ഉച്ചഭക്ഷണത്തിനുള്ള അരിയും ഹൈടെക് ആകട്ടെ
Monday, February 24, 2020 11:47 PM IST
എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ പോവുകയാണു കേരളം. സംസ്ഥാനത്തു വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും അവ നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഈ അടുത്ത ദിവസങ്ങളിൽ ഖാദി ബോർഡിന്റെ യൂണിഫോം മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നു കേന്ദ്രം നിർദേശിക്കുകയുണ്ടായി.
ഇപ്പോൾ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതി, അരിയുടെ കാര്യം ഒഴിച്ചാൽ, സുതാര്യവും കാര്യക്ഷമവുമാണ്. ഓരോ ദിവസവും കുട്ടികൾക്കു കൊടുക്കേണ്ട വിവിധ കറികളുടെ മെനു ആയാലും ആഴ്ചയിൽ ഒരിക്കൽ വിതരണം ചെയ്യുന്ന പാലും മുട്ടയും ആയാലും അതൊക്കെ സമയബന്ധിതമായി പ്രഥമാധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്നുമുണ്ട്. എന്നാൽ. ഭക്ഷണകാര്യത്തിന് ഇപ്പോൾ കേരളത്തിലെ എല്ലാ കുടുംബങ്ങളും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതും വസ്തുതയാണ്.
ഭൂരിഭാഗം വീടുകളിലും ഗുണനിലവാരമുള്ള അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളുമാണ് ഉപയോഗിക്കുന്നത്. അതുമായി താരതമ്യം ചെയ്യുന്ന കുട്ടികൾ സ്വാഭാവികമായും സ്കൂളിൽ നൽകുന്ന അത്ര മെച്ചമല്ലാത്ത അരിയാഹാരത്തോട് വിമുഖത കാണിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. അധ്യാപകർ കാണാതെ ഈ ചോറ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിലൂടെ പരിസര മലിനീകരണത്തോടൊപ്പം ഭക്ഷണം പാഴാക്കി കളയുന്ന ഒരു സ്വഭാവംകൂടി കുട്ടികളിൽ സംജാതമാകുന്നു.
അതുപോലെ എൽപി ക്ലാസുകളിലെ ഒരു കുട്ടിക്ക് അനുവദിച്ചിട്ടുള്ള അരിയുടെ അളവ് 100 ഗ്രാം ആണ്. ഇത് ശരാശരി കണക്ക് കൂട്ടുന്പോൾ കൂടിയ അളവാണ്. അത് കുറയ്ക്കുകയും പരാതിക്ക് ഇടവരാത്ത തരത്തിൽ അരിയുടെ ഗുണനിലവാരം കൂട്ടുകയും ചെയ്താൽ കുട്ടികൾക്ക് അത് സന്തോഷമാകും. അങ്ങനെ പരാതിക്ക് ഇട നൽകാതെ നമ്മുടെ ഉച്ചഭക്ഷണ പദ്ധതിയും മാതൃകയാകട്ടെ.
സുഗതൻ എൽ. ശൂരനാട്, കൊല്ലം