Jeevithavijayam
10/24/2019
    
നമ്മുടെ ശ്രദ്ധയുടെ പരിധിയില്‍
ധനികനായ ഒരു യുവാവ്. അയാളുടെ മാതാപിതാക്കള്‍ ഏറെ സമ്പാദിച്ചുകൂട്ടിയിരുന്നതുകൊണ്ട് അധ്വാനിക്കേണ്ട ആവശ്യം അയാള്‍ക്കില്ലായിരുന്നു. തന്മൂലം, വെറുതെ നാടുചുറ്റി അയാള്‍ ജീവിതം ആസ്വദിക്കാന്‍ ശ്രമിച്ചു.

പക്ഷേ, കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ക്കു മടുത്തു. ജീവിതം മഹാബോറായി തോന്നിത്തുടങ്ങി. അങ്ങനെയിരിക്കേ പ്രസിദ്ധനായ ഒരു ബുദ്ധസന്യാസിയെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും കുറിച്ച് അയാള്‍ കേള്‍ക്കാനിടയായി. ഒട്ടുംവൈകാതെ ഉപദേശം തേടി അയാള്‍ ആ ആശ്രമത്തിലെത്തി.

ആശ്രമത്തിലെത്തിയ അയാള്‍ ആശ്രമാധിപനായ സന്യാസിയോടു പറഞ്ഞു: 'ജീവിതം എനിക്കു വലിയ മടുപ്പായിരിക്കുന്നു. അതുകൊണ്ട് ജീവിതത്തെക്കുറിച്ച് ആരോഗ്യകരമായ നല്ലൊരു അവബോധം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''

ആ യുവാവിന്റെ ആഗ്രഹം വളരെ അഭിനന്ദനീയമായി ആശ്രമാധിപനു തോന്നി. അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും അതിനു ഞാന്‍ നിങ്ങളെ സഹായിക്കാം.''

ചെറുപ്പക്കാരന്‍ പറഞ്ഞു: ''ദീര്‍ഘനാളത്തേക്കുള്ള ധ്യാനവും പ്രാര്‍ഥനയുമൊക്കെയാണ് അങ്ങു നിര്‍ദേശിക്കുവാന്‍ പോകുന്നതെങ്കില്‍ അതു വലിയ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എന്തെങ്കിലും എളുപ്പമാര്‍ഗം അങ്ങു നിര്‍ദേശിക്കണം.''

തെല്ലുനേരം മൗനമായി നിന്നതിനു ശേഷം ആശ്രമാധിപന്‍ ചോദിച്ചു: ''നിങ്ങള്‍ക്ക് ഏതുകാര്യത്തിലാണ് ഏറെ വൈദഗ്ധ്യമുള്ളത്?'' യുവാവ് പറഞ്ഞു: ''ജോലി ചെയ്യേണ്ട ആവശ്യമില്ലാത്തതുകൊണ്ട് ഒരു പ്രത്യേക തൊഴിലിലും പരിജ്ഞാനം നേടിയിട്ടില്ല. എന്നാല്‍ എനിക്കു ചെസ് കളിക്കാനറിയാം. അതു നന്നായിട്ടറിയാം.''

അപ്പോള്‍ ആശ്രമാധിപന്‍ ചെസ് കളിയില്‍ വിദഗ്ധനായ ഒരു സന്യാസിയെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു: ''എല്ലാ കാര്യത്തിലും എന്നെ അനുസരിക്കുവാന്‍ കടപ്പെട്ടവനാണല്ലോ നിങ്ങള്‍. നിങ്ങള്‍ ഈ യുവാവുമായി ചെസ് കളിക്കുക. കളിയില്‍ തോറ്റാല്‍ നിങ്ങളുടെ തല ഞാന്‍ കൊയ്യും. അതുകൊണ്ടു ജീവന്‍ രക്ഷിക്കാന്‍വേണ്ടി പോരാടിക്കൊള്ളുക.''

