Jeevithavijayam
3/26/2023
    
യാത്ര അഗ്‌നിരഥത്തിലായാലും
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജനറല്‍മാരിലൊരാളായിരുന്നു ആന്റിഗോണസ്. ബി.സി. 323ല്‍ അന്തരിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലശേഷം ബി.സി 306ല്‍ മാസിഡോണിയയിലെ രാജാവാകാന്‍ ആന്റിഗോണസിനു ഭാഗ്യംലഭിച്ചു.

ആന്റിഗോണസ് മാസിഡോണിയയില്‍ രാജാവായിരിക്കുമ്പോള്‍ ടോളമി ഒന്നാമനായിരുന്നു ഈജിപ്തിലെ രാജാവ്. അലക്‌സാണ്ടറുടെ കാലശേഷം ഈജിപ്തിന്റെ ഭരണം ഏറ്റെടുത്ത മാസിഡോണിയന്‍ വംശജനായ ടോളമി ബി.സി 285 വരെ ഭരണം നടത്തി.

ഒരിക്കല്‍ ആന്റിഗോണസും ടോളമി ഒന്നാമനും തമ്മില്‍ യുദ്ധം നടന്നു. വലിയൊരു കപ്പല്‍പ്പടയുമായി ടോളമി മാസിഡോണിയ ആക്രമിക്കാനെത്തുമ്പോള്‍ ആന്റിഗോണസിന്റെ പടയാളികള്‍ വിരണ്ടുപോയി. ആന്റിഗോണസിന്റെ പടനായകന്മാരിലൊരാള്‍ അദ്ദേഹത്തോടു പറഞ്ഞു: ''അവര്‍ നമ്മെക്കാള്‍ വളരെയധികം പേരുണ്ട്. നമ്മുടെ പ്രതിരോധം അത്ര എളുപ്പമാവില്ല.'

നിര്‍ഭയനായി ആന്റിഗോണസ് ചോദിച്ചു: ''അവര്‍ എണ്ണത്തില്‍ നമ്മെക്കാള്‍ അധികമുണ്ട്. എന്നാല്‍, എന്നെ ഒരാള്‍ മാത്രമായാണോ നിങ്ങള്‍ എണ്ണുന്നത്?'' വീരപരാക്രമിയായ പോരാളിയായിരുന്നു ആന്റിഗോണസ് രാജാവ്. അദ്ദേഹത്തിന് ഒരേസമയം ഒട്ടേറെപ്പേരുമായി പടവെട്ടാനുള്ള കഴിവുണ്ടായിരുന്നു. തന്റെ പടയാളികള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും ആന്റിഗോണസിന് അന്നു ടോളമിയെ തിരിച്ചോടിക്കാന്‍ സാധിച്ചു.

ജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളുമായി മല്ലടിക്കുന്നവരാണ് നമ്മള്‍. ദൈവം മാത്രമേ നമുക്ക് തുണയായുള്ളൂവെന്ന് അങ്ങനെയുള്ള അവസരങ്ങളില്‍ നാം പറയാറുണ്ട്. എന്നാല്‍, ദൈവം എന്ന ഏകന്‍ മാത്രമേ നമുക്കു തുണയായിട്ടുള്ളൂവെങ്കിലും നമ്മുടെ ഏതു പ്രശ്‌നപരിഹാരത്തിനും അവിടുന്നു മാത്രം മതി എന്നതു നാം എന്തുകൊണ്ടോ വിസ്മരിച്ചുപോകുന്നു. അതുകൊണ്ടല്ലേ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുന്നതിനു പകരം ഭയവിഹ്വലരായി നാം തീതിന്നുന്നത്!

ടോളമിയുടെ കപ്പല്‍പ്പട കണ്ടപ്പോള്‍ ആന്റിഗോണസിന്റെ പടനായകന്‍ അത്യധികം ഭയപ്പെട്ടുപോയി. യുദ്ധം വിജയിപ്പിക്കുന്നതില്‍ തന്റെ രാജാവിനുള്ള അനിതരസാധാരണമായ കഴിവിനെക്കുറിച്ച് അയാള്‍ അപ്പോള്‍ ഓര്‍മിച്ചില്ല.

നമ്മുടെ കാര്യത്തില്‍ സംഭവിക്കുന്നതും ഏതാണ്ടിതുപോലെയാണ്. ഏതു പ്രതിസന്ധിയിലും നമ്മെ സഹായിക്കാന്‍ സന്നദ്ധനായി നില്‍ക്കുന്ന ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. എന്നാല്‍, അവിടുത്തോടൊപ്പം ചേര്‍ന്ന് നമ്മുടെ പ്രതിസന്ധികളെ നാം അഭിമുഖീകരിച്ചാല്‍ വിജയം നമുക്ക് സുനിശ്ചിതമാണെന്ന കാര്യം നാം എങ്ങനെയോ വിസ്മരിച്ചുപോകുന്നു. തന്മൂലം നമ്മുടെ പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും ദൈവത്തെ പൂര്‍ണമായി ആശ്രയിക്കുന്നതിനു പകരം മറ്റു ശക്തികളില്‍ നാം ആശ്രയിക്കുന്നു. അതുവഴിയായി നാം ദുരന്തത്തില്‍നിന്നു വീണ്ടും ദുരന്തത്തിലേക്കു നിപതിക്കുകയും ചെയ്യുന്നു.

മഹാഭാരത കഥയനുസരിച്ച് പാണ്ഡവകൗരവ യുദ്ധം നടക്കുന്നതിനു മുമ്പ് പാണ്ഡവരും കൗരവരും ശ്രീകൃഷ്ണന്റെ സഹായം തേടുകയുണ്ടായി. യുദ്ധത്തില്‍ ശ്രീകൃഷ്ണന്റെ സഹായം തേടാനായി ദ്വാരകയില്‍ ആദ്യം എത്തിയത് കൗരവരുടെ നേതാവായ ദുര്യോധനനായിരുന്നു. ഭഗവാന്‍ അപ്പോള്‍ ഉറക്കംനടിച്ച് കിടക്കുകയായിരുന്നു. അതുകൊണ്ടു ദുര്യോധനന്‍ ശ്രീകൃഷ്ണന്റെ ശിരോഭാഗത്തു കിടന്ന കസേരയിലിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ പാണ്ഡവരുടെ പ്രതിനിധിയായി അര്‍ജുനന്‍ എത്തി. അദ്ദേഹം ഭഗവാന്റെ കാല്‍ക്കല്‍ കൂപ്പുകൈകളോടെ നിന്നു. അപ്പോള്‍ ശ്രീകൃഷ്ണന്‍ കണ്ണുതുറന്നു. അങ്ങനെ അര്‍ജുനനെ അദ്ദേഹം ആദ്യം കാണാനിടയായി. ഉടനേ അര്‍ജുനന്‍ ശ്രീകൃഷ്ണന്റെ സഹായം യാചിച്ചു. പക്ഷേ, അപ്പോള്‍ ദുര്യോധനന്‍ ഇടയ്ക്കുകയറി, താനാണ് ആദ്യം സഹായം യാചിക്കാന്‍ വന്നത് എന്നറിയിച്ചു.


അങ്ങനെയെങ്കില്‍, താന്‍ രണ്ടുകൂട്ടരെയും സഹായിക്കാമെന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞു. ഒരുകൂട്ടര്‍ക്ക് തന്റെ സൈന്യങ്ങളെ മുഴുവനും നല്‍കാമെന്നും രണ്ടാമത്തെ കൂട്ടര്‍ക്ക് താന്‍ നിരായുധനായ ഒരു സഹായി ആയിത്തീരാമെന്നും ശ്രീകൃഷ്ണന്‍ അറിയിച്ചു. അര്‍ജുനനു ദുര്യോധനനെക്കാള്‍ പ്രായം കുറവായിരുന്നതുകൊണ്ട് രണ്ടിലൊന്ന് ആദ്യം തെരഞ്ഞെടുക്കാനുള്ള അവസരം അര്‍ജുനനാണ് ശ്രീകൃഷ്ണന്‍ നല്‍കിയത്. അദ്ദേഹം പെട്ടെന്ന് സഹായിയായി ശ്രീകൃഷ്ണനെ തെരഞ്ഞെടുക്കുകയും ചെയ്തു. ദുര്യോധനനും സന്തോഷമായി. കാരണം, അദ്ദേഹത്തിനു ശ്രീകൃഷ്ണന്റെ സൈന്യത്തെ മുഴുവന്‍ ലഭിച്ചല്ലോ.

പിന്നീട് കുരുക്ഷേത്ര യുദ്ധത്തില്‍ നടന്നത് എന്താണെന്നു നമുക്കറിയാം. അര്‍ജുനന്റെ തേര് തെളിച്ച ശ്രീകൃഷ്ണന്റെ സഹായംകൊണ്ട് പാണ്ഡവപ്പട ശ്രീകൃഷ്ണന്റെ സൈന്യം മുഴുവന്‍ ഉള്‍പ്പെട്ടിരുന്ന കൗരവപ്പടയെ നിശേഷം തകര്‍ത്തു. ആ വിജയത്തിനു പിന്നിലെ ശക്തി ശ്രീകൃഷ്ണനായിരുന്നു.

