കൊളംബോ: ശ്രീലങ്കൻ തുറമുഖത്തടുക്കാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ശ്രീലങ്ക അറിയിച്ചു.
കഴിഞ്ഞ ദിവസം ഇറാന്റെ ഐറിസ് ഡേന എന്ന യുദ്ധക്കപ്പൽ യുഎസ് തകർത്തിരുന്നു. ഇതോടെയാണ് രണ്ടാമത്തെ യുദ്ധക്കപ്പൽ ലങ്കൻ തീരത്തേക്ക് അടുപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നത്.
കപ്പലിലുള്ള എല്ലാവരെയും രക്ഷിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രിയും സർക്കാർ വക്താവുമായ നളിന്ത ജയതിസ പറഞ്ഞു. ലങ്കൻ പാർലമെന്റിൽ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രശ്നം പരിഹരിക്കാൻ തങ്ങൾ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ഇറാന്റെ കപ്പൽ ലങ്കൻ സമുദ്രമേഖലയ്ക്കു പുറത്ത് അനുമതിക്കായി കാത്തുകിടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കപ്പൽ അടിയന്തരസഹായം അഭ്യർഥിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കപ്പലിൽ നൂറിലധികം നാവികരുണ്ട്. യുഎസ് ആക്രമണത്തിൽ തകർന്ന യുദ്ധക്കപ്പലിലെ 84 നാവികരുടെ മൃതദേഹം കണ്ടെടുത്തതായി ലങ്ക അറിയിച്ചു.
കപ്പലിൽനിന്നു രക്ഷപ്പെടുത്തിയ നാവികർ ഗാലെയിലെ കരാപിതിയ ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് അറിയുന്നത്. വിശാഖപട്ടണത്ത് നടന്ന മിലന് 2026 രാജ്യാന്തര നാവികാഭ്യാസത്തില്‍ പങ്കെടുത്തശേഷം ഇറാനിലേക്കു പോയ ഐറിസ് ഡേന എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
Tags : Iran requests warship Sri Lankan coast closer Middle East War