Jeevithavijayam
3/23/2023
    
സമൃദ്ധിയില്ലെങ്കിലും സംതൃപ്തി
''നിനക്കു വേണ്ടതു സമ്പത്തോ സുഖമുള്ള ജീവിതമോ? ഏതാണിഷ്ടമെന്നു പറഞ്ഞാല്‍ അതിനുള്ള വരം തരാം.'' യശോവര്‍മന്റെ ഇഷ്ടദേവത സ്വപ്നത്തില്‍ അയാളോടു പറഞ്ഞു. കൗതുകപുരം എന്ന രാജ്യത്തെ ബഹുസുവര്‍ണകന്‍ എന്ന രാജാവിന്റെ സേവകനായിരുന്നു യശോവര്‍മന്‍. സാമാന്യം നല്ല സമ്പത്തുള്ളവനായിരുന്നു രാജാവ്. പക്ഷേ, യശോവര്‍മന് വേതനം നല്‍കുന്ന കാര്യത്തില്‍ രാജാവ് അത്ര തത്പരനായിരുന്നില്ല.

യശോവര്‍മന്‍ പലതവണ രാജസന്നിധിയില്‍ തന്റെ സങ്കടമുണര്‍ത്തിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. അതുകൊണ്ടാണ് തന്റെ ദാരിദ്ര്യദുഃഖം മാറിക്കിട്ടാന്‍ യശോവര്‍മന്‍ തപസനുഷ്ഠിച്ചത്. കഠിനതപസായിരുന്നു അയാളുടേത്. തപസില്‍ സംപ്രീതയായ ഇഷ്ടദേവത അയാള്‍ക്കു വരം നല്‍കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. അല്പസമയത്തെ ആലോചനയ്ക്കു ശേഷം അയാള്‍ പറഞ്ഞു: ''എനിക്കു സമ്പത്ത് മതി.''

അപ്പോള്‍ ദേവത പറഞ്ഞു: ''നീ ഒന്നുകൂടി ആലോചിച്ചിട്ടു തീര്‍ച്ചപ്പെടുത്തുന്നതായിരിക്കും നല്ലത്.' അയാള്‍ അതിനു സമ്മതിച്ചപ്പോള്‍ ദേവത പറഞ്ഞു: ''നിന്റെ നാട്ടില്‍ അര്‍ഥവര്‍മന്‍ എന്നും ഭോഗവര്‍മന്‍ എന്നും രണ്ടുപേരുണ്ട്. നീ അവര്‍ ഓരോരുത്തരുടെയും ജീവിതരീതി കണ്ടുമനസിലാക്കിയ ശേഷം മാത്രം മറുപടി പറഞ്ഞാല്‍ മതി.''

ഉറക്കമുണര്‍ന്ന യശോവര്‍മന്‍ ആദ്യം പോയത് അര്‍ഥവര്‍മന്റെ ഭവനത്തിലേക്കാണ്. വലിയൊരു കൊട്ടാരത്തിലായിരുന്നു അയാളുടെ താമസം. ഇഷ്ടംപോലെ സമ്പത്തും ആവശ്യത്തിലേറെ സേവകരുമുണ്ടായിരുന്നു അയാള്‍ക്ക്. അര്‍ഥവര്‍മന്‍ യശോവര്‍മനെ സന്തോഷപൂര്‍വം സ്വീകരിച്ചു. തന്റെ ഇഷ്ടദേവതയുടെ നിര്‍ദേശാനുസരണമാണ് താന്‍ അര്‍ഥവര്‍മനെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത് എന്നറിയിച്ചപ്പോള്‍ അര്‍ഥവര്‍മന്‍ ഏറെ സന്തുഷ്ടനായി. അയാള്‍ യശോവര്‍മന് വിഭവസമൃദ്ധമായ ഒരു സദ്യ ഒരുക്കി.

പക്ഷേ, ഭക്ഷണസമയത്ത് അര്‍ഥവര്‍മന്‍ അല്പം വറുത്ത ധാന്യപ്പൊടി മാത്രമേ കഴിച്ചുള്ളു. ''എന്തുകൊണ്ടാണ് അങ്ങ് ഭക്ഷണമൊന്നും കഴിക്കാത്തത്?'' യശോവര്‍മന്‍ ചോദിച്ചു. അപ്പോള്‍ അര്‍ഥവര്‍മന്‍ പറഞ്ഞു: ''എനിക്ക് ഇഷ്ടംപോലെ സമ്പത്തുണ്ട്. പക്ഷേ, അതു ശരിയായി അനുഭവിക്കാനുള്ള ഭാഗ്യമില്ല. ഞാന്‍ എന്തു കഴിച്ചാലും ദഹനക്കേടാണ്. അതുകൊണ്ട് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം അല്പം ഭക്ഷണം കഴിക്കുന്നു.'