പിന്നെ, യുവാവിന്റെനേരേ തിരിഞ്ഞ് ആശ്രമാധിപന്‍ പറഞ്ഞു: ''ചെസ് കളിക്കുവാന്‍ മാത്രമല്ലേ നിങ്ങളുടെ ജീവിതം നിങ്ങള്‍ വിനിയോഗിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ കളിയില്‍ തോറ്റാല്‍പ്പിന്നെ നിങ്ങള്‍ക്കും ജീവിക്കുവാനവകാശമില്ലെന്ന് ഓര്‍മിച്ചുകൊള്ളൂ.''

ചെസ്‌കളിയില്‍ ആരു തോല്‍ക്കുന്നുവോ ആ ആളുടെ തലപോകും എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ യുവാവും സന്യാസിയും കളിതുടങ്ങി. കളി തുടങ്ങിയപ്പോള്‍ യുവാവിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും കളിയില്‍ തോറ്റാല്‍ തന്റെ തലപോകുമല്ലോ എന്ന ചിന്ത, നൂറുശതമാനവും ശ്രദ്ധയോടെ കളിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചു.

കളിയില്‍ ആദ്യമാദ്യം രണ്ടുപേരും, തുല്യരീതിയില്‍ പൊരുതി. പക്ഷേ, സമയം കുറെ കഴിഞ്ഞപ്പോള്‍ സന്യാസിയുടെ ഒരു നീക്കം പിഴച്ചു. അതില്‍ നിന്നു മുതലെടുത്തുകൊണ്ടു യുവാവു പല തകര്‍പ്പന്‍ കരുനീക്കങ്ങളും നടത്തി. വിജയത്തില്‍നിന്നു താന്‍ ഏറെ അകലെയല്ലെന്നു മനസിലാക്കിയ അയാള്‍ തന്റെ എതിരാളിയായ സന്യാസിയെ നോക്കി.

പെട്ടെന്ന് ആ സന്യാസിയുടെ ജീവിതത്തെക്കുറിച്ച് അയാള്‍ക്ക് ആദരവു തോന്നി. എത്രയേറെ വര്‍ഷം തപസനുഷ്ഠിച്ച മനുഷ്യനാണദ്ദേഹം. തപസിലൂടെയും പ്രാര്‍ഥനയിലൂടെയും അദ്ദേഹം നേടിയ ശക്തി എത്രയോ പേര്‍ക്ക് ഇതിനകം ഉപകാരപ്രദമായിട്ടുണ്ടായിരിക്കണം. അങ്ങനെയുള്ള ഒരാളെ കളിയില്‍ തോല്‍ക്കാന്‍ ഇടവരുത്തുന്നതു ശരിയോ എന്ന് അയാള്‍ വീണ്ടുംവീണ്ടും സ്വയം ചോദിച്ചു.


ഇതിനിടയില്‍ അയാള്‍ തന്നെക്കുറിച്ചുതന്നെയും ഒരു വിലയിരുത്തല്‍ നടത്തി. ജീവിതത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാത്തവനാണു താന്‍. ഇതുവരെ താന്‍ ഒന്നും നേടിയിട്ടുമില്ല. അങ്ങനെയുള്ള താനല്ലേ ഒരുപക്ഷേ മരിക്കേണ്ടത്?

പെട്ടെന്ന് അയാള്‍ മനഃപൂര്‍വം കളിയില്‍ ഒന്നുരണ്ട് അബദ്ധനീക്കങ്ങള്‍ നടത്തി. അപ്പോഴേക്കും അയാള്‍ കളിയില്‍ തോല്‍ക്കുമെന്നു തീര്‍ച്ചയായിരുന്നു. ചെസ്‌കളി സശ്രദ്ധം വീക്ഷിച്ചിരുന്ന ആശ്രമാധിപന്‍ ഉടനേ മുന്നോട്ടാഞ്ഞു ചെസ്‌ബോര്‍ഡ് തട്ടി താഴെയിട്ടു.

കളിക്കാര്‍ രണ്ടുപേരും കാര്യമെന്തെന്നറിയാതെ മിഴിച്ചിരിക്കുമ്പോള്‍ ആശ്രമാധിപന്‍ പറഞ്ഞു: ''ഈ കളിയില്‍ വിജയിയും പരാജിതനുമില്ല. അതുകൊണ്ട് ആരുടെയും തലപോകുന്ന പ്രശ്‌നവുമില്ല.''

