വത്തിക്കാൻസിറ്റി: 1700 വർഷം മുന്പ് ഏഷ്യാമൈനറിലെ നിഖ്യാ പട്ടണത്തിൽ ചേർന്ന ഒന്നാം എക്യുമെനിക്കൽ സൂനഹദോസിന്റെ ലക്ഷ്യം വിശ്വാസത്തിലെ ഐക്യമായിരുന്നുവെന്ന് ലെയോ 14-ാമൻ മാർപാപ്പ. ക്രൈസ്തവ വിശ്വാസത്തിലെ ചില പ്രമേയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും വിഭജനത്തിന്റെ ഭീഷണി ഉണ്ടാകുകയും ചെയ്തപ്പോഴാണ് കോൺസ്റ്റന്റൈൻ ചക്രവർത്തി സൂനഹദോസ് വിളിച്ചുചേർത്തത്.
സൂനഹദോസിൽവച്ച് ദീർഘമായ ചർച്ചകൾക്കുശേഷം വിശ്വാസപ്രമാണം ക്രോഡീകരിക്കപ്പെട്ടതായി മാർപാപ്പ ചൂണ്ടിക്കാട്ടി. നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദിയോടനുബന്ധിച്ച് ഈമാസം 27ന് തുർക്കിയിലേക്കു പോകുന്നതിന് മുന്നോടിയായി ഇന്നലെ പുറപ്പെടുവിച്ച ‘ഇൻ ഊണിതാത്തെ ഫിദെയി’(വിശ്വാസത്തിന്റെ ഐക്യത്തിൽ) എന്ന ശ്ലൈഹിക രേഖയിലാണ് മാർപാപ്പ ഇങ്ങനെ പ്രസ്താവിച്ചത്.
നിഖ്യായിൽ പ്രഖ്യാപിക്കപ്പെട്ട വിശ്വാസപ്രമാണം സഭ ഇന്നും ആഹ്ലാദപൂർവം ഏറ്റുചൊല്ലുന്നു. കൂട്ടായ്മയിൽ മുന്പോട്ടു നടക്കാൻ ഈ വിശ്വാസപ്രമാണം എല്ലാ ക്രൈസ്തവരെയും ആഹ്വാനം ചെയ്യുന്നു. അത് ക്രൈസ്തവരുടെ പൊതു പൈതൃകമാണ്. സൂനഹദോസിന്റെ 17-ാം ശതാബ്ദിവർഷത്തിൽ തന്നെ നമ്മുടെ പ്രത്യാശയായ മിശിഹായെപ്പറ്റി ധ്യാനിക്കുന്ന ജൂബിലിവർഷവും ആചരിക്കുന്നത് ദൈവപരിപാലനയുടെ ഭാഗമാണ്. പ്രശ്നകലുഷിതമായ ഇക്കാലഘട്ടത്തിൽ വിശ്വാസപ്രമാണം പ്രത്യാശ പകരുന്നുണ്ട്. നിഖ്യാ സൂനഹദോസിന്റെ കാലഘട്ടവും പ്രതിസന്ധികളുടേതായിരുന്നു. മതപീഡനങ്ങളുടെ ഭീഷണി ഒഴിഞ്ഞുപോയെങ്കിലും തർക്കങ്ങളും അവസാനിച്ചിരുന്നില്ല.
