കാൽനടക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണം
Wednesday, February 19, 2020 11:25 PM IST
കേരളത്തിലെ റോഡുകൾ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതോടൊപ്പം കാൽനടക്കാരുടെ പ്രയാസങ്ങൾകൂടി അധികൃതർ കാണണം. മിക്കയിടങ്ങളിലും സീബ്രാ ലൈനുകളില്ല. ഉള്ളയിടത്താണെങ്കിലോ കൂടുതൽ ഭാഗവും മാഞ്ഞു പോയിട്ടുമുണ്ടാകും. സ്കൂൾ വിദ്യാർഥികളും സ്ത്രീകളും പ്രായംചെന്നവരുമടക്കം നിരവധിപ്പേരാണ് ഇതുമൂലം റോഡ് മുറിച്ചുകടക്കാനാകാതെ പ്രയാസപ്പെടുന്നത്.
സീബ്രാലൈനിലൂടെ നടന്നുനീങ്ങിയ സ്ത്രീയെ കാറിടിച്ചു തെറിപ്പിച്ചത് ഈയടുത്ത കാലത്താണ്. വാഹനമോടിക്കുന്ന ഡ്രൈവർമാർക്കു സീബ്രാലൈൻ മാഞ്ഞുപോയാൽ കാണാനാകില്ല. ഇതുകാരണം മാഞ്ഞുപോയ സീബ്രാലൈനിലൂടെ നടക്കുന്ന വഴിയാത്രക്കാർ അപകടത്തിൽപെടുകയും ചെയ്യുന്നു. സീബ്രാലൈനുകളെല്ലാം പുതുക്കി വരയ്ക്കുകയും ഫുട്പാത്ത് സിഗ്നൽ സ്ഥാപിക്കുകയും ചെയ്താൽ ഏറെ സൗകര്യമാകും. റോഡ് സേഫ്റ്റി നടപ്പിലാക്കുന്നതോടൊപ്പം കാൽനട യാത്രക്കാരുടെ സുരക്ഷിതത്വവും അധികൃതർ കണക്കിലെടുക്കണം.
റാസിയ മർസിൻ കുന്നുംപുറം, മലപ്പുറം