തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ മഴ കുറയുമെന്ന പ്രവചനവും ശക്തമായ എൽ നിനോയും പശ്ചിമേഷ്യൻ സംഘർഷവും കാർഷിക മേഖലയിലും സമ്പദ് വ്യവസ്ഥയിലും ആശങ്കയുടെ കരിനിഴൽ വീഴ്ത്തുന്നു.
ഈ വർഷത്തെ തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിൽ ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമാണ് ലഭിക്കുകയെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി ) പ്രാരംഭ പ്രവചനം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇത്തരത്തിലുള്ള ആദ്യത്തെ പ്രവചനമാണിത്.
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റും മഴക്കുറവ് പ്രവചിച്ചിട്ടുണ്ട്. ദീർഘകാല ശരാശരിയുടെ 94 ശതമാനം മഴയാണ് ഏജൻസിയുടെ പ്രവചനം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ച സ്ഥാനത്താണ് ഈ വർഷം മഴക്കുറവ് പ്രവചിച്ചിരിക്കുന്നത്.
മേയ്-ജൂലൈ മാസത്തോടെ പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസമാണ് മഴക്കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജൂൺ-ജൂലൈ മാസങ്ങളിൽ സാധാരണ മഴ ലഭിച്ചേക്കാം. എന്നാൽ, എൽ നിനോ ശക്തമാകുന്നതോടെ രണ്ടാം പാദത്തിൽ, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കാലവർഷം ദുർബലപ്പെട്ടേക്കാമെന്നാണ് പ്രവചനം. പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാം.
ഇന്ത്യൻ കാർഷിക മേഖലയുടെ ജീവരേഖയാണ് കാലവർഷം. ഇന്ത്യയിൽ കൃഷി ഭൂമിയുടെ 55 ശതമാനം പ്രദേശത്ത് മാത്രമാണ് ജലസേചന സൗകര്യം. ബാക്കി 45 ശതമാനം വരുന്ന സ്ഥലത്ത് കൃഷിയെ നിലനിർത്തുന്നത് മൺസൂൺ മഴയാണ്.
മഴയുടെ സമയവും കൃത്യമായ വിതരണവും പര്യാപ്തതയും വിളവിൽ നിർണായക പങ്ക് വഹിക്കുന്നു. നീതി ആയോഗിന്റെ 2019ലെ കോമ്പോസിറ്റ് വാട്ടർ മാനേജ്മെന്റ് ഇൻഡക്സ് (സിഡബ്ല്യുഎംഐ) അനുസരിച്ച്, ഗോതമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ 74 ശതമാനവും നെൽകൃഷി മേഖലകളിൽ 65 ശതമാനവും ഇതിനകംതന്നെ ഗണ്യമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ജലസേചനത്തിന്റെ 62 ശതമാനവും ഭൂഗർഭ ജലസ്രോതസുകൾ ഉപയോഗിച്ചാണ്.
മഴക്കുറവ് ഭൂഗർഭ ജലസ്രോതസുകളെ ശോഷിപ്പിക്കും. ഇന്ത്യയുടെ പകുതിയിലേറെ പ്രദേശങ്ങളിലും ഭൂഗർഭ ജലനിരപ്പ് ആപത്കരമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. എൽ നിനോ വർഷങ്ങളിലെ മഴക്കുറവും വരൾച്ചയും ഖാരിഫ് സീസണിലെ കാർഷികോത്പാദനം ഇടിക്കും. ഇന്ത്യ അവസാനമായി വ്യാപകമായ വരൾച്ചയെ നേരിട്ടത് എൽ നിനോ വർഷമായ 2015ലാണ്. ആ വർഷം 14 ശതമാനം മഴക്കുറവുണ്ടായി. അന്ന് ഭക്ഷ്യോത്പാദനം 2.3 ശതമാനം കണ്ട് കുറഞ്ഞു.
വരുന്നത് സൂപ്പർ-ഡ്യൂപ്പർ എൽ നിനോ?
