എൻവിഡിയ കന്പനിയിൽ തിരിച്ചെത്തിയ ജെൻസൺ ഹുവാംഗിനെ ജീവനക്കാർ വരവേൽക്കുന്നു.
സാന്റാ ക്ലാര (കലിഫോർണിയ): ചൈനീസ് ചാരവനിതയെന്നു സംശയിക്കുന്ന യുവതിയുമായുള്ള ബന്ധത്തെത്തുടർന്ന് രാജിവച്ച എൻവിഡിയ സിഇഒ ജെൻസൺ ഹുവാംഗ് കമ്പനിയിലേക്ക് തിരിച്ചെത്തുന്നതിനുമുന്പ് തന്റെ മറ്റു വിവാഹേതര ബന്ധങ്ങളെക്കുറിച്ചും ഡയറക്ടർ ബോർഡിനോട് തുറന്നുപറഞ്ഞതായി റിപ്പോർട്ട്.
മാധ്യമങ്ങളിൽ നേരത്തേ വാർത്തയായ മൂന്നു ബന്ധങ്ങൾക്കു പുറമെ മറ്റു ചില ബന്ധങ്ങൾകൂടി തനിക്കുണ്ടായിരുന്നതായി ഞായറാഴ്ച നടന്ന മാരത്തൺ ബോർഡ് യോഗത്തിൽ ഹുവാംഗ് സമ്മതിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ചു മണിക്കൂറുകളോളം നീണ്ടുനിന്ന യോഗത്തിൽ തന്റെ പെരുമാറ്റത്തിൽ ഹുവാംഗ് ഖേദം പ്രകടിപ്പിച്ചു. സത്യസന്ധതയുടെയും സുതാര്യതയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോർഡ് അംഗങ്ങൾ അദ്ദേഹത്തിനു കർശന നിർദേശം നൽകി. ഒടുവിൽ കമ്പനിയുടെ ഭാവിക്ക് ഹുവാംഗിനെ തിരിച്ചുകൊണ്ടുവരുന്നതാണ് ഏറ്റവും ഉചിതമെന്ന് ബോർഡ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
ഹുവാംഗിന്റെ രാജി സ്വീകരിച്ചതായും അദ്ദേഹത്തെ തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഏതാനും ദിവസങ്ങൾക്കുമുന്പ് എൻവിഡിയ ചെയർമാൻ ഹാർവി ജോൺസ് പരസ്യമായി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് ഹുവാംഗിനെ വീണ്ടും സിഇഒ ആയി നിയമിച്ചത്.
ആവേശോജ്വലമായ വരവേല്പ്
തിങ്കളാഴ്ച കലിഫോർണിയയിലെ ആസ്ഥാനത്തു തിരിച്ചെത്തിയ ഹുവാംഗിന് ജീവനക്കാർ ആവേശകരമായ സ്വീകരണമാണു നൽകിയത്. കൈടികളോടെയും “ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ജെൻസൺ”എന്ന ആർപ്പുവിളികളോടെയുമാണ് സഹപ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്.
നീല സിപ്-അപ് ജാക്കറ്റ് ധരിച്ചെത്തിയ അദ്ദേഹം, ഇതു തന്റെ ജോലിയിലെ ആദ്യ ദിവസമാണെന്നും കൈയിൽ കംപ്യൂട്ടർ പോലുമില്ലെന്നും തമാശരൂപേണ പറഞ്ഞു.
തുടർന്ന് ജീവനക്കാരെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്റെ പ്രവൃത്തികൾ മൂലം കമ്പനിക്കുണ്ടായ പ്രതിസന്ധിയിൽ ക്ഷമ ചോദിച്ചു. “നിങ്ങളെല്ലാവരെയും ഇത്തരമൊരു സാഹചര്യത്തിലൂടെ കടത്തിവിട്ടതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു. എന്റെ ഭാഗത്തുനിന്ന് വളരെ വലിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. രണ്ടാമതൊരു അവസരം നൽകിയതിന് എല്ലാവർക്കും നന്ദി. ഇത്തവണ ഞാൻ കൂടുതൽ മികച്ചൊരു സിഇഒ ആയിരിക്കും” - ഹുവാംഗ് പറഞ്ഞു.
Tags : Extramarital Affairs Director Board Jensen Huang Alice Huang Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash