Jeevithavijayam
4/2/2020
    
ചെയ്യുവാന്‍ കടപ്പെട്ടതുമാത്രം
1997ലെ വേനലവധിക്കാലം. അമേരിക്കന്‍ കുടുംബങ്ങളില്‍ പതിവുള്ളതുപോലെ ടെഡ് ഗ്രിഗ്‌സന്റെ കുടുംബവും അവധിക്കാലപരിപാടികള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. ഗ്രിഗ്‌സനും ഭാര്യ കെസിയയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം ഫ്‌ളോറിഡയിലെ ഡിസ്‌നിവേള്‍ഡില്‍ അവധി ചെലവഴിക്കുവാനാണു തീരുമാനിച്ചിരുന്നത്.

ആര്‍ക്കന്‍സസ് സംസ്ഥാനത്തുള്ള ലിങ്കണ്‍ എന്ന കൊച്ചുപട്ടണത്തിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഫ്‌ളോറിഡയിലേക്കുള്ള യാത്രയുടെ തലേദിവസം അവര്‍ യാത്രാസാമഗ്രികള്‍ പായ്ക്കു ചെയ്യുകയായിരുന്നു. അപ്പോഴാണ് അയല്‍വീട്ടിലെ ടോണിയയും അവരുടെ പത്തുവയസുള്ള പുത്രന്‍ ജയിംസും ഒരു പിക്കപ് ട്രക്കില്‍ അവിടെ പാഞ്ഞെത്തിയത്.

''ഡാഡി ഒരു മരത്തില്‍നിന്നു വീണു,'' വണ്ടിയില്‍നിന്നു ചാടിയിറങ്ങിക്കൊണ്ട് ജയിംസ് പറഞ്ഞു. ''ഡാഡിക്കിപ്പോള്‍ അനക്കമില്ല.''

സംസ്ഥാന പോലീസിലെ അംഗമായിരുന്ന ഗ്രിഗ്‌സണ്‍ തന്റെ പോലീസ് കാറില്‍ കയറി ടോണിയയുടെ വീട്ടിലേക്കു പാഞ്ഞു. അതിനിടയില്‍ കാറിലിരുന്നുകൊണ്ട് ആംബുലന്‍സ് വിളിക്കുകയും സിറ്റി പോലീസുമായി ബന്ധപ്പെടുകയും ചെയ്തു.

ഗ്രിഗ്‌സന്റെ ഏറ്റവും അടുത്ത അയല്‍വാസികളായിരുന്നു ഹാന്‍സ് ഹോ എര്‍ലറും അയാളുടെ ഭാര്യ ടോണിയയും. പക്ഷേ, അവരുടെ വീട്ടിലേക്ക് ഒരു ഫര്‍ലോംഗിലേറെ അകലമുണ്ടായിരുന്നു. ഗ്രിഗ്‌സണ്‍ അവിടെ എത്തുമ്പോള്‍ ഹോഎര്‍ലര്‍ കഴുത്തിനു താഴെ ചലനമില്ലാതെ കിടക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം അവിടെ പാഞ്ഞെത്തിയ ആംബുലന്‍സില്‍ ഹോ എര്‍ലറെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ അയാളെ പരിശോധിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ ഗ്രിഗ്‌സണ്‍ തന്റെ അയല്‍ക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടു. ഹോ എര്‍ലറുടെ ഫാമില്‍ സന്നദ്ധ സേവനത്തിന് ആളുകളെ ക്ഷണിക്കുകയായിരുന്നു ലക്ഷ്യം.

ഹോ എര്‍ലറും അയാളുടെ ഭാര്യ ടോണിയയും മാത്രം ജോലി ചെയ്തിരുന്ന അവരുടെ ഡയറിഫാമില്‍ നൂറിലേറെ പശുക്കളുണ്ടായിരുന്നു. അവയില്‍ എഴുപത്തിമൂന്നെണ്ണത്തിനു കറവയുണ്ടായിരുന്നു. ഹോഎര്‍ലറുടെ അസാന്നിധ്യത്തില്‍ അവയുടെ കാര്യം അന്വേഷിക്കാന്‍ ആരുടെയെങ്കിലും സഹായം വേണ്ടിയിരുന്നു.

ടോണിയ തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുവാന്‍ ആശുപത്രിയില്‍ സമയം ചെലവഴിച്ചപ്പോള്‍ ഗ്രിഗ്‌സനും കുടുംബവും തങ്ങളുടെ അവധിക്കാല പരിപാടികള്‍ ഉപേക്ഷിച്ച് ഹോഎര്‍ലറുടെ ഫാമില്‍ അവരുടെ കന്നുകാലികളുടെ കാര്യം നോക്കുവാന്‍ തുടങ്ങി. മറ്റുചില അയല്‍ക്കാരും സഹായിക്കുവാനെത്തിയെങ്കിലും കൂടുതല്‍ ജോലിയും ചെയ്തിരുന്നത് ഗ്രിഗ്‌സനും കുടുംബവുമായിരുന്നു.

ഡയറിഫാമിലെ ജോലിയില്‍ അല്പംപോലും പരിചയമില്ലാത്തവരായിരുന്നു ഗ്രിഗ്‌സനും അദ്ദേഹത്തിന്റെ ഭാര്യയും. എങ്കിലും യന്ത്രം ഉപയോഗിച്ച് കറവ നടത്തുന്നതുള്‍പ്പെടെ ഡയറിഫാമിലെ ജോലികളെല്ലാം അവര്‍ പെട്ടെന്നു വശമാക്കി. അവരുടെ മൂന്നു കുട്ടികളും ആ ജോലികളില്‍ അവരെ സഹായിച്ചു.

