Jeevithavijayam
3/28/2023
    
കുരുന്നിലേ കൂട്ടുകാര്‍ക്കുവേണ്ടി
ഏതാനും വര്‍ഷംമുമ്പ് പാരീസില്‍ കുട്ടികളുടെ ലോക ഉച്ചകോടി സമ്മേളനം നടക്കുന്ന അവസരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തൊള്ളായിരം കുട്ടികളാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. അവരിലൊരാള്‍ അമേരിക്കയില്‍നിന്നുള്ള എട്ടുവയസുകാരി മാക്കെന്‍സി സ്‌നൈഡര്‍ ആയിരുന്നു. രണ്ടാംക്ലാസില്‍ പഠിച്ചിരുന്ന ഈ കൊച്ചുമിടുക്കി തന്റെ സഹോദരങ്ങളായ ബ്രേക്ക്, കോറി എന്നിവരോടൊപ്പമായിരുന്നു ഉച്ചകോടിക്കെത്തിയത്.

സമ്മേളനത്തില്‍ മാക്കെന്‍സി രണ്ട് ആണ്‍കുട്ടികളുമായി പരിചയപ്പെട്ടു. അവര്‍ രണ്ടുപേരും അമേരിക്കയില്‍നിന്നുതന്നെ എത്തിയവരായിരുന്നു. അതുകൊണ്ട് അവരോടു ചങ്ങാത്തംകൂടാന്‍ എളുപ്പമായിരുന്നു.

അമേരിക്കയില്‍ ഫോസ്റ്റര്‍ കെയറില്‍ കഴിയുന്നവരായിരുന്നു ആ രണ്ട് ആണ്‍കുട്ടികളും. മാതാപിതാക്കള്‍ മക്കളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാതെവരുമ്പോള്‍ ഗവണ്‍മെന്റ് ഇടപെട്ട് കുട്ടികളെ നിര്‍ബന്ധപൂര്‍വം മറ്റു കുടുംബങ്ങളില്‍ കൊണ്ടുപോയി താമസിപ്പിക്കുന്ന രീതി അമേരിക്കയിലുണ്ട്. ഫോസ്റ്റര്‍ കെയര്‍ എന്ന പേരിലറിയപ്പെടുന്ന ഈ രീതിയനുസരിച്ച് അന്വേഷിക്കാന്‍ ആളില്ലാത്ത കുട്ടികളെ സ്വന്തം ഇഷ്ടത്താല്‍തന്നെയാണ് പലരും സ്വന്തം ഭവനങ്ങളിലേക്കു സ്വീകരിക്കുന്നത്. എങ്കില്‍പോലും ഇങ്ങനെയുള്ള കുട്ടികളുടെ കാര്യങ്ങള്‍ പലപ്പോഴും വളരെ ദയനീയമാണ്.

മാതാപിതാക്കളെ അവര്‍ക്കു നഷ്ടപ്പെടുന്നു എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതുപോലെ ചിലരുടെ കാര്യത്തിലെങ്കിലും സഹോദരങ്ങളെയും അവര്‍ക്കു നഷ്ടപ്പെട്ടേക്കാം. ഫോസ്റ്റര്‍ കെയറിലേക്കു സ്വീകരിക്കപ്പെടുന്ന സഹോദരങ്ങളെ പലപ്പോഴും വെവ്വേറെ ഭവനങ്ങളിലേക്ക് അയയ്ക്കുന്നുവെന്നതാണ് അതിന്റെ കാരണം.

ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടികള്‍ക്കുണ്ടാകുന്ന വിഷമതകളെക്കുറിച്ചു തന്റെ പുതിയ കൂട്ടുകാരില്‍നിന്നു കേട്ടപ്പോള്‍ മക്കെന്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍ അവളെ ഏറെ ദുഃഖിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു.

ഫോസ്റ്റര്‍ കെയറില്‍ പോകുന്ന കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍പോലും ആരും കൊടുത്തിരുന്നില്ലത്രേ. മാത്രമല്ല അവരില്‍ പലര്‍ക്കും ഒരു ബാഗുപോലും ആരും വാങ്ങിക്കൊടുത്തിരുന്നില്ല. പ്ലാസ്റ്റിക്കിന്റെ ഒരു ട്രാഷ് സഞ്ചിയിലാണ് മിക്കവരും വസ്ത്രങ്ങളും പുസ്തകവുമെല്ലാം വാരിക്കൂട്ടി എടുത്തുകൊണ്ടുപോയിരുന്നത്. ഇതും മാക്കെന്‍സിയെ ഏറെ ദുഃഖിപ്പിച്ചു.

