ഒരു വ്യക്തി സ്വന്തം കുടുംബത്തിന്റെയോ സമുദായത്തിന്റെയോ സമൂഹത്തിന്റെയോ രൂപഭാവങ്ങൾ ഏതാണ്ട് പൂർണമായും കൈവരിക്കുന്നതും ഫലത്തിൽ അവയുടെ പ്രാതിനിധ്യം സ്വന്തമാക്കുന്നതും നമ്മളിൽ പലരും ശ്രദ്ധിച്ചുകാണണം. ഇത്തരം വളർച്ചയിൽ കുടുംബത്തിന്റെയോ സാഹചര്യങ്ങളുടെയോ സമൂഹത്തിന്റെയോ പ്രത്യക്ഷ സംഭാവനകൾ വലിയ പങ്കവഹിച്ചിട്ടുള്ളതായും കാണാം.
ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ 150-ാമത്തെ ജന്മദിനം ആഘോഷിക്കുമായിരുന്ന ഐ.സി. ചാക്കോയും തന്റെ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ അനുഭവിച്ചിട്ടുണ്ടാകാം. പക്ഷേ, അദ്ദേഹത്തിനു ലഭ്യമായ സാഹചര്യങ്ങളേക്കാൾ ബഹുദൂരം അദ്ദേഹം തന്റെ ജീവിതകാലത്ത് എത്തിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒരു പ്രസ്ഥാനമെന്നോ അറിവിന്റെ നിറകുടമെന്നോ ഉള്ള സാധാരണ വിശേഷണങ്ങളിൽ ഒതുക്കാതെ ഒരു പ്രതിഭാസം എന്നുതന്നെ വിശേഷിപ്പിച്ചത്.
കേരളത്തിന്റെ നെല്ലറയായി പരക്കെ അറിയപ്പെടുന്ന കുട്ടനാട്ടിലെ പുളിങ്കുന്നിനടുത്തുള്ള പുന്നക്കുന്നത്തുശേരി എന്ന പ്രദേശത്ത് ഇല്ലിപറന്പിൽ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം ഒരു നല്ല കർഷകനോ കൃഷിവിഷയങ്ങളിൽ വിദഗ്ധനോ ആയിരുന്നുവെങ്കിൽ അത് അദ്ദേഹത്തെ അഭിനന്ദിക്കാൻ കാരണമായേനേ.
എന്നാൽ അത് നമ്മളെ അദ്ഭുതപ്പെടുത്താൻ യാതൊരു സാധ്യതയുമില്ല. അദ്ദേഹത്തിന്റെ വംശാവലിയിൽ മാങ്ങായിൽ കോര എന്ന, കാലത്തെ വെല്ലുന്ന നൂതന ആശയങ്ങൾക്കൊപ്പം കാർഷികരംഗത്തു നിലനിന്നിരുന്ന പാരന്പര്യങ്ങളെയും ഉപയോഗിച്ച് കൃഷിരംഗത്ത് ഓളങ്ങൾ സൃഷ്ടിച്ച ഒരാളുണ്ടായിരുന്നു എന്നോർക്കണം. എന്നാൽ, ഐ.സി. ചാക്കോ തന്റെ പിതാമഹന്മാരുടെയും മറ്റു കർഷക പ്രമുഖരുടെയും അനുഭവങ്ങളോടൊന്നിച്ച് തന്റെ ശാസ്ത്രാഭിമുഖ്യവും കൂടി ഉപയോഗിച്ച് എഴുതിയ "കൃഷിവിഷയങ്ങൾ' ഇന്നും ആ രംഗത്തെ ആധികാരിക ഗ്രന്ഥമാണ്.
കുട്ടനാട്ടിൽ ജനിച്ച ഒരു കാർഷിക വിദഗ്ധൻ മാത്രമായിരുന്നില്ല ഐ.സി. ചാക്കോ എന്നു നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ബഹുഭാഷാപണ്ഡിതൻ, സാഹിത്യ നിരൂപകൻ, വൈയാകാരൻ, തത്വജ്ഞാനി, ശാസ്ത്രകാരൻ എന്നിങ്ങനെ പല വിശേഷണങ്ങളും ഉപയോഗിക്കുന്നു.