മൂന്നാഴ്ചയായിരുന്നു ഗ്രിഗ്‌സനുണ്ടായിരുന്ന അവധി. ആ അവധി കടന്നുപോയി. തന്റെ സ്ഥിരജോലി കഴിഞ്ഞു മടങ്ങിവന്ന് ഗ്രിഗ്‌സണ്‍ ഓരോദിവസവും ഡയറിഫാമിലെ ജോലികളും ചെയ്തു. ഇതിനിടെ ഗ്രിഗ്‌സന്റെയും മറ്റും ബുദ്ധിമുട്ടോര്‍ത്ത് ടോണിയ കന്നുകാലികളെ മുഴുവന്‍ ലേലത്തില്‍ വിറ്റു. എങ്കിലും അതിനുശേഷവും ഗ്രിഗ്‌സന്‍ ഡയറിഫാമിലെ മറ്റു ജോലികള്‍ തുടര്‍ന്നു.


ഇതിനിടെ ഗ്രിഗ്‌സന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നിസ്വാര്‍ഥസേവനം വാര്‍ത്താമാധ്യമങ്ങളില്‍ തലക്കെട്ടുനേടി. തന്റെ സേവനത്തെക്കുറിച്ചു ചോദിച്ച റിപ്പോര്‍ട്ടര്‍മാരോടൊക്കെ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ചെയ്യുവാന്‍ കടപ്പെട്ടതു മാത്രമേ ചെയ്യുന്നുള്ളൂ.''

അയല്‍ക്കാരെ സ്‌നേഹിക്കണമെന്നും അവരെ ആവശ്യങ്ങളില്‍ സഹായിക്കണമെന്നും നമുക്കറിയാം. എന്നാല്‍, ദേഹമനങ്ങി മറ്റുള്ളവരെ സഹായിക്കുവാന്‍ നമ്മിലെത്ര പേര്‍ തയാറാകും?. അയല്‍പക്കത്തെ വീട്ടില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ നാം പെട്ടെന്ന് ഓടിച്ചെന്നു എന്നുവരാം. എന്നാല്‍ പല ആഴ്ചകളും മാസങ്ങളും നമ്മുടെ സേവനം വേണ്ടിവന്നാല്‍ നാം അതിനു സന്തോഷപൂര്‍വം തയാറാകുമോ?

അയല്‍ക്കാരാണെങ്കിലും അകലെയുള്ളവരാണെങ്കിലും നമ്മുടെ സഹായം ആവശ്യമുള്ളവരെ നാം സഹായിക്കുക തന്നെവേണം. ഓരോ ദിവസവും വിവിധനന്മകള്‍കൊണ്ട് നമ്മെ അനുഗ്രഹിക്കുന്ന ദൈവം നമ്മില്‍നിന്ന് അതു പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍, നമ്മുടെ സൗഭാഗ്യം എങ്ങനെ അനുദിനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്നല്ലാതെ അയല്‍ക്കാരെ എങ്ങനെ സഹായിക്കുവാന്‍ സാധിക്കുമെന്നു നാം ചിന്തിക്കാറുണേ്ടാ?

അങ്ങനെ ചിന്തിക്കാറുണ്ടായിരുന്നെങ്കില്‍ നമ്മുടെ നല്ല വീടുകള്‍ക്കു സമീപം മഴയത്ത് ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലുകള്‍ കാണില്ലായിരുന്നു; വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു പണമില്ലാതെ അയല്‍വീട്ടില്‍ കുട്ടികള്‍ വിഷമിക്കില്ലായിരുന്നു. വിദഗ്ധ ചികിത്സ ലഭിക്കാതെ അയല്‍പക്കത്തെ രോഗിയായ മനുഷ്യന്‍ വേദനയാല്‍ വീര്‍പ്പുമുട്ടുകയില്ലായിരുന്നു.

സഹായം ആവശ്യമായിവന്ന അയല്‍ക്കാരനെ സഹായിക്കുക തന്റെ കടമയായിട്ടാണ് ഗ്രിഗ്‌സണ്‍ കരുതിയത്. തന്മൂലം അതുവഴിയുണ്ടായ ബുദ്ധിമുട്ടുകള്‍ അദ്ദേഹം സന്തോഷപൂര്‍വം ഏറ്റെടുത്തു. പ്രതിഫലം പ്രതീക്ഷിക്കാതെയായിരുന്നു അദ്ദേഹം തന്റെ സഹായഹസ്തം നീട്ടിയത്. എങ്കിലും തന്റെ സേവനത്തിന് അംഗീകാരവും ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്ത് 1997ലെ ''റീജണല്‍ ട്രൂപ്പര്‍ ഓഫ് ദി ഇയര്‍'' ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പോലീസ് എന്ന സംഘടനയാണ് ഈ സമുന്നത ബഹുമതിക്കായി ഗ്രിഗ്‌സനെ തെരഞ്ഞെടുത്തത്. നമ്മുടെ അയല്‍ക്കാര്‍ക്കുവേണ്ടി നാം ചെയ്യുന്ന നിസ്വാര്‍ഥ സേവനത്തിനു സമൂഹത്തിന്റെ അംഗീകാരം ലഭിക്കുകയോ ലഭിക്കാതിരിക്കുക യോ ചെയ്യാം. എന്നാല്‍, ദൈവം അതിനു തീര്‍ച്ചയായും സമ്മാനം നല്‍കും.
    
To send your comments, please clickhere