തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്. അനില്‍. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഈ മാസം തന്നെ വീണ്ടും അവസരം നല്‍കും.
നിലവില്‍ ഓണ്‍ലൈനായി ലഭിച്ച 39,682 അപേക്ഷകളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് 15 ന് മുന്‍പായി പിഎച്ച്എച്ച് കാര്‍ഡുകള്‍ വിതരണം ചെയ്യും. 31ന് മുന്‍പായി അര്‍ഹരായ എല്ലാ കുടുംബങ്ങളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
എഎവൈ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് 2,389 പട്ടികവര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 6,950 കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉടന്‍ തരംമാറ്റി നല്‍കും.
വിഷയത്തിന്റെ സാമൂഹ്യപ്രാധാന്യം ഗൗരവത്തോടെ മനസിലാക്കേണ്ടതുണ്ട്. 1965 മുതല്‍ സാര്‍വത്രിക സ്റ്റാറ്റിറ്റ്യൂട്ടറി റേഷനിംഗ് നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലും ഭക്ഷ്യകമ്മി സംസ്ഥാനമെന്ന നിലയിലും ഈ അവകാശം കേരളം ഒറ്റക്കെട്ടായി പൊരുതി നേടിയതാണ്. എന്നാല്‍, മാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ സബ്സിഡികളും സൗജന്യങ്ങളും പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സാര്‍വത്രിക റേഷനിംഗ് ഇല്ലാതാക്കി.
മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ 1,54,80,040 ആയി നിജപ്പെടുത്തപ്പെട്ടു. ഇതില്‍ പെടാത്തവര്‍ ഭക്ഷ്യധാന്യ വിഹിതത്തിന് മാത്രമല്ല ചികിത്സ ഉള്‍പ്പെടെയുള്ള മറ്റുപല ആനുകൂല്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ഇപ്രകാരം കവറേജിന് പുറത്തായ മുന്‍ഗണനേതര വിഭാഗത്തെ നീല, വെള്ള കാര്‍ഡുകാരായി തിരിച്ച് ലഭ്യമായ പരിമിതമായ ടൈഡ് ഓവര്‍ വിഹിതത്തില്‍നിന്നും ഭക്ഷ്യധാന്യം നല്‍കിവരുന്നുവെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള ഒഴിവുകളില്‍ പൊതുവിതരണ വകുപ്പ് 1,00,000 മുന്‍ഗണനാ കാര്‍ഡുകള്‍ പുതുതായി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അപേക്ഷ നല്കാത്തതിനാല് അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയാതിരിക്കുന്ന 56,932 എസ്സി കുടുംബങ്ങള്‍ക്കും 2,046 എസ്ടി കുടുംബങ്ങള്‍ക്കും കാര്‍ഡ് തരം മാറ്റി നല്കുന്നതിനുവേണ്ടി അവരെ നേരില്‍ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ ലഭ്യമാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കും. ശേഷിക്കുന്ന ഒഴിവുകളിലേക്ക് പൊതുവിഭാഗങ്ങളില്നിന്നും കണ്ടെത്തുന്നതിനായി മേല്‍ പ്രകാരമുള്ള നടപടികള്‍ തന്നെ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
Tags : Ration cards eligible people Minister G. R. Anil provided