കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അക്ഷരനഗരിയില്‍ ഹൃദ്യമായ സ്വീകരണം.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.20നു കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ കളക് ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, സ്റ്റേറ്റ് അഡീഷ്ണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ സി. ബിനു, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍ എന്നിവര്‍ ഹെലിപ്പാഡില്‍ സ്വീകരിച്ചു.
തിരുവനന്തപുരത്തുനിന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന് എന്നിവര്‍ക്കൊപ്പം ഒരു ഹെലികോപ്ടറിലാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തിയത്. റോഡ് മാര്‍ഗം കെകെ റോഡിലൂടെ 2.30നു സമ്മേളനനഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തി. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക് ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉപരാഷ്ട്രപതിയെ ബൊക്കെ നല്കി സ്വീകരിച്ചു.
രാഷ്ട്രദീപിക പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ടും ഒപ്പമുണ്ടായിരുന്നു. തൊട്ടുപിന്നാലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവരും എത്തിച്ചേര്‍ന്നു.
Tags : Vice President warm welcome Aksharanagari deepika@140