പാരീസില്‍നിന്ന് ഉച്ചകോടി കഴിഞ്ഞ് അമേരിക്കയില്‍ മടങ്ങിയെത്തിയ മാക്കെന്‍സി, കുറേക്കഴിഞ്ഞപ്പോള്‍ അവിചാരിതമായി ഒരു സിനിമ കാണാനിടയായി. ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടികളുടെ ക്ലേശങ്ങള്‍ വരച്ചുകാട്ടുന്ന ചലച്ചിത്രമായിരുന്നു അത്. ആ സിനിമ കണ്ടപ്പോള്‍ പാരീസില്‍ തന്റെ കൂട്ടുകാര്‍ പറഞ്ഞത് എത്രയോ സത്യമായിരുന്നു എന്നവള്‍ ഓര്‍മിച്ചു. അന്നുതന്നെ അവള്‍ ഒരു തീരുമാനമെടുത്തു. ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടികളെ എങ്ങനെയെങ്കിലും താന്‍ സഹായിക്കും എന്നതായിരുന്നു അവളുടെ തീരുമാനം.

അത്തരക്കാരായ കുട്ടികള്‍ക്ക് ഏറ്റവും ആവശ്യം ഒരു സ്യൂട്ട്‌കെയ്‌സ്. അതോടൊപ്പം ഒരു ഹാന്‍ഡ്ബാഗ്. പിന്നെ, ഏകാന്തത അനുഭവപ്പെടുന്ന അവര്‍ക്ക് കളിക്കൂട്ടുകാരനായിരിക്കാന്‍ റ്റെഡി ബെയര്‍ പോലുള്ള വലിയ ഒരു കളിപ്പാവ. ഇത്രയും സാധനങ്ങള്‍ ഫോസ്റ്റര്‍ കെയറില്‍ കഴിയുന്നവര്‍ക്ക് എത്രയും വേഗം എത്തിക്കാന്‍ ആ എട്ടുവയസുകാരി ആഗ്രഹിച്ചു. വിവരം അവള്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞു. അവര്‍ക്കും സ്വീകാര്യമായിരുന്നു ഈ നിര്‍ദേശം.

മാക്കെന്‍സിയുടെ സഹോദരങ്ങളായ ബ്രോക്കും കോറിയും സന്നദ്ധസേവനത്തില്‍ എപ്പോഴും മുന്‍പന്തിയിലായിരുന്നു. മാത്രമല്ല, അവരുടെ മാതൃകയാണ് മാക്കെന്‍സിയെയും സന്നദ്ധസേവനത്തിനു കുഞ്ഞുപ്രായത്തില്‍തന്നെ പ്രേരിപ്പിച്ചത്.


ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടികള്‍ക്കുവേണ്ടി മാക്കെന്‍സി സ്യൂട്ട്‌കെയ്‌സുകളും ബാഗുകളും കളിപ്പാവകളും ശേഖരിക്കാന്‍ തുടങ്ങി. 1998 ഒക്‌ടോബറിലാണ് മാക്കെന്‍സി വന്‍തോതില്‍ ആ പരിപാടി ആരംഭിച്ചത്. പെട്ടെന്ന് ഇതു വാര്‍ത്തയായി.

ഒരു എട്ടുവയസുകാരി അമേരിക്കയിലെ ഫോസ്റ്റര്‍ കെയറിലുള്ള എല്ലാ കുട്ടികള്‍ക്കുംവേണ്ടി സ്യൂട്ട്‌കെയ്‌സും ബാഗുമൊക്കെ ശേഖരിക്കുന്നു എന്ന വാര്‍ത്ത 'വാഷിംഗ്ടണ്‍ പോസ്റ്റ്' പത്രത്തില്‍ ഒന്നാം പേജില്‍തന്നെ പ്രത്യക്ഷപ്പെട്ടു. ഉടനേ മാക്കെന്‍സിയെ തേടി മറ്റു പത്രക്കാരും ടെലിവിഷന്‍കാരുമൊക്കെ എത്തി.

പല പത്രങ്ങളിലും അവളെക്കുറിച്ചു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. പല റേഡിയോ നിലയങ്ങളും ടിവി സ്റ്റേഷനുകളും അവളെ ഇന്റര്‍വ്യു ചെയ്തു. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് അവളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കി.

