സ്ക്രീനുകൾ കുട്ടികൾക്കു നൽകുന്നതിൽ നിന്നു മാതാപിതാക്കൾ പിന്തിരിയണം. ശീലമായാൽ പിന്നീട് ഇവരെ തിരികെ കൊണ്ടുവരിക ശ്രമകരമായ ഒരു പ്രവൃത്തിയാണ്.
സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ - 6 / റിച്ചാർഡ് ജോസഫ്