എന്നാൽ, ഇവയിലൊന്നിലും ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ മികവ്. കൃഷിവിഷയങ്ങൾക്കു പുറമേ പാണിനീയ പ്രദ്യോതം, വാല്മീകിയുടെ ലോകത്ത്, ക്രിസ്തു സഹസ്രനാമസ്തോത്രം, ശബ്ദങ്ങളുടെ ഗൂഢാർഥങ്ങൾ തുടങ്ങി അനേകമുണ്ട് പ്രശസ്തമായ പ്രബന്ധങ്ങൾ. ഹെക്ടർ എന്ന നായയുടെ മരണത്തെക്കുറിച്ച് അദ്ദേഹം സംസ്കൃതത്തിൽ രചിച്ചിട്ടുള്ള വിലാപകാവ്യം സഹപണ്ഡിതന്മാരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. പാണിനീയ പ്രദ്യോതത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നൽകി അദ്ദേഹത്തെ ബഹുമാനിച്ചു.
ഈ പുളിങ്കുന്നുകാരൻ കർഷകന്റെ മകൻ എങ്ങനെ സംസ്കൃതപണ്ഡിതനായി? സ്വാഭാവികമായി ഉയരാവുന്ന ഒരു ചോദ്യമാണിത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസചരിത്രം പരിശോധിക്കുന്പോൾ പ്രാഥമിക ക്ലാസുകൾ മുതൽ സംസ്കൃതം പഠിച്ചിരുന്നുവെന്നും പുന്നത്തുശേരിയിലെ "തേങ്ങാപ്പുറം ഇസ്കോളി'ൽ അല്ലെങ്കിൽ പള്ളിക്കൂടത്തിൽ അതിനു സൗകര്യം ഉണ്ടായിരുന്നു എന്നും മനസിലാക്കാം. എഫ്എയ്ക്കു പഠിച്ച പ്രത്യേക വിഷയങ്ങൾ സംസ്കൃതവും ഗണിതവുമായിരുന്നത്രേ. എന്നു മാത്രമല്ല 1894ൽ ദീപികയുടെ സബ് എഡിറ്റർ ജോലിയോടൊപ്പം സെന്റ് എഫ്രേംസ് സ്കൂളിലെ അധ്യാപകനായും ജോലിനോക്കിയിരുന്നപ്പോൾ അദ്ദേഹം പഠിപ്പിച്ചിരുന്ന ഒരു വിഷയം സംസ്കൃതമായിരുന്നു.
മാങ്ങായിൽ കോര തന്നെ ഒരുകാലത്ത് കാര്യദർശിയായിരുന്ന തന്റെ "ഇസ്കോളി'ലെ ഒരു അധ്യാപകന്റെ ശിക്ഷാരീതിയോടു വിയോജിച്ച് പിണങ്ങി പഠിപ്പു നിർത്തിപ്പോന്ന ചരിത്രവും ഐ.സി. ചാക്കോ എന്ന പ്രാഥമിക വിദ്യാർഥിക്കുണ്ട്. അതിനേക്കാൾ അദ്ഭുതകരം സ്വന്തം പിതാവ് മകന്റെ നടപടി അംഗീകരിച്ചിട്ടാവണം സ്വന്തമായി മകന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിക്കൊടുക്കുകയും ചെയ്തു എന്നതാണ്.
ആലപ്പുഴ ഗവൺമെന്റ് ഹൈസ്കൂളിൽ ഇംഗ്ലീഷ് പഠനം നടത്തുകയും തിരുവനന്തപുരം മഹാരാജാസ് കോളജിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. സ്കോളർഷിപ്പോടു കൂടി മട്രിക്കുലേഷൻ ജയിച്ച ഐ.സി. ചാക്കോയെ തിരുവിതാംകൂർ ഗവൺമെന്റ് ധാതുസന്പത്ത് ഖനനരംഗത്തെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയയ്ക്കുകയും അവിടെ ലോകപ്രശസ്തമായ ഇംപീരിയൽ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠനം നടത്തുകയും ചെയ്തു.
യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽനിന്ന് ബിഎ (ഓണേഴ്സ്) സമ്പാദിച്ചതിനൊപ്പം മൈനിംഗ്, എൻജിനിയറിംഗ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലന പഠനങ്ങൾ നടത്തുകയും ചെയ്തു.