ഈ വർഷം പകുതിയോടെ കഴിഞ്ഞ 140 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസം സംഭവിക്കുമെന്നാണ് ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. പോൾ റൗണ്ടിയുടെ മുന്നറിയിപ്പ്. അസാധാരണമായ കൊടും ചൂടും വരൾച്ചയുമുൾപ്പെടെയുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങളിലേക്ക് ഇത് നയിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിൽ ദുരിതത്തിലായ ലോകത്തിന് ഇരട്ടി പ്രഹരമായിരിക്കും ഈ എൽ നിനോ ഏൽപ്പിക്കുക.
അതിശക്തമായ ഈ എൽ നിനോയെ സൂപ്പർ-ഡ്യൂപ്പർ എൽ നിനോ എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ജയിംസ് ഹാൻസൻ വിശേഷിപ്പിക്കുന്നത്. സൂപ്പർ എൽ നിനോയെ തുടർന്ന് 2027ൽ ആഗോള താപനിലയിൽ 1.76 ഡിഗ്രി സെൽഷസ് എന്ന റിക്കാഡ് വർധനയുണ്ടാകുമെന്നാണ് ജയിംസ് ഹാൻസന്റെ പ്രവചനം.
ആഗോളതാപനത്തിന്റെ ഓരോ 0.1 ഡിഗ്രി സെൽഷസ് വർധനയും ഉഷ്ണതരംഗങ്ങളുടെ എണ്ണം, തീവ്രത, പരിസ്ഥിതി വരൾച്ചാ സാധ്യത എന്നിവ വർധിപ്പിക്കും. 2023-24ലെ എൽ നിനോ ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള അഞ്ച് ശക്തമായ എൽ നിനോകളിൽ ഒന്നായിരുന്നു. 2024ൽ ആഗോള താപനിലയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയത് ആ എൽ നിനോ ആയിരുന്നു.
ഇന്ത്യ, ഓസ്ട്രേലിയ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയുടെ ചില പ്രദേശങ്ങളിലെ ഉഷ്ണതരംഗങ്ങളും വരൾച്ചയും എൽ നിനോ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവിലെ കാലാവസ്ഥാ മാതൃകകൾ 2026 ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൽ നിനോയുടെ സാധ്യത 62 ശതമാനമാണെന്നും സൂപ്പർ എൽ നിനോയുടെ സാധ്യത 25 ശതമാനമാണെന്നും കണക്കാക്കുന്നു.
എന്നാൽ, എൽ നിനോ മേയ്-ജൂലൈ മാസത്തോടെ രൂപപ്പെട്ടേക്കാമെന്നാണ് ഏപ്രിൽ 24ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) നടത്തിയ പ്രവചനം. ഇതോടെ ലോകമെമ്പാടും കരയിലെ താപനില സാധാരണയേക്കാൾ കൂടുതലാകും. ആഗോള കാലാവസ്ഥയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന എൽ നിനോ ഏതാനും മാസങ്ങൾ മുതൽ ഒരു വർഷത്തിലേറെ വരെ നീണ്ടുനിന്നേക്കാം. ആഗോള താപനവുമായി സംയോജിക്കുമ്പോൾ എൽ നിനോയുടെ പ്രഹരശേഷി വർധിക്കും. 2026ലും 2027ലും മനുഷ്യരാശിയെ കാത്തിരിക്കുന്നത് കൊടും ചൂടാണ്. ഭൂമി അക്ഷരാർഥത്തിൽ ‘ഉഷ്ണ ഗേഹ’മായി മാറും.
ചില വർഷങ്ങളിൽ ഉഷ്ണ മേഖലാ പസഫിക് സമുദ്രത്തിന്റെ ഉപരിതല താപനില അസാധാരണമായി ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതിന് വിപരീതമായ ലാ നിനാ പ്രതിഭാസമുണ്ടാകുമ്പോൾ പസഫിക് സമുദ്രോപരിതലത്തിലെ താപനില താഴുന്നു. എൽ നിനോയോ ലാ നിനയോ ഇല്ലാത്തതിനെ ന്യൂട്രൽ അവസ്ഥയായി കണക്കാക്കുന്നു. ഇപ്പോൾ ന്യൂട്രൽ സ്ഥിതിയിൽനിന്ന് എൽ നിനോയിലേക്കുള്ള മാറ്റത്തിലാണ് ഉഷ്ണമേഖലാ പസഫിക് സമുദ്ര ഉപരിതലം.
