Jeevithavijayam
7/11/2020
    
ഇടയനെ അറിയുന്നവര്‍
അതിഗംഭീരമായിരുന്നു ആ ഇംഗ്ലീഷ് പ്രഫസറുടെ പ്രഭാഷണം. ബൈബിളിലെ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനത്തിന്റെ സാഹിത്യമേന്മയെക്കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. താന്‍ ജനിച്ചുവളര്‍ന്ന കൊച്ചുഗ്രാമത്തില്‍ ആദ്യമായിട്ടൊരു പൊതുപരിപാടിക്കു ക്ഷണിക്കപ്പെട്ട അവസരമായിരുന്നതിനാല്‍ തന്റെ പ്രസംഗം ഏറ്റവും മെച്ചപ്പെട്ടതാക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.

''കര്‍ത്താവ് എന്റെ ഇടയനാകുന്നു. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല'' എന്നുതുടങ്ങുന്ന ഇരുപത്തിമൂന്നാം സങ്കീര്‍ത്തനത്തിന്റെ സാഹിത്യവൈശിഷ്ട്യത്തെക്കുറിച്ച് ആവേശപൂര്‍വമാണ് അദ്ദേഹം സംസാരിച്ചത്. സങ്കീര്‍ത്തനത്തിന്റെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം എടുത്തു വിശദീകരിച്ചു വിശകലനം ചെയ്തപ്പോള്‍ ശ്രോതാക്കള്‍ ആദരപൂര്‍വം അതു കേട്ടിരുന്നു. പ്രഫസറുടെ അഗാധമായ പാണ്ഡിത്യത്തെയും അനുപമമായ വാഗ്വിലാസത്തെയും അവര്‍ മനസ്സാ പുകഴ്ത്തി.

താന്‍ പഠനവിധേയമാക്കിയ സങ്കീര്‍ത്തനം മുഴുവനും ഭാവാവിഷ്‌കാരത്തോടെ ഒരുതവണ വായിച്ചു കേള്‍പ്പിച്ചതിനു ശേഷമാണ് പ്രഫസര്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. അതു വായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യമായി അദ്ദേഹത്തിന്റെ കണ്ണുപതിഞ്ഞത് തന്റെ ഗുരുനാഥനും വന്ദ്യവയോധികനുമായ പുരോഹിതനിലായിരുന്നു.

ഉടനേ ഉള്‍പ്രേരണയാലെന്നവണ്ണം പ്രഫസര്‍ പുരോഹിതനോടു പറഞ്ഞു: ''ഇനി അങ്ങ് ഈ സങ്കീര്‍ത്തനമൊന്നു വായിക്കൂ.'' ഒട്ടും മടി കൂടാതെ ആ പുരോഹിതശ്രേഷ്ഠന്‍ വേദിയിലേക്കു കടന്നുചെന്നു സങ്കീര്‍ത്തനം ഭക്ത്യാദരപൂര്‍വം വായിച്ചു.

അവര്‍ക്കെല്ലാം ഏറെ പരിചിതമായ സങ്കീര്‍ത്തനമായിരുന്നു അതെങ്കിലും, ഹൃദയത്തിന്റെ അഗാധതയില്‍നിന്ന് ആ സങ്കീര്‍ത്തനം വായിക്കപ്പെട്ടപ്പോള്‍ സദസിലുള്ളവരെല്ലാം അപൂര്‍വമായൊരു ആധ്യാത്മികചൈതന്യത്താല്‍ നിറഞ്ഞു. അവിടെയുണ്ടായിരുന്ന പലരുടെ കണ്ണുകളും അധ്യാത്മിക നിര്‍വൃതിയാല്‍ സജലങ്ങളായി.

സങ്കീര്‍ത്തനം വായിച്ചുകഴിഞ്ഞപ്പോള്‍ പ്രഫസര്‍ എഴുന്നേറ്റുനിന്നു ബഹുമാനപൂര്‍വം പറഞ്ഞു: ''എനിക്ക് ഇരുപത്തിമൂന്നാം സങ്കീര്‍ത്തനമറിയാമായിരിക്കും. എന്നാല്‍ ഇദ്ദേഹത്തിന് ഇടയനെ അറിയാം.''

