Jeevithavijayam
3/4/2023
    
ദൈവത്തിsâ സ്വപ്നത്തില്‍ നമ്മള്‍
എറീഡിസ് അഗുയിലീറയുടെ സുഹൃത്തായിരുന്നു റെബേക്ക. അവര്‍ ഇരുവരും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുവേണ്ടി ലൈബ്രറിയിലിരുന്നു പഠിക്കുമ്പോള്‍ അഗുയിലീറയ്ക്ക് ആധികയറി. പരീക്ഷയില്‍ താന്‍ തോറ്റുപോകുമെന്നായിരുന്നു ആ യുവാവിന്റെ ഭയം. അയാള്‍ അക്കാര്യം റെബേക്കയോടു പറയുകയും ചെയ്തു.

അവള്‍ കുറെനേരം അഗുയിലീറയുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു. അതിനുശേഷം സ്വരം താഴ്ത്തി ഒരു രഹസ്യംപറയുന്നതുപോലെ മന്ത്രിച്ചു: 'എറീഡിസ്, പരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമറിയില്ലെങ്കില്‍ ദൈവത്തോടു സഹായിക്കാന്‍ പറയൂ.'

ക്യൂബയില്‍ ജനിച്ചുവളര്‍ന്നയാളാണ് അഗുയിലീറ. അവിടത്തെ കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ ദൈവത്തെക്കുറിച്ചു പഠിക്കുവാന്‍ അയാള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. വീട്ടില്‍ ലഭിച്ച ശിക്ഷണത്തിലും ദൈവത്തിനു സ്ഥാനമുണ്ടായിരുന്നില്ല.

പ്രവേശന പരീക്ഷയില്‍ ജയിച്ച് മെഡിസിനു പഠിച്ചു ഡോക്ടറാകണം അതായിരുന്നു അഗുയിലീറയുടെ ഒരു സ്വപ്നം. ക്യൂബയില്‍നിന്ന്, അവസരങ്ങളുടെ നാടായ അമേരിക്കയിലെത്തുക അതായിരുന്നു അയാളുടെ മറ്റൊരു സ്വപ്നം.

അമേരിക്കന്‍ വിസ ലഭിക്കുവാന്‍വേണ്ടി അഗുയിലീറ അക്കൊല്ലത്തെ ഗ്രീന്‍കാര്‍ഡ് ലോട്ടറിയില്‍ ചേര്‍ന്നിരുന്നു. അക്കൊല്ലം ക്യൂബയില്‍നിന്ന് 20,000 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അമേരിക്കയിലേക്കു വിസ നല്‍കുവാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു.

എന്‍ട്രന്‍സ് പരീക്ഷയ്ക്കുവേണ്ടി അഗുയിലീറ രാപ്പകല്‍ വിശ്രമംകൂടാതെ പഠിച്ചുവെങ്കിലും പരീക്ഷ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. പരീക്ഷയില്‍ കണക്കിന്റെ ഒരു ചോദ്യം അയാളെ ഏറെ ബുദ്ധിമുട്ടിച്ചു. അപ്പോഴാണ് റെബേക്കയുടെ ഉപദേശം അയാള്‍ ഓര്‍മിച്ചത്. അതുവരെ ദൈവത്തോടു പ്രാര്‍ഥിച്ചിട്ടില്ലാത്ത വ്യക്തിയായിരുന്നു അഗുയിലീറ. പ്രാര്‍ഥന എന്താണെന്നുപോലും അയാള്‍ക്കു ശരിയായി അറിയില്ലായിരുന്നു.

പക്ഷേ, പരീക്ഷ ജയിക്കേണ്ടതിന്റെ ആവശ്യകതയോര്‍ത്തപ്പോള്‍ അയാള്‍ അറിയാതെ പ്രാര്‍ഥിച്ചു: 'ദൈവമേ, അങ്ങ് ആരായിരുന്നാലും ഒരു ഡോക്ടറാകണമെന്നാണ് എന്റെ ആഗ്രഹം. അതാണ് എന്റെ സ്വപ്നം. എന്നെ സഹായിക്കൂ.'

പ്രാര്‍ഥന ഫലിച്ചു. കണക്കിന്റെ ആ ചോദ്യത്തിന് അഗുയിലീറ അന്ന് ഉത്തരമെഴുതി. ആ ഒരു ചോദ്യത്തിനുള്ള ഉത്തരത്തിന്റെ മാര്‍ജിനിലാണത്രേ അയാള്‍ എന്‍ട്രന്‍സ് പരീക്ഷ പാസായത്.