നിഖ്യാ സൂനഹദോസിന്റെ ചരിത്രം ഹ്രസ്വമായി വിവരിക്കുന്ന മാർപാപ്പ വിശ്വാസപ്രമാണം രൂപപ്പെട്ടുവന്നതെങ്ങനെ എന്നു വിശദമാക്കുന്നുണ്ട്. സൂനഹദോസിൽ പങ്കെടുത്ത 318 പിതാക്കന്മാരിൽ അഞ്ചുപേർ മാത്രമായിരുന്നു പാശ്ചാത്യർ എന്ന് അനുസ്മരിച്ച മാർപാപ്പ, ക്രൈസ്തവർ തങ്ങളുച്ചരിക്കുന്ന വിശ്വാസപ്രമാണത്തിന്റെ ചൈതന്യത്താൽ ജീവിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. ദൈവവിശ്വാസം ഏറ്റുപറയുന്നവരുടെ അനൈക്യവും കലഹവും യുദ്ധക്കൊതിയും വിവേചനങ്ങളുമൊക്കെ തെറ്റായ ദൈവസങ്കല്പമാണു മുന്നോട്ടുവയ്ക്കുന്നത്.
ഈശോമിശിഹാ കർത്താവും ദൈവവുമാണ് എന്ന വിശ്വാസമാണു നിഖ്യായുടെ കേന്ദ്രബിന്ദു. ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയവും ഈ വിശ്വാസമാണ്. അവിടത്തെ അനുഗമിക്കുകയാണ് ക്രൈസ്തവർ ചെയ്യേണ്ട കർമം. അവിടുന്നിലൂടെ ദൈവസ്നേഹം നമുക്കു വെളിപ്പെട്ടു. ദൈവം നമ്മെ സ്നേഹിക്കുന്നതിനാൽ നാമും പരസ്പരം സ്നേഹിക്കണം. നിഖ്യാ ലക്ഷ്യംവച്ച കൂട്ടായ്മയിലേക്കുള്ള വലിയ ഒരു ചുവടുവയ്പായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. ലോകത്തില് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളമായി സഭകൾ മാറണം. അതിനുള്ള പ്രചോദനമായി നിഖ്യാ സൂനഹദോസിന്റെ ഈ വാർഷികാനുസ്മരണം മാറട്ടെ എന്ന ആശംസയോടെയാണു മാർപാപ്പ തന്റെ ശ്ലൈഹിക പ്രബോധനം അവസാനിപ്പിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കണമെന്നു മാർപാപ്പ
വത്തിക്കാൻ സിറ്റി: നൈജീരിയയിലും കാമറൂണിലും അടുത്തിടെ വൈദികരെയും വിദ്യാർഥികളെയും ക്രൈസ്തവ വിശ്വാസികളെയും തട്ടിക്കൊണ്ടുപോയതിൽ ലെയോ പതിനാലാമൻ മാർപാപ്പ അതിയായ ദുഃഖം രേഖപ്പെടുത്തി. ഇവരുടെ മോചനം എത്രയും വേഗം സാധ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് ഹൈസ്കൂളിൽനിന്ന് തോക്കുധാരികൾ കഴിഞ്ഞ വെള്ളിയാഴ്ച 315 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ സംഭവവും കഴിഞ്ഞയാഴ്ചത്തന്നെ കാമറൂണിൽ ബാമെൻഡ അതിരൂപതാംഗങ്ങളായ ആറു വൈദികരെ ൻഡോപിൽ എന്ന സ്ഥലത്തുവച്ച് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ സംഭവവും പരാമർശിച്ചായിരുന്നു മാർപാപ്പയുടെ അഭ്യർഥന. പള്ളികളും സ്കൂളുകളും എപ്പോഴും എല്ലായിടത്തും സുരക്ഷിതത്വത്തിന്റെയും പ്രത്യാശയുടെയും സ്ഥലങ്ങളായി തുടരട്ടെ-മാർപാപ്പ പറഞ്ഞു.
വ്യാഴാഴ്ച ആരംഭിക്കുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയെയും മാർപാപ്പ പരാമർശിച്ചു. നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തിൽ പങ്കെടുക്കാനായി 27ന് തുർക്കിയിലേക്കു പോകുന്ന മാർപാപ്പ ലബനനും സന്ദർശിച്ചശേഷം ഡിസംബർ രണ്ടിനായിരിക്കും മടങ്ങുക.
Tags : Council of Nicaea