സുമിത്ര കുമാരൻ
പ്രായം വെറും അക്കമാണെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കാഞ്ചേരി സ്വദേശിനിയായ സുമിത്ര കുമാരൻ.70ാം വയസിൽ, ജീവിതത്തിൽ ആദ്യമായി പഞ്ചാരിമേളത്തിന്റെ കൊട്ട് കൈയ്യിലെടുത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ അമ്മ.
സാധാരണ എല്ലാവരും വിരമിക്കലിനു ശേഷം വിശ്രമിക്കാൻ തീരുമാനിക്കുമ്പോൾ, സുമിത്ര തന്റെ മനസ്സിൽ വർഷങ്ങളായി കൊണ്ടുനടന്ന ഒരു സ്വപ്നത്തിന് പിന്നാലെ പോവുകയായിരുന്നു - പഞ്ചാരിമേളം പഠിക്കണം.
പുരുഷന്മാർ മാത്രം കൈയ്യടക്കി വെച്ചിരിക്കുന്ന മേളത്തിന്റെ ലോകത്തേക്ക് ഒരു വീട്ടമ്മയുടെ കടന്നു വരവ് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് സുമിത്ര അത് സാധ്യമാക്കി.നെറ്റിയിൽ ഭസ്മവും, മുണ്ടും നേര്യതും ഉടുത്ത്, ചെണ്ടയുടെ മുന്നിൽ നിൽക്കുന്ന സുമിത്രയുടെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
"വിരമിച്ചവർക്ക് ഒരു മാതൃക" എന്നാണ് homelymealskerala എന്ന പേജിൽ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.70ാം വയസിലും പുതിയതായി എന്തെങ്കിലും പഠിക്കാൻ വൈകിയിട്ടില്ല എന്ന് ഓർമിപ്പിക്കുകയാണ് സുമിത്ര. അടുക്കളയിലെ തിരക്കുകൾക്കും, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ മാറ്റി വെച്ച സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ ഒരു പ്രായവും തടസ്സമല്ലെന്ന് ഈ വടക്കാഞ്ചേരികാരി തെളിയിക്കുന്നു.വിരമിക്കലിനു ശേഷമാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നതെന്ന് പറയുന്നവർക്ക് മുന്നിൽ സുമിത്ര ഒരു ജീവിക്കുന്ന ഉദാഹരണമാണ്.