1918ൽ സ്റ്റേറ്റ് ജിയോളജിസ്റ്റ് ആയ ശേഷം ഇംപീരിയൽ കോളജിന്റെ മുഖമുദ്രയായിരുന്ന പഠനരീതിയാണ് അദ്ദേഹം ജിയോളജി ഡിപ്പാർട്ട്മെന്റിലും വ്യവസായ വകുപ്പിലും നടപ്പിലാക്കിയത്.
ഐ.സി. ചാക്കോയുടെ നേട്ടങ്ങൾ ഒന്നൊന്നായി അവതരിപ്പിക്കുക എന്നതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അതിന് ഇത്തരമൊരു ലേഖനം പോരാതെവരും. അദ്ദേഹത്തിന്റെ ശ്രദ്ധേയമെന്നു കരുതുന്ന ചില ആശയങ്ങളെയും അഭിപ്രായങ്ങളെയും അവതരിപ്പിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് - അദ്ദേഹത്തിന്റെ ഉല്പതിഷ്ണുത സ്വന്തം സമുദായാംഗങ്ങൾക്കുപോലും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 1950ൽ പനന്പള്ളി ഗോവിന്ദമേനോൻ അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി, അധ്യാപകർക്ക് മെച്ചപ്പെട്ട ശന്പളവും ജീവനവ്യവസ്ഥകളും വാഗ്ദാനം ചെയ്യുന്ന ഒന്നായിരുന്നുവെന്നു കരുതിയ ഐ.സി. ചാക്കോ അതിനെ സ്വാഗതംചെയ്തു.
അതേസമയം, പിരിഞ്ഞുകിട്ടുന്ന ഫീസ് ഗവൺമെന്റിൽ അടയ്ക്കണമെന്നും അധ്യാപകർക്ക് ഗവൺമെന്റ് ശന്പളം കൊടുത്തുകൊള്ളാമെന്നുമുള്ള നിർദേശങ്ങൾ തന്റെ സമുദായ നേതാക്കൾ വിദ്യാഭ്യാസ ദേശസാത്കരണത്തിന്റെ ഭാഗമായിട്ടാണ് കണ്ടത്. ഐ.സി. ചാക്കോയാകട്ടെ അധ്യാപകന്റെ ജീവിത അവകാശത്തേക്കാൾ വലുതല്ല തന്റെ കൈ കൊണ്ട് ശമ്പളം കൊടുക്കുവാനുള്ള മാനേജരുടെ അവകാശം എന്നു തുറന്നടിച്ചു.
“പള്ളിയുടെ സ്വത്ത് വിറ്റിട്ടായാലും പള്ളിക്കൂടത്തിൽ പണിയെടുക്കുന്ന അധ്യാപകന്റെ പട്ടിണി മാറ്റണം എന്ന് അദ്ദേഹം പത്രത്തിൽ എഴുതി.” (പ്രഫ. മാത്യു ഉലകംതറ "ഷവ. ഐ.സി. ചാക്കോ', ളൂയിസ് പഴയപറമ്പിൽ- ജീവിതവും കാലവും (ഐ.സി. ചാക്കോ, പെല്ലിശേരി പബ്ലിക്കേഷൻസ്, കോട്ടയം). ഇതായിരുന്നു സമുദായസ്നേഹിയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ലാത്ത ഷെവലിയർ ഐ.സി. ചാക്കോ!
1875 മുതൽ 1966 വരെ നീണ്ട മലയാളികളുടെ ശാശ്വത അഭിമാനമായ ഐ.സി. ചാക്കോയുടെ ജീവിതം ഓർമകളിലൂടെയും അനുസ്മരണങ്ങളിലൂടെയും ഇന്നും സജീവമാണ്. അദ്ദേഹത്തിന്റെ ഓർമയെ വീണ്ടും നിലനിർത്താൻ ഒരു വലിയ അവസരം നമുക്കിപ്പോൾ ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ഗ്രന്ഥശേഖരത്തിലെ (ഇന്ന് അവശേഷിക്കുന്ന) രേഖകൾ പൊതുജന പഠനത്തിനായി അദ്ദേഹത്തിന്റെ കുടുംബം കേരള ചരിത്ര കൗൺസിലിന് കൈമാറിയിട്ടുണ്ട്.