അഗുയിലീറ മെഡിസിന്‍ പഠനം ആരംഭിച്ചതോടൊപ്പം ദൈവത്തെക്കുറിച്ചും പഠിക്കുവാന്‍ തുടങ്ങി. ബൈബിളായിരുന്നു അതിനുള്ള പ്രധാന ആശ്രയം. ദൈവത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞപ്പോള്‍ പ്രാര്‍ഥന എളുപ്പമായി മാറി. ഈ അനുഭവത്തെക്കുറിച്ച് അഗുയിലീറ 'ഗൈഡ് പോസ്റ്റ്‌സ്' മാസികയിലെഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: 'ഇതുവരെ സ്വപ്നം കാണുവാന്‍ മാത്രമായിരുന്നു എനിക്കു സാധിച്ചിരുന്നത്. ഇപ്പോഴാകട്ടെ പ്രാര്‍ഥിക്കുവാനും എനിക്കു സാധിക്കുന്നു.'

അമേരിക്കയിലേക്കു കുടിയേറുന്നതുസംബന്ധിച്ച് അഗുയിലീറ സ്വപ്നംകണ്ടു. അതിനുവേണ്ടി പ്രാര്‍ഥിച്ചു. പക്ഷേ, മെഡിസിന്‍ പഠനത്തിന്റെ മൂന്നാംവര്‍ഷമായിട്ടും അമേരിക്കയിലേക്കുള്ള വിസ സംബന്ധിച്ച് ഒരു തീരുമാനവുമായില്ല. തന്മൂലം, തന്റെ സ്വപ്നം സാക്ഷാത്കരിക്കാനിടയില്ല എന്ന ചിന്ത അഗുയിലീറയില്‍ കടന്നുകൂടി.

അമേരിക്കയിലേക്കു കുടിയേറുന്നതുസംബന്ധിച്ച പ്രതീക്ഷ നശിച്ച അഗുയിലീറ ഒരു ദിവസം കടലില്‍ ചൂണ്ടയിടുവാന്‍ പോയി. 1997 ഫെബ്രുവരിയിലെ ഒരു ശനിയാഴ്ചയായിരുന്നു അത്. അയാള്‍ ചൂണ്ടയിട്ടുനില്‍ക്കുമ്പോള്‍ ഒരു കുപ്പി കടല്‍ത്തീരത്തുവന്നടിഞ്ഞു. ആ ബോട്ടിലെടുത്തു കടലിലേക്കു വലിച്ചെറിയുവാനാണ് ആദ്യം അയാള്‍ക്കു തോന്നിയത്. പക്ഷേ, ആ കുപ്പിക്കുള്ളില്‍ ഒരു കത്തു കിടക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.


അയാള്‍ വേഗം കുപ്പി തല്ലിപ്പൊട്ടിച്ചു കത്തുപുറത്തെടുത്തു. ഇംഗ്ലീഷിലുള്ള ഒരു കുറിപ്പായിരുന്നു അത്. ആ കുറിപ്പനുസരിച്ച്, 1993 ജൂലൈ 30ന് അമേരിക്കയിലെ മാസച്യൂസെറ്റ്‌സിലുള്ള കേപ് കോഡില്‍നിന്നു കടലിലെറിയപ്പെട്ട ബോട്ടിലായിരുന്നു അത്. അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തുനിന്നു കേപ്‌കോഡില്‍ അവധി ചെലവഴിക്കാനെത്തിയ ലീസ്‌ക് കുടുംബാംഗങ്ങളാണ് ആ കുപ്പി കടലില്‍ നിക്ഷേപിച്ചത്. കുപ്പി കണെ്ടടുക്കുന്നവര്‍ അക്കാര്യം തങ്ങളെ അറിയിച്ചുകൊണ്ടു കത്തെഴുതിയാല്‍ അതിനു മറുപടി നല്‍കുമെന്നു കുപ്പിക്കുള്ളിലെ കത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു.

മൂന്നു വര്‍ഷവും ആറുമാസവും പതിനഞ്ചുദിവസവും കടലിലൂടെ യാത്ര ചെയ്തു തന്റെ പക്കലെത്തിയ ആ കത്ത് ദൈവത്തില്‍നിന്നുള്ള ഒരു സൂചനയായി അഗുയിലീറ കരുതി. അയാള്‍ വേഗം ലീസ്‌ക് കുടുംബാംഗങ്ങള്‍ക്കു കത്തെഴുതി. അതോടൊപ്പം തന്റെ സ്വപ്നസാക്ഷാത്കാരത്തിനായുള്ള പ്രാര്‍ഥനയുടെ ശക്തിയും കൂട്ടി.

