Jeevithavijayam
7/27/2022
    
നമ്മുടെ ടീമിലെ പ്രധാന അംഗം
ബ്രാണ്ടിഗ്ലാസ് ചുണേ്ടാടടുത്തപ്പോള്‍ അയാളുടെ കൈവിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും കണ്ണടച്ച് ഒറ്റമോന്തിന് ഗ്ലാസ് കാലിയാക്കി.

ബ്രാണ്ടിയില്‍നിന്നു ലഭിച്ച ധൈര്യത്തോടെ പിന്നീടയാള്‍ ഉറക്കഗുളികകള്‍ കൈയിലെടുത്തു. അവ ഓരോന്നും വായിലേക്കിടുമ്പോള്‍ എല്ലാം പെട്ടെന്നു കഴിയും എന്ന ആശ്വാസമായിരുന്നു അയാള്‍ക്ക്. പക്ഷേ, ആ ഉറക്കഗുളികകള്‍ വിഴുങ്ങാന്‍ തുടങ്ങുമ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു.

മരിക്കാന്‍പോകുന്ന താന്‍ എന്തിനു ഫോണ്‍ എടുക്കണം എന്ന ചിന്തയായിരുന്നു ആദ്യം അയാളില്‍ ഉദിച്ചത്. പക്ഷേ, ഫോണിന്റെ ബെല്ലടി നീണ്ടുനിന്നപ്പോള്‍ ഫോണ്‍ കൈയിലെടുക്കാതിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

'ഇത് മിസ്റ്റര്‍ ഫോര്‍ജിയോണ്‍ ആണോ?' അപരിചിതമായ ഒരു ശബ്ദം ഫോണിലൂടെ മുഴങ്ങി. അയാള്‍ മറുപടി പറയുവാന്‍ തുടങ്ങുമ്പോഴേക്കും ഫോണില്‍നിന്നു വീണ്ടും ശബ്ദം: 'മിസ്റ്റര്‍ ഫോര്‍ജിയോണ്‍, ഇത് ഡോക്ടര്‍ ലെസ്റ്റര്‍ സാവുവേജ് ആണ്. ഞാന്‍ നിങ്ങളുടെ മെഡിക്കല്‍ ഫയല്‍ കണ്ടു. എനിക്കു തോന്നുന്നു എനിക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന്. പക്ഷേ, ആദ്യംതന്നെ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്: നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണേ്ടാ?'

കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തിലേറെ ഹൃദയശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ള പ്രസിദ്ധ സര്‍ജനാണ് ഡോ. സാവുവേജ്. കൊറോണറി ബൈപാസ് സര്‍ജറിക്കു തുടക്കമിട്ട ഈ പ്രഗല്ഭ സര്‍ജനാണു ചോദിക്കുന്നത്, 'നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണേ്ടാ?'എന്ന്.

ചോദ്യം കേട്ട ഫോര്‍ജിയോണ്‍ വിക്കി വിക്കിപ്പറഞ്ഞു 'എനിക്കു നല്ല തീര്‍ച്ചയില്ല.'

ഈ ഉത്തരം അയാളുടെ നാവില്‍നിന്നു പുറത്തു വരുമ്പോഴേക്കും അയാളുടെ ഭൂതകാല ജീവിതം മുഴുവനും ഒരു ഫ്‌ളാഷ്ബാക്കിലൂടെ എന്നവണ്ണം അയാളുടെ മുമ്പിലൂടെ കടന്നുപോയി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇറ്റലിയില്‍നിന്ന് അമേരിക്കയില്‍ കുടിയേറിയ ഒരു സാധാരണക്കാരന്റെ ഏക മകനായിരുന്നു ഫോര്‍ജിയോണ്‍. പക്ഷേ, ഫോര്‍ജിയോണിനു നാലു വയസുള്ളപ്പോള്‍ അയാളുടെ പിതാവ് ഹൃദ്രോഗംമൂലം മരണമടഞ്ഞു. ക്ലേശപൂര്‍ണമായിരുന്നു പിന്നീട് കുറേക്കാലത്തേക്കുള്ള ജീവിതം. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ച ഫോര്‍ജിയോണിന് നല്ലൊരു ജോലി ലഭിച്ചു. അതിനുശേഷം സാമ്പത്തിക വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. പക്ഷേ, അതിനിടയില്‍ ദൈവത്തിന്റെ കാര്യമേ അയാള്‍ മറന്നുപോയിരുന്നു. ജീവിതത്തിന്റെ തിരക്കിനിടയില്‍ ദൈവത്തിന്റെ കാര്യമോര്‍ക്കാന്‍ അയാള്‍ക്കു സമയമില്ലെന്നതായിരുന്നു വാസ്തവം.

പക്ഷേ, പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. ആദ്യം അയാളുടെ ജോലി നഷ്ടപ്പെട്ടു. അതോടൊപ്പം അയാള്‍ക്ക് ഹൃദ്രോഗവും ബാധിച്ചു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കൂടാതെ അയാള്‍ രക്ഷപ്പെടില്ലെന്നായിരുന്നു വിദഗ്ധരായ ഡോക്ടര്‍മാരുടെ നിഗമനം.

ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിക്കുവേണ്ടി ഓപ്പറേഷന്‍ തീയേറ്റര്‍വരെ അയാള്‍ പോയതായിരുന്നു. പക്ഷേ, അപ്പോഴേക്കും ഹാര്‍ട്ട് സര്‍ജനുമായി അയാള്‍ ഉടക്കി. തന്മൂലം, ശസ്ത്രക്രിയ നടത്താതെ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തിയ അയാള്‍ സിയാറ്റിലിലെ പ്രസിദ്ധമായ ഹോപ്ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തന്റെ മെഡിക്കല്‍ ഫയല്‍ അയച്ചുകൊടുത്തു. സാധിക്കുമെങ്കില്‍ അവിടെ ഓപ്പറേഷന്‍ നടത്താമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍.


