ഷിന്റോ
കണ്ണൂർ: നിരോധിത ലഹരി മരുന്ന് മൊത്തമായി വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതി ഹൈദരാബാദിൽ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ യെ(25) ആണ് ഹൈദരാബാദിൽ നിന്നു കണ്ണൂർ ടൗൺ പൊലിസും സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്ന് പിടികൂടിയത്. കണ്ണൂരിൽ 51.45ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട കേസിലും ഇയാൾ പ്രതിയാണ്.
ഈ മാസം ഒന്പതിന് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിലെ മൂന്നുപേരെ കണ്ണൂർ ടൗൺ പൊലിസും സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്നത് ഷിന്റോയാണെന്ന് പൊലിസ് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞദിവസം കണ്ണൂരിൽ പിടിയിലായ പഴയങ്ങാടി ചെങ്ങൽ സ്വദേശിയും ഇപ്പോൾ പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഉദയ് കൃഷ്ണ മംഗളൂരുവിൽ ബിരുദപഠനസമയത്താണു പ്രതിയുമായി സൗഹൃദത്തിലാകുന്നത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി.വിജയ ഭരത് റെഡ്ഡി, കണ്ണൂർ അസിസ്റ്റന്റ് പൊലിസ് കമ്മീഷണർ എം.പി ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നിർദേശാനുസരണം കണ്ണൂർ ടൗൺ പൊലിസ് സബ് ഇൻസ്പെക്ടർ കെ.ടി അഖിൽ , സി.പി.ഒ ജിഷാന്ത്, ഡാൻസാഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags : arrested Deepika DeepikaNewspaper BreakingNews Key suspect drug distribution