ആ രേഖകൾ ഡിജിറ്റൈസ് ചെയ്യപ്പെട്ട് സമീപഭാവിയിൽത്തന്നെ ജനസമക്ഷം കൂടുതൽ പഠനങ്ങൾക്കായി ലഭ്യമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതെഴുതുന്ന ആൾക്ക് കാണാൻ സാധിച്ച ഒരു പ്രത്യേക എഴുത്തിനെക്കുറിച്ച് ചരിത്രകൗൺസിലിന്റെ ഔദ്യോഗിക അംഗീകാരം മേടിക്കാതെ, പ്രായം കൂടിയ ഒരു സഹപ്രവർത്തകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരു കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ. ഐ.സി.
ചാക്കോയ്ക്ക് ലഭിച്ച എഴുത്തുകളിൽ ഒന്ന് മരങ്ങാട്ടുപള്ളിയിൽനിന്ന് "ഒരു കർഷകൻ' മണ്ണൊലിപ്പിനെയും ഭൂചലനങ്ങളെയും ഉരുൾപൊട്ടലിനെയും (അന്ന് ആ വാക്ക് പ്രയോഗത്തിലുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും അതിനോട് സമാനമായ പ്രതിഭാസത്തെക്കുറിച്ച്) കുറിച്ച് ചില സംശയങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്.
ഈ എഴുത്ത് അതിനടുത്ത കാലത്ത് ഐ.സി. ചാക്കോ അവിടെ വന്ന് ഒരു യോഗത്തിൽ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് അവിടെവച്ച് ചോദിക്കുവാൻ പറ്റാത്തതിനാലാണ് എഴുതുന്നത് എന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. ഐ.സി.ചാക്കോ എന്ന ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുടെ പ്രവർത്തനശൈലി ഇതിൽനിന്ന് മനസിലാക്കാൻ സാധിക്കും. ഗ്രാമങ്ങളിൽപോലും പോയി തന്റെ വിഷയത്തെ സംബന്ധിച്ച ശാസ്ത്രസംബന്ധമായ വിവരങ്ങൾ വിശദീകരിക്കാനും അതിൽ സംശയങ്ങൾ ഉണ്ടെങ്കിൽ അത് തീർത്തുകൊടുക്കുന്നതിനും അദ്ദേഹം തയാറായിരുന്നു.
ഐ.സി.ചാക്കോയുടെ അനുസ്മരണാർഥം നമുക്കു ചെയ്യാവുന്ന മറ്റൊന്നു കൂടിയുണ്ട്. അദ്ദേഹത്തിന്റെ പ്രഗത്ഭമായ പ്രബന്ധങ്ങൾ ശേഖരിച്ച് ഒന്നോ രണ്ടോ വോള്യങ്ങളായി പ്രസിദ്ധീകരിക്കാനാകും. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉണ്ടായ നിസഹകരണ പ്രസ്ഥാനത്തോട് പൂർണമായും യോജിച്ചിരുന്നുവെങ്കിലും നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ അതേ വാക്ക്- നിസഹകരണം- ഉപയോഗിച്ച് ഒരു പ്രതിഷേധപ്രസ്ഥാനം സംഘടിപ്പിക്കുവാൻ സാധ്യമല്ലല്ലോ എന്ന് കരുതി വിഷമിച്ചിരുന്ന തിരുവിതാംകൂറിലെ ദേശീയവാദികൾക്ക് "നിവർത്തനം' എന്ന മറുവാക്ക് കണ്ടുപിടിച്ചോ സ്വയം നിർമിച്ചോ നൽകിയതും ഐ.സി. ചാക്കോ എന്ന അതുല്യ പ്രതിഭയായിരുന്നു എന്നതും നമുക്കോർമിക്കാം.
(അടിസ്ഥാന വിവരങ്ങൾ തന്ന് സഹായിച്ച ഐ.സി. വിൽസ് ഇല്ലിപ്പറമ്പിലിന് നന്ദി)
കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ
മുൻ ചെയർമാനാണ് ലേഖകൻ.
Tags : I.C. Chacko phenomena