Jeevithavijayam
5/15/2022
    
നിലയും വിലയും തിരയുമ്പോള്‍
പാറപൊട്ടിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു അയാള്‍. പക്ഷേ, തന്റെ ജോലിയെക്കുറിച്ച് അയാള്‍ക്ക് അല്പംപോലും അഭിമാനം തോന്നിയില്ല. മറ്റുള്ളവരെല്ലാം തന്നെക്കാള്‍ കേമന്മാരാണ് എന്നായിരുന്നു അയാളുടെ വിചാരം. തന്റെ ദുസ്ഥിതിയോര്‍ത്ത് അയാള്‍ നിരന്തരം വിലപിച്ചു. മറ്റുള്ളവരുടെ മുമ്പില്‍ തനിക്ക് അധികാരമോ മതിപ്പോ ഇല്ലാത്തതായിരുന്നു അയാളെ ഏറെ മഥിച്ചത്.

ഒരുദിവസം യാത്രയ്ക്കിടയില്‍ കുബേരനായ ഒരു വ്യാപാരിയുടെ കൊട്ടാരസദൃശമായ വീട് അയാള്‍ കാണാനിടയായി. കൗതുകംകൊണ്ട് അയാള്‍ കൊട്ടാരവളപ്പിലേക്കു കടന്നുചെന്നു. അപ്പോള്‍ അവിടെ ഓരോരുത്തര്‍ വന്നും പോയുമിരിക്കുകയായിരുന്നു. വന്നിരുന്നവരെല്ലാം ഏറെ ആദരവോടെയായിരുന്നു വ്യാപാരിയോടു പെരുമാറിയിരുന്നത്. ''ഈ വ്യാപാരി വളരെ ശക്തനായിരിക്കണം.'' അയാള്‍ സ്വയം പറഞ്ഞു. ''എനിക്ക് അയാളെപ്പോലെയാകാന്‍ സാധിച്ചിരുന്നെങ്കില്‍!''

അദ്ഭുതം! ആനിമിഷം അയാള്‍ സമ്പന്നനായ ആ വ്യാപാരിയായി മാറി. പെട്ടെന്ന് ഇടത്തും വലത്തും അയാളെ ശുശ്രൂഷിക്കാന്‍ സേവകരുണ്ടായി. അയാളെ സന്തോഷിപ്പിക്കാന്‍ പലരും മത്സരിച്ചു ശ്രമിച്ചു. അയാളുടെ ജീവിതം പെട്ടെന്ന് ആഡംബരപൂര്‍ണമായി. ഒന്നിനും കുറവില്ലാത്ത ജീവിതം. അങ്ങനെയിരിക്കെ രാജ്യത്തെ ഒരു ഉന്നതാധികാരി പല്ലക്കില്‍ ആ വഴി വന്നു. ആ അധികാരിയെ കണ്ടവരെല്ലാം തലകുനിച്ച് ആദരപൂര്‍വം വണങ്ങി. കൊട്ടും കുരവയുമായി ആളുകള്‍ അധികാരിക്ക് അകമ്പടി സേവിച്ചു. ''ഈ അധികാരി എത്ര ശക്തനായിരിക്കണം.'' വ്യാപാരിയായിത്തീര്‍ന്ന പാറമട വിദഗ്ധന്‍ പറഞ്ഞു. ''എനിക്ക് ആ അധികാരിയായിത്തീരാന്‍ സാധിച്ചിരുന്നെങ്കില്‍!''

വീണ്ടും അദ്ഭുതം! അയാള്‍ ആ നിമിഷം അധികാരിയായിത്തീര്‍ന്നു. സേവകര്‍ അയാളെ ചുമന്നുകൊണ്ടു പോവുകയും ആളുകള്‍ അയാളെ ആദരപൂര്‍വം വണങ്ങുകയും ചെയ്തു. പക്ഷേ, കുറേനേരം യാത്ര തുടര്‍ന്നപ്പോള്‍ സൂര്യന്റെ ചൂട് സഹിക്കാവുന്നതിലേറെയായി. അയാള്‍ സൂര്യനെ നോക്കി അസൂയയോടെ പറഞ്ഞു: ''സൂര്യന്‍ എത്ര ശക്തനാണ്! എനിക്ക് സൂര്യനാകാന്‍ സാധിച്ചിരുന്നെങ്കില്‍!''