മാക്കെന്‍സിയുടെ പരിശ്രമഫലമായി ചുരുങ്ങിയ സമയംകൊണ്ട് പതിനായിരത്തോളം സ്യൂട്ട്‌കെയ്‌സുകളും ബാഗുകളുമാണ് സമാഹരിച്ചു ഫോസ്റ്റര്‍ കെയറിലുള്ള കുട്ടികള്‍ക്ക് എത്തിച്ചുകൊടുത്തത്. ഇപ്പോഴും ആ പെണ്‍കുട്ടി തന്റെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഫോസ്റ്റര്‍ കെയറിലുള്ള കുട്ടികള്‍ക്കു ബാഗുകളും മറ്റും അയച്ചുകൊടുക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം കൈപ്പടയിലെഴുതിയ ഒരു കത്തും അവള്‍ വയ്ക്കാറുണ്ട്. ദൈവം തോന്നിച്ചതനുസരിച്ചാണ് താന്‍ അവരെ സഹായിക്കുന്നതെന്നും തനിക്ക് അവരോട് അതിയായ സ്‌നേഹമുണ്ടെന്നുമാണ് അവള്‍ കത്തില്‍ സാധാരണയായി എഴുതാറുള്ളത്.

'ട്രാഷ് ബാഗ്‌സ് ആര്‍ ഫോര്‍ ദ ട്രാഷ്' എന്ന പേരിലുള്ള ലേഖനത്തിലാണ് മാക്കെന്‍സി എന്ന ബാലിക തന്റെ ഈ കഥ എഴുതിയിരിക്കുന്നത്.

ഒരു കുരുന്നു കുട്ടി ചെയ്യുന്ന ഈ സേവനത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ നമുക്ക് അദ്ഭുതം തോന്നാം. അതുപോലെ ഈ കഥയുടെ വിശ്വസനീയതയെക്കുറിച്ച് ചിലര്‍ക്കു സംശയം തോന്നിയെന്നും വരാം. എന്നാല്‍ 'ചില്‍ഡ്രന്‍ ടു ചില്‍ഡ്രന്‍' എന്ന പേരില്‍ മാക്കെന്‍സി നടത്തുന്ന ഈ പ്രോജക്ടിനെക്കുറിച്ച് ഇന്റര്‍നെറ്റിലും വിവരങ്ങള്‍ ലഭ്യമായതുകൊണ്ട് ആ സംശയം വേണ്ട.

ഒരു കൊച്ചുകുട്ടിക്ക് തന്റെ സഹജീവികള്‍ക്കുവേണ്ടി ഇത്രയും നന്മചെയ്യാന്‍ സാധിച്ചാല്‍ നാം നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തു നന്മകള്‍ ചെയ്യുന്നുണ്ടെന്നു സ്വയം ചോദിച്ചേ മതിയാകൂ. മറ്റുള്ളവരെ സഹായിക്കുന്ന കാര്യം വരുമ്പോള്‍ സമയവും സൗകര്യവുമൊന്നുമില്ല എന്നു പറഞ്ഞു പലപ്പോഴും പിന്മാറുന്ന രീതിയാണ് നമ്മില്‍ പലരുടെയും. അതിന്റെ പ്രധാന കാരണം, മറ്റുള്ളവരെ സഹായിക്കാന്‍ നമുക്ക് ആഗ്രഹവും മനസുമില്ല എന്നതുതന്നെ.

മാക്കെന്‍സി എന്ന കുരുന്നു കുട്ടി തന്നെപ്പോലെയുള്ളവരുടെ ദുഃഖം കണ്ടു. അതുകൊണ്ടാണ് അവരെ സഹായിക്കാന്‍ അവള്‍ മുന്നോട്ടുവന്നത്. ഫോസ്റ്റര്‍ കെയറിലുള്ളവരെ സഹായിക്കണമെന്ന ആഗ്രഹമുണ്ടായപ്പോള്‍ അതിന് അവള്‍ സധൈര്യം ഇറങ്ങിത്തിരിക്കുകയാണു ചെയ്തത്.

കുട്ടിയായ തനിക്ക് എന്തുചെയ്യാന്‍ സാധിക്കും എന്ന നിസഹായതാ ബോധത്തോടെയല്ല അവള്‍ ചിന്തിച്ചത്. മറിച്ച്, താന്‍ കുട്ടിയാണെങ്കിലും തനിക്കു വളരെയേറെ ചെയ്യാന്‍ സാധിക്കുമെന്ന ദൃഢവിശ്വാസത്തോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് അവള്‍ ചെയ്തത്.

മറ്റുള്ളവരെ അവരുടെ ആവശ്യത്തില്‍ സഹായിക്കാന്‍ തയാറുള്ള ഹൃദയമാണ് നമുക്കു വേണ്ടത്. അപ്പോള്‍ അതിനുള്ള ആഗ്രഹവും മനസും തന്റേടവും സ്വാഭാവികമായും നമുക്ക് ഉണ്ടായിക്കൊള്ളും
    
To send your comments, please clickhere