തന്റെ ഇടയനായ കര്‍ത്താവിനെ ശരിക്കറിയുന്ന പുരോഹിതനായിരുന്നു ആ വയോധികന്‍. തന്മൂലം, അദ്ദേഹം സങ്കീര്‍ത്തനം ചൊല്ലിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ അവിടുത്തോടുള്ള സ്‌നേഹവും നന്ദിയും ബഹുമാനവുമെല്ലാം തുളുമ്പിനിന്നു. സദസിലുണ്ടായിരുന്നവരെല്ലാം അപ്പോള്‍ അധ്യാത്മിക ചൈതന്യത്താല്‍ നിറയാനുള്ള കാരണവും അതായിരുന്നു.

സ്‌കോട്‌ലന്‍ഡിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്നതു ജോണ്‍ ട്രെവര്‍ ഡേവിസ് എന്ന ഗ്രന്ഥകാരനാണ്.

ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം അപഗ്രഥിച്ച് അറിവു പകരാന്‍ സാധിച്ചപ്പോഴും അതില്‍പറയുന്ന ''ഇടയനെ'' തനിക്കു ശരിക്കറിയില്ലെന്ന ബോധ്യം ആ ഇംഗ്ലീഷ് പ്രഫസര്‍ക്കുണ്ടായിരുന്നു. തന്മൂലമാണ് ''ഇടയനെ'' ശരിക്കറിയാവുന്ന പുരോഹിതശ്രേഷ്ഠനോട് ആ സങ്കീര്‍ത്തനം വായിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചത്.

ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ഒരുപക്ഷേ അറിയില്ലെങ്കിലും മറ്റു പല സങ്കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും അറിയുന്നവരാണു നമ്മില്‍ പലരും. പല പ്രാര്‍ഥനകളും സങ്കീര്‍ത്തനങ്ങളും ഓര്‍മയില്‍നിന്നുരുവിടാനും നമുക്കു സാധിച്ചെന്നിരിക്കും. എന്നാല്‍ നമ്മിലെത്രയോകുറച്ചു പേര്‍ മാത്രമാണ് നാം ചൊല്ലുന്ന സങ്കീര്‍ത്തനത്തിലെ ''ഇടയനെ'' ശരിക്കറിയുന്നത്!


നമ്മെ എല്ലാവരെയും നേര്‍വഴിക്കു നയിക്കുന്ന ഇടയനാണു നമ്മുടെ ദൈവം. അവിടുന്നു നമ്മുടെ കൂടെയുണെ്ടന്നും അവിടുന്നു നമ്മുടെ കൂടെയുള്ളപ്പോള്‍ ഒന്നും ഭയപ്പെടുവാനില്ലെന്നും നമുക്കറിയാം. എന്നാല്‍, അവിടുത്തെ നാം ശരിക്കറിയുന്നുണേ്ടാ? അവിടുത്തെ നാം ഹൃദയപൂര്‍വം സ്‌നേഹിക്കുന്നുണേ്ടാ? അവിടുത്തോടൊപ്പം നടക്കാന്‍ നമുക്കാഗ്രഹമുണേ്ടാ? ഇടയ്ക്കിടക്കു നാം സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിവ.

തന്റെ ഇടയനായ ദൈവത്തെ ശരിക്കറിയാമായിരുന്ന ദാവീദ് രാജാവാണു മനോഹരമായ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനത്തിനു ജന്മം നല്കിയത്. തന്റെ ഇടയനെ ശരിക്കറിഞ്ഞിരുന്ന ദാവീദ് എപ്പോഴും അവിടുത്തോടൊപ്പം നടക്കാനും അവിടുത്തെ പ്രമാണങ്ങള്‍ തന്റെ വഴികളില്‍ പ്രകാശമായി സ്വീകരിക്കാനും ശ്രദ്ധിച്ചിരുന്നു. ദൈവത്തിന്റെ ഉള്ളില്‍ക്കടന്ന് അവിടുത്തെ അറിയാനും സ്‌നേഹിക്കാനും ശ്രമിച്ചയാളാണു ദാവീദ് രാജാവ്. അദ്ദേഹത്തിന്റെ ഭക്തിതീഷ്ണത നമുക്കില്ലായിരിക്കാം. എങ്കിലും അദ്ദേഹത്തെപ്പോലെ നാമും നമ്മുടെ ഇടയനായ ദൈവത്തെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതല്ലയോ?

പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധശാസ്ത്രജ്ഞനായിരുന്നു ഹെന്റി നോറിസ് റസല്‍. ഒരിക്കലദ്ദേഹം പ്രപഞ്ചത്തെക്കുറിച്ചും പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചും പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭൂമിയും അതില്‍ അധിവസിക്കുന്ന മനുഷ്യരും പ്രപഞ്ചത്തിന്റെ എത്രയോ ചെറുതായൊരു ഭാഗം മാത്രമാണ് എന്നു പറയാനിടയായി. അപ്പോള്‍ വിദ്യാര്‍ഥികളിലൊരാള്‍ ചോദിച്ചു: ''നമ്മുടെ പ്രപഞ്ചം ഇത്രമാത്രം വലുതും നമ്മുടെ ഭൂമി ഇത്രയേറെ ചെറുതുമാണെങ്കില്‍ ഈ ഭൂമിയില്‍ വസിക്കുന്ന നമ്മെക്കുറിച്ചു ദൈവം അത്രയേറെ ശ്രദ്ധിക്കുമെന്നു നമുക്കു വിശ്വസിക്കാനാവുമോ?''

ഉടനേ റസല്‍ പറഞ്ഞു: ''എത്ര വലിയൊരു ദൈവത്തിലാണു നിങ്ങള്‍ വിശ്വസിക്കുന്നത് എന്നതനുസരിച്ചാണ് നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി നിലകൊള്ളുന്നത്.''

ഏതു രീതിയിലുള്ള ദൈവമാണു നമ്മുടെ ചിന്തയിലും വിശ്വാസത്തിലും നിറഞ്ഞുനില്‍ക്കുന്ന ദൈവം? എത്രമാത്രം വലിയവനാണ് അവിടുന്നു നമ്മുടെ ദൃഷ്ടിയില്‍? നാമോരോരുത്തരെക്കുറിച്ചും എപ്പോഴും താത്പര്യം പ്രദര്‍ശിപ്പിക്കുന്ന ദൈവത്തെയാണോ നാം നമ്മുടെ ജീവിതത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്?

സങ്കീര്‍ത്തകനായ ദാവീദിനു ദൈവം വലിയവനായിരുന്നു. താനവിടുത്തോടൊപ്പമാണെങ്കില്‍ തനിക്കൊന്നിനും കുറവുണ്ടാവുകയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പച്ചവിരിച്ച പുല്‍ത്തകിടികളില്‍ അവിടുന്ന് തന്നെ മേയിക്കുമെന്നും പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്നു തന്നെ നയിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവിടുന്നു തന്നോടൊപ്പമുള്ളതുകൊണ്ടു മരണത്തിന്റെ താഴ്‌വരയില്‍ക്കൂടി നടക്കാന്‍ താന്‍ ഭയപ്പെടേണ്ടതില്ലെന്നും ദാവീദിനറിയാമായിരുന്നു.

തന്റെ ഇടയനായ ദൈവത്തെ അടുത്തറിഞ്ഞതുകൊണ്ടാണ് ദാവീദിനുതന്നെ മുഴുവനായി ദൈവത്തില്‍ സമര്‍പ്പിക്കാന്‍ സാധിച്ചത്. ദാവീദിനെപ്പോലെ നമുക്കും നമ്മുടെ ഇടയനായ ദൈവത്തെ ശരിക്കറിയാനും അവിടുത്തെ അറിഞ്ഞുകൊണ്ട് അവിടുത്തോടു പ്രാര്‍ഥിക്കാനും അതുവഴി അവിടുത്തേക്കു നമ്മെ ആത്മസമര്‍പ്പണം ചെയ്യാനും നമുക്കു ശ്രദ്ധിക്കാം. നമ്മുടെ ഇടയനായ ദൈവത്തെ അറിയുന്നവരാണു നാമെങ്കില്‍ നമ്മുടെ ജീവിതം ധന്യമാകുമെന്നതില്‍ സംശയം വേണ്ട.
    
To send your comments, please clickhere