ദൈവം നമ്മോടുകൂടിയുണ്ടെങ്കില്‍ നമുക്കൊന്നും ഭയപ്പെടാനില്ലെന്നു വ്യക്തമാക്കുന്ന അതിമനോഹരമായ കഥയാണിത്. ദുര്യോധനന്‍ തന്റെ വിജയത്തിനുവേണ്ടി സൈന്യബലം എന്ന ഭൗതിക ശക്തിയിലാണ് ആശ്രയിച്ചത്. എന്നാല്‍ അര്‍ജുനനാകട്ടെ ഭൗതികശക്തിയിലെന്നതിനേക്കാള്‍ അധികമായി ദൈവികശക്തിയിലാണ് ആശ്രയിച്ചത്. തന്മൂലമാണ്, സൈന്യബലത്തില്‍ പാണ്ഡവര്‍ കൗരവരെക്കാള്‍ ബഹുദൂരം പിന്നിലായിരുന്നിട്ടും യുദ്ധത്തില്‍ പാണ്ഡവര്‍ ജയിച്ചത്.

നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിനു തീര്‍ച്ചയായും മാനുഷികമായ പരിഹാരവിധികള്‍ നാം തേടണം. അതു നമ്മുടെ കടമയുമാണ്. എന്നാല്‍ ഈ പരിഹാരവിധികള്‍ നാം തേടേണ്ടതു ദൈവത്തില്‍ ആശ്രയമര്‍പ്പിച്ചുകൊണ്ടായിരിക്കണമെന്നു മാത്രം. അങ്ങനെ ചെയ്താല്‍ ഒരു പ്രതിസന്ധിയിലും നാം പരാജയപ്പെടുകയില്ലെന്നതാണു വസ്തുത.

ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ഏലിയാ പ്രവാചകന്‍ തന്റെ പ്രവാചകദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ ജീവനോടെ ഒരു അഗ്‌നിരഥത്തില്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുകയാണ് ചെയ്തത്. മതപഠന ക്ലാസില്‍ ഈ സംഭവം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു കുട്ടി ചോദിച്ചു: ''അഗ്‌നിരഥത്തില്‍ സഞ്ചരിക്കുന്നതിന് അദ്ദേഹത്തിനു പേടി തോന്നിക്കാണില്ലേ?' ഉടനെ മറ്റൊരു കുട്ടിയില്‍നിന്ന് ആ ചോദ്യത്തിന് ഉത്തരം ലഭിക്കുകയുണ്ടായി. ആ ഉത്തരം ഇതായിരുന്നു: ''ദൈവമാണ് തേര് തെളിക്കുന്നതെങ്കില്‍ അഗ്‌നിരഥത്തിലാണെങ്കിലും നാം ഭയപ്പെടേണ്ടതില്ല.'

എത്രയോ ശരിയായ കാര്യമാണിത്. ദൈവമാണ് നമ്മുടെ ജീവിതത്തിന്റെ തേര് തെളിക്കുന്നതെങ്കില്‍ പിന്നെ അഗ്‌നിരഥത്തില്‍ കയറാനും നാം എന്തിനു ഭയപ്പെടണം? ദൈവത്തിന്റെ സാന്നിധ്യത്തില്‍ അഗ്‌നിക്കെങ്ങനെ ശക്തിയുണ്ടാകാനാണ്? ഇനി, അഗ്‌നിക്കെന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ത്തന്നെ അതു ദൈവസാന്നിധ്യത്തില്‍ ശക്തിരഹിതമാവില്ലേ?

നമ്മുടെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ദൈവമായിരിക്കട്ടെ നമ്മുടെ തുണ. നാം പ്രത്യാശ വയ്ക്കുന്നതും അവിടുന്നിലാകട്ടെ. അങ്ങനെ ചെയ്താല്‍ അഗ്‌നിരഥത്തിലാണ് നമ്മുടെ യാത്രയെങ്കിലും അവിടുത്തെ ദിവ്യശക്തിയാല്‍ നാം സുരക്ഷിതരായിരിക്കും.

ഏതു പ്രതിസന്ധിയിലും നമ്മെ സഹായിക്കാന്‍ സന്നദ്ധനാണ് ദൈവം എന്നതു നമുക്ക് മറക്കാതിരിക്കാം. അതുപോലെ, അവിടുത്തെ ശക്തിസ്രോതസില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പരാജയത്തിന്റെ നിമിഷങ്ങളിലും നമുക്ക് പതറാതെ നില്‍ക്കാം.
    
To send your comments, please clickhere