കവിത പി. കേശവന്റെ ജീവിതം ധീരമായ പോരാട്ടത്തിന്റെ കഥയാണ്. കുന്നംകുളം ഞമനേങ്ങാട് പൂവത്തൂർ കവിതയ്ക്ക് (37) ഒൻപതാം ക്ലാസിൽ പഠിക്കുന്പോൾ നട്ടെല്ലിൽ ക്ഷയരോഗം കണ്ടെത്തി. പതിമൂന്നര വയസിൽ ഒരേ കിടപ്പ്.
വർഷങ്ങളോളം നാലു ചുവരുകൾക്കുള്ളിലെ ഏകാന്തത. രോഗത്തെ നേരിടാൻ നടത്തിയ ശസ്ത്രക്രിയയിൽ പാളിച്ച പറ്റിയെന്ന തിരിച്ചറിവുണ്ടായപ്പോഴേക്കും ഇരിക്കാനും നിൽക്കാനും സാധിക്കാതായി. എന്തിനും എപ്പോഴും അമ്മ തങ്കമണിയെ ആശ്രയിക്കേണ്ടിവന്നു. പുറംലോകത്തേക്കിറങ്ങാതെ പന്ത്രണ്ട് വർഷം കിടപ്പിലായി. ഇനിയൊരു ജീവിതമില്ലെന്ന ചിന്തയിൽ വേദനയും നിരാശയും. എങ്ങനെയും ജീവിതം തിരികെ പിടിക്കണമെന്ന വെന്പൽ വാശിയായി മാറി. അങ്ങനെ വർഷങ്ങൾ നീണ്ട ഫിസിയോതെറാപ്പിയിലൂടെ കവിതയ്ക്ക് തനിയെ എഴുന്നേൽക്കാനായി.
നെഞ്ചിനു താഴേക്ക് സ്പർശനശേഷിയില്ലാത്ത കവിത അതിജീവനവഴികൾ തേടി തൂശൂർ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ സെന്ററിൽ എത്തുന്പോൾ തന്നെപ്പോലെ ഇരിക്കാനും കിടക്കാനും മാത്രം വിധിക്കപ്പെട്ട ഏറെപ്പേരെ അവിടെ കണ്ടു. ഒന്നിലേറെ ബെൽറ്റുകളും കന്പിക്കെട്ടുകളുംകൊണ്ട് പൊതിഞ്ഞ ശരീരം. കഠിനവേദന. ഒരേ വശം ചേർന്നു മാത്രം ഇരിക്കാനോ കിടക്കാനോ പറ്റില്ല. വേദന സഹിച്ചും മറന്നും കവിത വീൽചെയറിൽ സ്കൂൾ പഠനം പ്രൈവറ്റായി പൂർത്തിയാക്കി.
ആ മുന്നേറ്റം ഇപ്പോഴിതാ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദം വരെയെത്തിയിരിക്കുന്നു. മോണ്ടിസോറി ടിടിസി കോഴ്സും കംപ്യൂട്ടർ കോഴ്സും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. “എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിയാൻ പന്ത്രണ്ട് വർഷമെടുത്തു. ചിലപ്പോഴൊക്കെ, കൈവിട്ടുപോയ വർഷങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള ഓർമകൾ വരുന്പോൾ ഞാൻ ഖേദിക്കാറില്ല, കാരണം സാധ്യതയുടെ അനന്തതയെ ഞാൻ മുന്പിൽ കാണുന്നു”- കവിത പറയുന്നു.
