കോട്ടയം: അക്ഷരനഗരിയൊരുങ്ങി. ഭാഷയുടെ ശക്തിയും ചൈതന്യവും ആശയങ്ങളുടെ ദൃഢതയും പോരാട്ടങ്ങൾക്കുള്ള നിശ്ചയദാർഢ്യവുമായി മൂന്നു നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ.
ദീപികയുടെ 140 വർഷത്തെ പ്രയാണം ഒരിക്കലും അനായാസമായിരുന്നില്ല. ഓരോ ദശാസന്ധിയിലും വിശ്വാസത്തിന്റെ ആത്മകവചവും തളരാത്ത കർമശേഷിയുടെ ഊർജവുമാണ് ഈ മഹാപ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചത്. മഹാരഥന്മാർ മുതൽ ആർജവത്തിന്റെ നിറകുടങ്ങളായി ജീവനക്കാർ വരെ ഈ മുന്നേറ്റത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇത്തരത്തിൽ ഒരു മലയാള ദിനപത്രം 140-ാം വർഷത്തിലെത്തിയതിന്റെ അഭിമാനത്തിലാണ് കേരളക്കരയും ലോകമെങ്ങുമുള്ള മലയാളികളും.
1887 ഏപ്രിൽ 15ന് വിഷുക്കണിയായി മാന്നാനം കുന്നിൽ ഉദയംകൊണ്ട ദീപിക മലയാള മാധ്യമചരിത്രത്തിൽ വിസ്മയം തീർത്ത ദിനപത്രമാണ്. വൈദേശിക ആധിപത്യവും രാജഭരണവും നിലനിന്നിരുന്ന 19-ാം നൂറ്റാണ്ടിൽ ദീപിക പ്രഖ്യാപിച്ച പത്രധർമം 21-ാം നൂറ്റാണ്ടിലും ഒളിമങ്ങാതെ പ്രശോഭിക്കുന്നു എന്നത് ദീപികയുടെ സ്ഥാപക പിതാക്കന്മാരുടെ ദീർഘവീക്ഷണവും ക്രാന്തദർശിത്വവുമാണ് വ്യക്തമാക്കുന്നത്. കേരളപ്പിറവിക്കും ഏഴു പതിറ്റാണ്ടു മുമ്പ് മലയാളിയുടെ സ്വപ്നങ്ങൾ നെയ്ത ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചരിത്രസംഭവമാക്കാൻ വലിയ ആവേശത്തോടെ കേരളം കാത്തിരിക്കുന്നു; ആ സുദിനം നാളെയാണ്.
ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലെത്തി. നാളെ ഉച്ചകഴിഞ്ഞ് 2.30നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. പൗരപ്രമുഖരും ജനപ്രതിനിധികളും ഉള്‍പ്പെടെ പ്രൗഢമായ സദസ് ചടങ്ങില്‍ പങ്കെടുക്കും.
ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു ചേരുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്കു ദീപിക നൽകുന്ന അവാർഡുകൾ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന് സമ്മാനിക്കും.
എറണാകുളം ഡിഡിഎന്‍എംആര്‍സി ചെയര്മാന് ഡോ. അജിത് ജോയി, കോവളം ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സിഎംഡി എസ്. രാജശേഖരന് നായര്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഇന്‍ ഓര്‍ത്തോപീഡിക്സ് ഡോ. ഒ.ടി. ജോര്‍ജ്, കോട്ടയം സെയിക് കണ്‍സള്‍ട്ടന്റ് ചെയര്മാന് ജിബിന്‍ ബിനു ജോസഫ്, ബംഗളൂരു ജി.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷൈജു കെ. ജോര്‍ജ്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ലിസ്റ്റിന് സ്റ്റീഫന്‍, കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനോ ചേരിയില്‍ ഒഎസ്ബി എന്നിവര്‍ക്കാണ് ഉപരാഷ്ട്രപതി ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.