അടുത്ത നിമിഷം അയാള്‍ സൂര്യനായി മാറി. സൂര്യനായി മാറിയ അയാള്‍ തന്റെ ശക്തി പ്രകടിപ്പിക്കാന്‍ ഉഗ്രതാപം ഭൂമിയിലേക്കയച്ചു. അതുമൂലം നാടെങ്ങും വറ്റിവരണ്ടു. ആളുകള്‍ സൂര്യനെ പഴിക്കാന്‍ തുടങ്ങി. അപ്പോള്‍ കാര്‍മേഘങ്ങള്‍ ആളുകളുടെ രക്ഷയ്‌ക്കെത്തി. അവ വിദഗ്ധമായി സൂര്യതാപം തടഞ്ഞുനിര്‍ത്തി. മേഘങ്ങള്‍ക്കു തന്നേക്കാള്‍ ശക്തിയുണ്ടല്ലോ എന്നയാള്‍ക്കു തോന്നി. ''എനിക്കു മേഘമായി മാറാന്‍ സാധിച്ചിരുന്നെങ്കില്‍!'' അയാള്‍ വീണ്ടും ആശിച്ചു.

അപ്പോഴും അദ്ഭുതം നടന്നു. അയാള്‍ മേഘമായി മാറി. ഇഷ്ടംപോലെ അയാള്‍ നാലുദിക്കിലും ഓടിനടന്നു. പക്ഷേ, കുറെക്കഴിഞ്ഞപ്പോള്‍ വീശിയ ശക്തമായ കാറ്റ് മേഘത്തെ ചിതറിച്ചുകളഞ്ഞു. മേഘത്തേക്കാള്‍ ശക്തി കാറ്റിനുതന്നെ. അയാള്‍ സ്വയം പറഞ്ഞു. ''എനിക്ക് കാറ്റായി മാറാന്‍ സാധിച്ചിരുന്നെങ്കില്‍!''

കാറ്റായി മാറിയ അയാള്‍ എല്ലായിടത്തും വീശിയടിച്ചു തന്റെ ശക്തി ആസ്വദിച്ചു. വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ നിലംപതിക്കുകയും ചെയ്തപ്പോള്‍ അയാള്‍ പൊട്ടിച്ചിരിച്ചു. എന്നാല്‍, കാറ്റിനേക്കാള്‍ വലിയ ശക്തി പാറകള്‍ക്കുണ്ടെന്ന് അയാള്‍ക്കു പെട്ടെന്നു മനസിലായി. കാറ്റ് എത്ര ശക്തിപൂര്‍വം വീശിയടിച്ചിട്ടും കരിമ്പാറക്കൂട്ടങ്ങള്‍ അനങ്ങുന്നില്ല. ''അങ്ങനെയെങ്കില്‍, കാറ്റിനേക്കാള്‍ ശക്തന്‍ കരിമ്പാറ തന്നെ.'' അയാള്‍ പറഞ്ഞു. ''എനിക്കു കരിമ്പാറയായി മാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍!'' അയാള്‍ കരിമ്പാറയായി മാറി. തന്നെ വെല്ലുന്ന ഒരു ശക്തിയും ഇനി ലോകത്തിലില്ലെന്ന് അയാള്‍ കരുതുമ്പോഴാണ് ആരോ ഒരാള്‍ കരിമ്പാറ പൊട്ടിക്കാന്‍വേണ്ടി തമരടിക്കാന്‍ തുടങ്ങിയത്. കരിമ്പാറയേക്കാള്‍ ശക്തനുണ്ടാകുമോ? അയാള്‍ ശങ്കിച്ചുനില്ക്കുമ്പോള്‍ തമരടിച്ചയാള്‍ വെടിമരുന്നിനു തീകൊളുത്തി. കാതടപ്പിക്കുന്ന ശബ്ദത്തോടെ കരിമ്പാറ പൊട്ടിപ്പിളര്‍ന്നു. കരിമ്പാറയേക്കാള്‍ ശക്തന്‍ പാറപൊട്ടിക്കുന്നവന്‍തന്നെ. അയാള്‍ സ്വയം പറഞ്ഞു. അപ്പോഴാണയാള്‍ ഓര്‍മിച്ചത്, താന്‍ തന്നെയാണല്ലോ ആ പാറ പൊട്ടിച്ചത് എന്ന്!


ജീവിതത്തിന്റെ പൊരുള്‍ തിരിക്കാന്‍ സഹായിക്കുന്ന സെന്‍ബുദ്ധിസ്റ്റ് കഥകളില്‍ ഒരെണ്ണമാണ് നാം മുകളില്‍ വായിച്ചത്. പാറപൊട്ടിക്കുന്നവനായ ഒരുവന്‍ താന്‍ ഒന്നുമല്ലെന്നും ആരുമല്ലെന്നും കരുതി തന്റെ ജീവിതം സ്വയം ദുരിതപൂര്‍ണമാക്കി. എന്നാല്‍, അയാള്‍ ആഗ്രഹിച്ചതൊക്കെ സാധിച്ചപ്പോള്‍ അവസാനം അയാള്‍ എന്തായിട്ടാണ് മാറിയത്? താന്‍ ആദ്യം എന്തായിരുന്നോ അതായിട്ടുതന്നെ!