പിന്നീട് യുവാവിന്റെനേരേ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു: ''ജീവിതത്തില്‍ രണ്ടുകാര്യമാണ് വേണ്ടത്. ഏകാഗ്രതയും മറ്റു മനുഷ്യരോട് അനുകമ്പയും. നിങ്ങള്‍ക്ക് ഇവ രണ്ടുമുണ്ട്. സ്വന്തം ജീവിതംപോലും പണയംവച്ചുകൊണ്ട് ഏകാഗ്രതയോടെ കളിക്കുമ്പോഴും അപരനെ നിങ്ങള്‍ മറന്നില്ല. എന്നു മാത്രമല്ല, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ട് അപരന്റെ ജീവന്‍ രക്ഷിക്കാന്‍ മാത്രമുള്ള കാരുണ്യം നിങ്ങള്‍ കാണിച്ചു. നിങ്ങള്‍ക്കു ജീവിതത്തെക്കുറിച്ചു പുതിയൊരു അവബോധം ആവശ്യമില്ല. നിങ്ങള്‍ക്ക് ഇന്നുതന്നെ പോകാം.''

ഓസ്ട്രിയയില്‍ ജനിച്ച ഇംഗാര്‍ഡ് ഷ്‌ളോഗല്‍ എന്ന എഴുത്തുകാരി 'ദ വിസ്ഡം ഓഫ് സെന്‍ മാസ്റ്റേഴ്‌സ്' എന്ന ഗ്രന്ഥത്തില്‍ പറയുന്ന കഥയാണിത്. ഈ കഥയിലെ ആശ്രമാധിപന്‍ പറഞ്ഞതുപോലെ നമ്മുടെ ജീവിതത്തിലുണ്ടായിരിക്കേണ്ട രണ്ടു പ്രധാനകാര്യങ്ങളാണ് ഏകാഗ്രതയും മറ്റു മനുഷ്യരോടുള്ള അനുകമ്പയും.

നമ്മുടെ ജീവിതത്തെക്കുറിച്ചു നമുക്ക് ഏറെ ശ്രദ്ധ വേണം. നമ്മുടെ ജീവിതം എങ്ങനെ ഓരോ ദിവസവും കൂടുതല്‍ മെച്ചമാക്കാനാകുമെന്നു നാം അന്വേഷിക്കണം. അതിനായി നാം ശ്രമിക്കണം. എന്നാല്‍, നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും നമ്മുടെ ജീവിതത്തെക്കുറിച്ചു മാത്രമാകരുത്. നമ്മുടെ ജീവിതത്തെക്കുറിച്ചെന്നതുപോലെ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചും അവരുടെ നന്മയെക്കുറിച്ചും ശ്രദ്ധയുണ്ടായിരിക്കണം. എന്നു മാത്രമല്ല, അവരുടെ നന്മയ്ക്കുവേണ്ടി നാം നഷ്ടംസഹിക്കാന്‍ വരെ തയാറാകണം. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തിന് ഏറെ അര്‍ഥവും പ്രസക്തിയും നല്‍കുന്ന അനുകമ്പയും കാരുണ്യവുമൊക്കെ നമുക്കും ഉണെ്ടന്ന് അവകാശപ്പെടാനാകൂ.

നമ്മുടെ ശ്രദ്ധ സാധാരണരീതിയില്‍ നമ്മുടെ ജീവിതത്തെക്കുറിച്ചു മാത്രമാകാനാണിട. പക്ഷേ, അതുവഴിയായി ജീവിതത്തില്‍ നാം അത്രയേറെ മെച്ചം നേടുന്നുണേ്ടാ? നമ്മുടെ ശ്രദ്ധയുടെ പരിധിയില്‍ നമ്മുടെ ജീവിതത്തോടൊപ്പം മറ്റുള്ളവരുടെ ജീവിതവും ഉണ്ടാകട്ടെ. അപ്പോള്‍ നമ്മുടെ ജീവിതത്തിന് ഏറെ ഗുണമേന്മയുണ്ടാകും. അതില്‍ സംശയം വേണ്ട.
    
To send your comments, please clickhere