അര്‍ഥവര്‍മന്‍ പറഞ്ഞതു കേട്ടപ്പോള്‍ യശോവര്‍മന് അയാളോട് അനുകമ്പ തോന്നി. തന്റെ ബഹുമാനാര്‍ഥം തയാറാക്കിയ വിഭവങ്ങളില്‍ അല്പമെങ്കിലും രുചിച്ചുനോക്കാന്‍ യശോവര്‍മന്‍ ആതിഥേയനോട് അഭ്യര്‍ഥിച്ചു. യശോവര്‍മന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആ സമ്പന്നന്‍ പല വിഭവങ്ങളും രുചിച്ചുനോക്കി. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ഛര്‍ദിക്കാന്‍ തുടങ്ങി. അനുഭവിക്കാന്‍ യോഗമില്ലെങ്കില്‍ ധനമുണ്ടായിട്ടെന്തു കാര്യം? യശോവര്‍മന്‍ സ്വയം ചോദിച്ചു. അന്നു രാത്രി അയാള്‍ അര്‍ഥവര്‍മനോടൊപ്പം ചെലവഴിച്ചു.

പിറ്റേദിവസം അയാള്‍ ഭോഗവര്‍മനെ സന്ദര്‍ശിക്കാന്‍ പോയി. വലിയ ധനസ്ഥിതിയുള്ള ആളായിരുന്നില്ല ഭോഗവര്‍മന്‍. ചെറിയ തോതിലുള്ള കച്ചവടമായിരുന്നു അയാളുടെ ജീവിതമാര്‍ഗം. അയാള്‍ യശോവര്‍മനെ സന്തോഷപൂര്‍വം സ്വീകരിച്ചു. അപ്പോഴാണ് ഒരു സുഹൃത്ത് ഭോഗവര്‍മനെ ഒരു സല്‍ക്കാരത്തിനു ക്ഷണിക്കാനെത്തിയത്. തനിക്ക് ഒരു അതിഥിയുണ്ടെന്നു പറഞ്ഞ് ആ സല്‍ക്കാരത്തില്‍നിന്നു ഭോഗവര്‍മന്‍ പിന്മാറാന്‍ നോക്കി. അപ്പോള്‍ അതിഥിയെക്കൂടി സല്‍ക്കാരത്തിനു കൊണ്ടുവരാന്‍ സുഹൃത്ത് നിര്‍ബന്ധിച്ചു.


സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭോഗവര്‍മന്‍ തന്റെ അതിഥിയായ യശോവര്‍മനെയും കൂട്ടി സല്‍ക്കാരത്തിനു പോയി. വിഭവസമൃദ്ധമായ സദ്യയായിരുന്നു അവര്‍ക്കുവേണ്ടി തയാറാക്കപ്പെട്ടിരുന്നത്. ഭോഗവര്‍മനും യശോവര്‍മനും ആ സദ്യ നന്നായി ആസ്വദിച്ചു. അന്നു രാത്രി ഭോഗവര്‍മനോടൊപ്പം ചെലവഴിക്കുമ്പോള്‍ യശോവര്‍മന് ഒരുകാര്യം മനസിലായി. അതായത്, പണവും സമ്പത്തുമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം. പ്രത്യുത അല്പം ധനം മാത്രമേ ഉള്ളെങ്കിലും അതു മറ്റുള്ളവരുമായി പങ്കുവച്ച് കഴിയുന്നതിലാണ് ജീവിതസുഖം അടങ്ങിയിരിക്കുന്നത്. അടുത്തദിവസം ഭോഗവര്‍മന് നന്ദിപറഞ്ഞ് യശോവര്‍മന്‍ യാത്രയായി.