ലോകജീവിതത്തില്‍ ആളുകളുടെ നിലയ്ക്കും വിലയ്ക്കുമൊക്കെ ഏറെ വ്യത്യാസങ്ങളുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത ജോലിയും സമ്പത്തും അധികാരത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെയാണ് നമ്മുടെ അനുദിന ജീവിതത്തില്‍ പലപ്പോഴും നമ്മുടെ വിലയും നിലയും നിശ്ചയിക്കുക. എന്നാല്‍, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഏറെപ്പേരും കരുതുന്ന ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും സമ്പത്തും അധികാരവുമൊക്കെയാണോ നമ്മെ വലിയവരാക്കുന്നത്? അതോ സ്‌നേഹവും കരുണയും ക്ഷമയും ഔദാര്യവുമൊക്കെ ഉള്‍പ്പെടുന്ന ധാര്‍മികമൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നാം പ്രാവര്‍ത്തികമാക്കുമ്പോഴോ?

നമുക്ക് ഉന്നതവിദ്യാഭ്യാസവും നല്ല ജോലിയുമൊക്കെ ഉള്ളതുകൊണ്ടു മാത്രം നാം നല്ല മനുഷ്യരാകുമോ? സമ്പത്തും അധികാരവും ഏറെ ഉള്ളതുകൊണ്ട് നാം മറ്റുള്ളവരേക്കാള്‍ കേമന്മാരാണെന്ന് അഭിമാനിക്കാനാകുമോ? നല്ല വിദ്യാഭ്യാസവും നല്ല ജോലിയുമൊക്കെ നമുക്ക് വേണം. പക്ഷേ, അവയില്ലാത്തതുമൂലം നാം മോശക്കാരാണെന്ന് ആര്‍ക്കെങ്കിലും പറയാമോ? ജീവിതത്തില്‍ നാം ചെയ്യുന്ന നന്മതിന്മകളുടെ തോതനുസരിച്ചല്ലേ നമ്മുടെ ജീവിതത്തിന്റെ മഹത്വം വിലയിരുത്തേണ്ടത്.

ലോകത്തിന്റെ ദൃഷ്ടിയില്‍ താഴ്ന്ന നിലയില്‍ ജീവിക്കുന്നവര്‍ ഉന്നത ജീവിതനിലവാരത്തിനായി പരിശ്രമിക്കുന്നത് നല്ലതുതന്നെ. പക്ഷേ, ഭൗതിക രംഗങ്ങളില്‍ പുലര്‍ത്തുന്ന ഉന്നതനിലവാരമാണ് നമ്മുടെ ജീവിതത്തിന്റെ യഥാര്‍ഥ നിലയും വിലയും നിശ്ചയിക്കുന്നതെന്ന് നാം തെറ്റിദ്ധരിക്കേണ്ട. ഭൗതികരംഗത്ത് നാം എത്ര താഴ്ന്ന നിലയിലാണെങ്കിലും ഉന്നത വ്യക്തിത്വത്തിന്റെ ഉടമകളായി മാറാന്‍ നമുക്കു സാധിക്കും എന്നതാണ് വസ്തുത. ഭൗതികരംഗത്തെ നേട്ടങ്ങള്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിന് നിലയും വിലയും നല്‍കുന്നത്.

ജീവിതത്തെക്കുറിച്ച് എന്നും നമുക്ക് സ്വപ്നങ്ങളുണ്ട്. എന്നാല്‍, നമ്മുടെ ആ സ്വപ്നങ്ങളെല്ലാംതന്നെ ഭൗതികനേട്ടങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് ഏറെ ഖേദകരം. നമ്മുടെ ജീവിതത്തില്‍ അങ്ങനെ സംഭവിക്കാന്‍ നാം അനുവദിക്കരുത്. ഭൗതികനേട്ടങ്ങള്‍ക്കായി സ്വപ്നം കാണുമ്പോഴും നമ്മുടെ ജീവിതത്തിന്റെ നിലയും വിലയും നിശ്ചയിക്കുന്നത് നാം അനുവര്‍ത്തിക്കുന്ന മൂല്യങ്ങള്‍ തന്നെയാണെന്നത് മറന്നുപോകരുത്. ജീവിതത്തില്‍ ഭൗതികനേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതു മാത്രമല്ല നമ്മുടെ നിലയും വിലയും അത്യന്തികമായി നിശ്ചയിക്കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം. അതോടൊപ്പം മൂല്യാധിഷ്ഠിത ജീവിതത്തിന്റെ ഉടമകളാണ് നാമെന്ന് നമുക്ക് ഉറപ്പുവരുത്തുകയും ചെയ്യാം.
    
To send your comments, please clickhere