എന്നാല്‍, അവിടെനിന്നുള്ള മറുപടി കാത്തിരിക്കാന്‍ അയാള്‍ക്കു തോന്നിയില്ല. അങ്ങനെയാണ് ഭാര്യയും കുട്ടികളും പുറത്തുപോയിരുന്ന അവസരത്തില്‍ അയാള്‍ ആത്മഹത്യയ്ക്കു തയാറെടുത്തത്.

പക്ഷേ, ഉറക്കഗുളികകള്‍ വിഴുങ്ങുന്നതിനു തൊട്ടുമുമ്പ് ഡോ.സാവുവേജിന്റെ ഫോണ്‍ വന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ചോദ്യവും.

ആ ചോദ്യത്തിന് ഉത്തരം പറഞ്ഞതോടൊപ്പം അയാള്‍ ഡോക്ടറോടു ചോദിച്ചു: 'ഓപ്പറേഷന് ദൈവത്തിലുള്ള വിശ്വാസവുമായി എന്താണുബന്ധം?'

ഇവ രണ്ടും തമ്മില്‍ വലിയബന്ധമുണെ്ടന്നായിരുന്നു ഡോക്ടറുടെ ഉത്തരം. അതിനുശേഷം ഡോക്ടര്‍ ഒന്നിനു പിന്നാലെ ഒന്നായി പലചോദ്യങ്ങള്‍ അയാളോടു ചോദിച്ചു:

'എന്തുകൊണ്ടാണ് നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്? ജീവിതസന്തോഷം എന്നു പറയുന്നതുകൊണ്ട് നിങ്ങളെ സംബന്ധിച്ച് എന്താണ് അര്‍ഥം? ഓപ്പറേഷന്‍ വിജയിച്ചാല്‍ നിങ്ങളുടെ ജീവിതംകൊണ്ട് നിങ്ങള്‍ എന്തുചെയ്യും?'

ഈ ചോദ്യങ്ങള്‍ ഫോര്‍ജിയോണിനെ ഏറെ പിടിച്ചുകുലുക്കി. എങ്കിലും ഈ ചോദ്യങ്ങള്‍ നല്ല ഒരു ആത്മപരിശോധന നടത്തുവാന്‍ അയാള്‍ക്ക് അവസരം നല്‍കി.

അധികം താമസിയാതെ ഡോ.സാവുവേജ് വീണ്ടും അയാളെ ഫോണില്‍വിളിച്ചു. അന്നു ഡോ. സാവുവേജ് അയാളോടു പറഞ്ഞു: 'ഒരു കാര്യംഓര്‍മിക്കണം. രോഗശാന്തിയുടെ കാര്യത്തില്‍ ദൈവം ഞങ്ങളുടെ ടീമിലെ പ്രധാന അംഗമാണ്. അവിടുത്തെക്കൂടാതെ നമ്മള്‍ ഒരിടത്തും എത്തില്ല.'

രോഗിയില്‍ കൈവയ്ക്കുന്നതിനുമുമ്പ് തന്റെ കൈയും മനസും ഹൃദയവും ദൈവത്തിലര്‍പ്പിക്കുന്ന ഡോ.സാവുവേജ് സിയാറ്റിലിലെ ഹോപ്ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ച് 1987 ഫെബ്രുവരി അവസാനം ഫോര്‍ജിയോണിനെ ഓപ്പറേറ്റു ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം ഡോ. സാവുവേജ് ഫോര്‍ജിയോണിനോടു പറഞ്ഞു: 'നിങ്ങള്‍ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പക്ഷേ, അത് എന്തിനുവേണ്ടിയാണെന്ന് നിങ്ങള്‍ കണ്ടുപിടിക്കൂ.'

അന്നത്തെ വിജയകരമായ ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിക്കുശേഷം തന്റെ ജീവിതം ദൈവത്തില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് 'ഗൈഡ്‌പോസ്റ്റ്‌സ്' മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫോര്‍ജിയോണ്‍ പറയുന്നു.

'നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണേ്ടാ' എന്ന് ഒരു നിര്‍ണായക നിമിഷത്തില്‍ ആരെങ്കിലും നമ്മോടു ചോദിച്ചെന്നിരിക്കട്ടെ. അപ്പോള്‍ 'ഉണ്ട്' എന്നായിരിക്കും മിക്കവരും പറയുക. എന്നാല്‍ നാം വിശ്വസിക്കുന്ന ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ നാം എത്രമാത്രം സ്ഥാനം നല്‍കുന്നുണ്ട്? തിരക്കിനിടയില്‍ പലപ്പോഴും നാം അവിടുത്തെ ഓര്‍മിക്കാറുപോലുമില്ല എന്നതല്ലേ വാസ്തവം?

ദൈവത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം അംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഫോര്‍ജിയോണിനെപ്പോലെ ഒരുപ്രതിസന്ധി ഘട്ടംവരെ നാം കാത്തിരിക്കേണ്ട. രോഗശാന്തിയുടെ കാര്യത്തില്‍ ദൈവത്തെ തന്റെ ടീമിലെ പ്രധാന അംഗമാക്കി മാറ്റിയ ഡോ.സാവുവേജിനെപ്പോലെ നമ്മുടെ ജീവിതത്തിലെ പ്രധാന പങ്കാളിയായി ദൈവത്തെ നമുക്കു സ്വീകരിക്കാം; അവിടുത്തെ നിര്‍ദേശമനുസരിച്ച് ജീവിക്കാം; അവിടുത്തെ കൈപിടിച്ചുകൊണ്ട് മുന്നോട്ടുപോകാം.
    
To send your comments, please clickhere