വത്തിക്കാൻ സിറ്റി: എല്ലാവരും ഒരുമിച്ചു നിന്നാൽ സമാധാനം സാധ്യമാകുമെന്നാണെന്ന് തുർക്കിയിലേക്കും ലബനനിലേക്കും നടത്തിയ അപ്പസ്തോലിക യാത്രയിൽ മതനേതാക്കളുമായുള്ള തന്റെ കൂടിക്കാഴ്ച പഠിപ്പിക്കുന്നതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. തന്റെ സന്ദർശനം സാധ്യമാക്കുകയും അനുഗമിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതായും മാർപാപ്പ പറഞ്ഞു.
എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ഐക്യത്തിനായുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കുന്നതിനൊപ്പം ദൈവത്തിനു നന്ദി പറയാം. തുർക്കിയിലെ കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ട്. അവർ ക്ഷമിച്ചും ശ്രവിച്ചും പീഡിതർക്കു ശുശ്രൂഷ ചെയ്തും സ്നേഹത്തിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ലബനനെക്കുറിച്ചു പരാമർശിക്കവെ ആ രാജ്യം സഹവർത്തിത്തത്തിന്റെ ഒരു മൊസൈക്ക് ആയി തുടരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. ആ മാതൃകയ്ക്ക് നിരവധി ആളുകൾ സാക്ഷ്യം വഹിക്കുന്നതു കാണാനായി.
പലായനം ചെയ്യപ്പെട്ടവരെ സ്വാഗതം ചെയ്തുകൊണ്ടും തടവുകാരെ സന്ദർശിച്ചുകൊണ്ടും ആവശ്യമുള്ളവർക്ക് ഭക്ഷണം പങ്കിട്ടുകൊണ്ടും സുവിശേഷം പ്രഖ്യാപിക്കുന്ന ആളുകളെ കണ്ടുമുട്ടാനായി. ബെയ്റൂട്ട് തുറമുഖത്ത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച എന്നെ വളരെയധികം വികാരഭരിതനാക്കി. പ്രതിസന്ധികളേറെയുണ്ടെങ്കിലും ലബനീസ് ജനതയുടെ വിശ്വാസ തീക്ഷ്ണത ഏവർക്കും മാതൃകയാണെന്നും മാർപാപ്പ പറഞ്ഞു.
Tags : Lebanon