ലീസ്‌ക് കുടുംബാംഗങ്ങള്‍ അഗുയിലീറയ്ക്ക് മറുപടി എഴുതി. അമേരിക്കയിലെത്തുവാനിടയായാല്‍ തങ്ങളെ സന്ദര്‍ശിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഗുയിലീറയെ അമേരിക്കന്‍ വിസയ്ക്ക് അര്‍ഹനാക്കിക്കൊണ്ടുള്ള ഗ്രീന്‍കാര്‍ഡ് ലോട്ടറിയുടെ ഫലം വന്നു. അന്ന് അഗുയിലീറയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

അധികം താമസിയാതെ അഗുയിലീറ അമേരിക്കയിലേക്കു യാത്രയായി. യാത്ര പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് അഗുയിലീറ തന്റെ കൊച്ചുസഹോദരിയായ ലിസറ്റിനെ അരികില്‍വിളിച്ച് അവള്‍ക്കു തന്റെ ബൈബിള്‍ കൊടുത്തുകൊണ്ടു പറഞ്ഞു: 'ലിസറ്റ്, ബൈബിള്‍ വായിക്കുകയും ദൈവത്തിലാശ്രയിക്കുകയും ചെയ്യുക. നിന്നെക്കുറിച്ചും അവിടുത്തേക്ക് ഒരു സ്വപ്നമുണ്ട്.'

അഗുയിലീറയ്ക്ക് തന്നെക്കുറിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ശ്രമിക്കുമ്പോഴാണ് ദൈവത്തെ അറിയാനിടയായതും ദൈവത്തിനു തന്നെക്കുറിച്ച് ഒരു സ്വപ്നമുണെ്ടന്നു മനസിലാക്കാന്‍ സാധിച്ചതും. അങ്ങനെയാണ് പ്രാര്‍ഥനയിലൂടെയും ബൈബിള്‍ വായനയിലൂടെയും ദൈവവുമായി സുദൃഢമായ ഒരു ബന്ധം സ്ഥാപിക്കുവാന്‍ അഗുയിലീറയ്ക്കു സാധിച്ചത്.

ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങള്‍ ഉള്ളവരാണു നമ്മള്‍. എന്നാല്‍, സ്വപ്നസാക്ഷാത്കാരത്തിനായി നാം എത്രമാത്രം ദൈവത്തിലാശ്രയിക്കുന്നുണ്ട് എന്നതാണു പ്രസക്തമായ കാര്യം. പലപ്പോഴും നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിനായി നാം തനിയെയല്ലേ പരിശ്രമിക്കാറുള്ളത്? നമ്മുടെ സ്വപ്നങ്ങള്‍ ഫലമണിയുന്നതില്‍ ദൈവത്തിന്റെ സഹായം നാം എപ്പോഴും തേടാറുണേ്ടാ?

അഗുയിലീറ സ്വപ്നംകാണുക മാത്രമല്ല ചെയ്തത്. തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിച്ചതോടൊപ്പം പ്രാര്‍ഥനയിലൂടെ ദൈവത്തിന്റെ സഹായവും അയാള്‍ തേടി. അങ്ങനെയാണ് അയാള്‍ തന്റെ സ്വപ്നം നേടിയെടുത്തത്.

നമുക്കു നമ്മെക്കുറിച്ചു സ്വപ്നങ്ങള്‍ ഉള്ളതുപോലെ ദൈവത്തിനും നമ്മെക്കുറിച്ചു സ്വപ്നങ്ങള്‍ ഉണ്ട് എന്നതാണു വസ്തുത. ദൈവത്തിനു നമ്മെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അറിയണമെങ്കില്‍ അതിനു പ്രാര്‍ഥനയാണു പ്രധാന ആശ്രയം. പ്രാര്‍ഥനയിലൂടെ ദൈവവുമായി നാം നിരന്തരം ബന്ധപ്പെട്ടാല്‍ അവിടുത്തേക്കു നമ്മെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ തന്നെയായിരിക്കും നാം നമ്മുടെ സ്വപ്നങ്ങളായി നമ്മുടെ ജീവിതത്തില്‍ കാണുക. അവിടുത്തെ സ്വപ്നങ്ങളും നമ്മുടെ സ്വപ്നങ്ങളും ഒന്നാകുമ്പോള്‍ അവ സാക്ഷാത്കരിക്കപ്പെടുമെന്നതില്‍ സംശയമേ വേണ്ട.
    
To send your comments, please clickhere