അന്ന് രാത്രി യശോവര്‍മന്റെ ഇഷ്ടദേവത സ്വപ്നത്തില്‍ അയാള്‍ക്കു വീണ്ടും പ്രത്യക്ഷപ്പെട്ട് ധനമാണോ ജീവിതസുഖമാണോ വേണ്ടതെന്നു വീണ്ടും ചോദിച്ചു. അപ്പോള്‍ യശോവര്‍മന് ഒരുനിമിഷംപോലും ആലോചിക്കേണ്ടിവന്നില്ല. അയാള്‍ വിനയപൂര്‍വം പറഞ്ഞു: ''എനിക്കു ജീവിതസുഖം മതി.' യശോവര്‍മന്‍ ആവശ്യപ്പെട്ടതുപോലെ ദേവത അയാള്‍ക്ക് ജീവിതസുഖത്തിനുള്ള വരം നല്‍കിയെന്നു കഥാസരിത് സാഗരത്തിലെ പുരാണകഥ പറയുന്നു.

ധനമില്ലാതെ സുഖമുണ്ടാകുമോ? ജീവിതത്തില്‍ സുഖമുണ്ടാകണമെങ്കില്‍ ധനം വേണമെന്നു നമ്മില്‍ ഏറെപ്പേരും ഉറക്കെപ്പറയും. അതുകൊണ്ടല്ലേ ധനത്തിന്റെ പിന്നാലെ നാം പരക്കംപായുന്നത്? എന്നാല്‍ ധനമുണ്ടായതിന്റെ പേരില്‍ മാത്രം ജീവിതത്തില്‍ സുഖം കണ്ടെത്തിയ എത്രപേരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ഒരുപക്ഷേ ധനമുള്ളതുകൊണ്ട് മാത്രം ജീവിതസുഖം നഷ്ടപ്പെടുന്നവരെ ചൂണ്ടിക്കാണിക്കുകയായിരിക്കുകയില്ലേ കൂടുതല്‍ എളുപ്പം? ധനം സമ്പാദിച്ചിട്ടുള്ള പലരും ജീവിതത്തില്‍ സുഖം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അതിനവര്‍ തെരഞ്ഞെടുത്ത വഴി തങ്ങളുടെ ധനം മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നുള്ളതായിരുന്നു. അര്‍ഥവര്‍മന് സമ്പത്തുണ്ടായിരുന്നു. പക്ഷേ, അതനുഭവിക്കാനുള്ള യോഗമില്ലായിരുന്നു. എങ്കിലും തന്റെ സമ്പത്തിലൊരുഭാഗം യശോവര്‍മനെപ്പോലുള്ളവര്‍ക്കു പങ്കുവയ്ക്കാന്‍ അയാള്‍ സന്മനസ് കാണിച്ചതുകൊണ്ട് അയാളുടെ സ്ഥിതി അത്ര കഷ്ടമല്ലായിരുന്നു.

ഭോഗവര്‍മന്‍ പണക്കാരനല്ലായിരുന്നു. പക്ഷേ, അയാളും തന്റെ ചെറിയ വരുമാനത്തിലൊരുഭാഗം യശോവര്‍മനുമായി പങ്കുവയ്ക്കാന്‍ സന്നദ്ധനായി. പങ്കുവയ്ക്കലായിരുന്നു അയാളുടെ ജീവിതസുഖത്തിനടിസ്ഥാനം. ജീവിതത്തില്‍ സുഖവും സംതൃപ്തിയും തേടുന്നവരാണ് നാമെല്ലാവരും. പക്ഷേ, അതിനുള്ള എളുപ്പമാര്‍ഗം ധനസമ്പാദനമാണെന്നു നാം തെറ്റായി വിശ്വസിക്കുന്നു. ഒരുപക്ഷേ, നമ്മുടെ ജീവിതത്തില്‍ അശാന്തിയുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം ഈ തെറ്റായ വിശ്വാസമല്ലേ? ജീവിതത്തില്‍ സുഖവും സംതൃപ്തിയും കണ്ടെത്താനുള്ള എളുപ്പമാര്‍ഗം നമുക്കുള്ളവ പങ്കുവയ്ക്കുക എന്നുള്ളതാണെന്നു നമുക്കു മറക്കാതിരിക്കാം. ധനം നമ്മുടെ ജീവിതത്തില്‍ ആവശ്യമായിരിക്കുന്നതുകൊണ്ട് ന്യായമായ മാര്‍ഗത്തിലൂടെ അതു സമ്പാദിക്കുന്നതിനു നാം മടിക്കേണ്ട. എന്നാല്‍, നാം സമ്പാദിക്കുന്ന ധനം നമുക്കുവേണ്ടി മാത്രം മാറ്റിവച്ചാല്‍ അതു നമ്മുടെ സന്തോഷത്തിനു വഴിതെളിക്കില്ല എന്നതില്‍ സംശയമില്ല.
    
To send your comments, please clickhere