അൽഫ പാലിയേറ്റീവ് കെയറിലെ ഡോക്ടർ നൽകിയ കരുതലും ധൈര്യവും കവിതയെ വീണ്ടും ജീവിതത്തിലേക്ക് വഴിനടത്തി. അദ്ദേഹത്തിന്റെ ശ്രമഫലമായി എഴുന്നേറ്റ് ഇരിക്കാമെന്നായി. നട്ടെല്ലിനെ പൊതിഞ്ഞ കന്പികൾ വേണ്ടെന്നുവച്ചു. അങ്ങനെ മനസിലും ശരീരത്തിലും പ്രത്യാശയുടെ ഊർജം കടന്നുവന്നു. തനിയെ കുളിക്കാനും വസ്ത്രം ധരിക്കാനും മുടി കെട്ടാനുമൊക്കെയായപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ആശ്വാസവും സന്തോഷവും. അതൊരു പുനർജന്മമായിരുന്നുവെന്ന് കവിത പറയും. ഇതിനിടയിൽ കവിതയുടെ അച്ഛൻ മരിച്ചു. കവിത കുടുംബത്തിന്റെ കൈത്താങ്ങായി മാറി. കൈകൾകൊണ്ട് വിവിധ ഉത്പന്നങ്ങൾ നിർമിക്കാൻ പഠിച്ചു.
പേപ്പർ പേനകളും പേപ്പർ പൂക്കളുമായിരുന്നു തുടക്കത്തിൽ. കവിത നിർമിച്ച പേപ്പർ കമ്മലുകൾ തുടക്കത്തിൽതന്നെ ഹിറ്റായി. സ്വന്തമായി സന്പാദിക്കുക മാത്രമല്ല അമ്മയെ സഹായിക്കാനായതും കവിതയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. തുടർന്ന് കുടകൾ നിർമിക്കാൻ പഠിച്ചു. ത്രീ ഫോൾഡ്, ഫൈവ് ഫോൾഡ് കുടകൾ മാത്രമല്ല കാലൻകുട, കുട്ടികളുടെ കുട, തൊപ്പിക്കുട, ഗോൾഫ് കുട എന്നിങ്ങനെ മികവും മിഴിവുമുള്ള കുടകൾ. മഴക്കാലം എത്തിയാൽ കവിതയുടെ വർണക്കുടകൾക്ക് കേരളമെങ്ങും വലിയൊരു ഉപഭോക്തൃ നിരയുണ്ട്. മേളകളിലും പ്രദർശനവേളകളിലും സ്വന്തം ഉത്പന്നങ്ങൾ മാത്രമല്ല അനുജത്തി നീതുവിന്റെ പിന്തുണയോടെ കവിത തന്റെ പെയിന്റിംഗുകളും വിറ്റഴിക്കുന്നു. വൈകല്യമുള്ള മറ്റുള്ളവരെയും ഉത്പന്നങ്ങൾ നിർമിക്കാൻ പഠിപ്പിക്കുന്നു. ഫാഷൻ ഡിസൈനർ കൂടിയാണ് കവിത. ഇപ്പോൾ ത്രീ വീലർ സ്കൂട്ടർ ഓടിച്ച് എല്ലാ കാര്യങ്ങളും തനിയെ ചെയ്യുന്നു. സ്വന്തം വരുമാനംകൊണ്ട് അമ്മയ്ക്ക് സ്വർണവള വാങ്ങിക്കൊടുക്കാനായതിന്റെ സന്തോഷം ചെറുതായിരുന്നില്ല.
“കവിത സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നതിനുപുറമേ ജീവിക്കാനുള്ള വരുമാനം സ്വന്തം അധ്വാനത്തിൽ നേടുന്നതു കാണുന്പോൾ എനിക്ക് സന്തോഷം തോന്നുന്നു. കിടപ്പുരോഗിയായിരുന്ന മകൾ ഇന്ന് സ്വതന്ത്രയായ യുവതിയാണ്. അമ്മയെന്ന നിലയിൽ, അവളുടെ എല്ലാ ആഗ്രഹങ്ങളിലും അധ്വാനത്തിലും അവളെ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു”- കവിതയ്ക്ക് കൈബലം പകരുന്ന അമ്മ തങ്കമണി സന്തോഷം പങ്കുവച്ചു.
ഫോണ്: 9526547340.
Tags : Poetry