എൽ നിനോ, ലാ നിന സമയങ്ങളിൽ സമുദ്രോപരിതലത്തിൽ ഉണ്ടാകുന്ന ചൂടും തണുപ്പും ഒരു ഡിഗ്രി മുതൽ മൂന്നു ഡിഗ്രി സെൽഷസ് വരെ വ്യത്യാസപ്പെടാം, അവ ഏത് ദിശയിലേക്കാണ് പോകുന്നത് എന്നതിനെ ആശ്രയിച്ച്, വ്യത്യസ്ത പ്രദേശങ്ങളിലെ മഴ, വരൾച്ച, ചൂട്, കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. ദീർഘകാല ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടു ഡിഗ്രി സെൽഷസ് താപവർധന രേഖപ്പെടുത്തുന്ന എൽ നിനോയാണ് സൂപ്പർ എൽ നിനോ.
2026-27ലെ എൽ നിനോയിലെ താപ വർധനവ് 2.5 ഡിഗ്രി സെൽഷസ് കടന്നേക്കാം. ആഗോള താപനവുമായി സംയോജിക്കുമ്പോൾ ഈ സൂപ്പർ എൽ നിനോയുടെ പ്രഹരശേഷി വർധിക്കും. കൊടുംചൂടും വരൾച്ചയും താപതരംഗങ്ങളും മാത്രമായിരിക്കില്ല പ്രത്യാഘാതങ്ങൾ. ചില പ്രദേശങ്ങളിൽ പെരുമഴയും പ്രളയവുമുണ്ടാകും. എൽ നിനോയും വർധിച്ചുവരുന്ന സമുദ്ര താപതരംഗങ്ങളും സംയോജിക്കുമ്പോൾ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും വേഗവും വർധിക്കും.
കൊകുഷോബി-ലോകം അതികഠിനമായ ചൂടുള്ള ദിവസങ്ങളിലേക്ക്
ഈ ഏപ്രിലിൽ ജാപ്പനീസ് കാലാവസ്ഥാ ഏജൻസി (ജെഎംഎ) ജാപ്പനീസ് ഭാഷയ്ക്ക് ഒരു പുതിയ പദം സംഭാവന ചെയ്തു - കൊകുഷോബി. 40 ഡിഗ്രി സെൽഷസോ അതിലധികമോ കഠിനമായ ചൂടുള്ള ദിവസമാണ് കൊകുഷോബി. കഴിഞ്ഞ വർഷം വേനൽകാലത്ത് ജപ്പാനിൽ റിക്കാർഡ് താപനില രേഖപ്പെടുത്തിയിരുന്നു. അതിനെ തുടർന്ന് 40 ഡിഗ്രി സെൽഷസിലേറെ ചൂടുള്ള ദിവസത്തെ വിളിക്കാൻ പുതിയ പദം കണ്ടെത്താൻ ഏജൻസി ഒരു ഓൺലൈൻ വോട്ടെടുപ്പ് നടത്തി.
രണ്ടു ലക്ഷത്തിലേറെ പേരാണ് കൊകുഷോബിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ജപ്പാനിൽ മാത്രമല്ല, ലോകമെമ്പാടും കൊകുഷോബി എന്ന് വിളിക്കാവുന്ന ദിവസങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ 21ന് ലോകത്തെ ഏറ്റവും ചൂടേറിയ നഗരങ്ങളിൽ 20ൽ 19ഉം ഇന്ത്യയിലായിരുന്നു. 44 ഡിഗ്രി സെൽഷസ് താപനില രേഖപ്പെടുത്തിയ ബിഹാറിലെ ഭഗൽപുർ, ഒഡീഷയിലെ തൽച്ചർ, പശ്ചിമ ബംഗാളിലെ അസൻസോൾ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഏപ്രിൽ 22ന് കേരളത്തിൽ പാലക്കാട് 41.8 ഡിഗി സെൽഷസ് ചൂട് രേഖപ്പെടുത്തി. 2015 മുതൽ 2025 വരെയുള്ള 11 വർഷങ്ങൾ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വർഷങ്ങളായിരുന്നു. 2024 ചരിത്രത്തിലെ ഏറ്റവും ചൂ
Tags : Extreme heat lack of rain