ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനൊരുങ്ങി ഇറാൻ. സുരക്ഷാ-സംരക്ഷണ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള തുക നൽകുന്ന കപ്പലുകൾക്ക് മാത്രമേ ഇനി മുതൽ കടലിടുക്കിലൂടെ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ അനുമതി നൽകൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് വേഗത്തിൽ പണം അടയ്ക്കുന്നവർക്ക് കടന്നുപോകുന്നതിൽ മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.
പണം നൽകാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീട്ടിവയ്ക്കാനാണ് ഇറാന്‍റെ തീരുമാനം. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന് ആരോപിച്ചാണ് ശനിയാഴ്ച മുതൽ കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയത്.