യോഗ്യതയുള്ളവരെ ഹെഡ്മാസ്റ്റർമാരായി നിയമിക്കുക
Wednesday, February 26, 2020 11:17 PM IST
പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപക തസ്തികയിലേക്ക് യോഗ്യതാ പരീക്ഷകൾ പാസായവരെ നിയമിക്കണമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സ്വാഗതാർഹമാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ അടിസ്ഥാനമാക്കി 2011 ൽ കേരള സർക്കാർ തയാറാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിൽ സർക്കാർ/എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപക തസ്തികയിലേക്ക് യോഗ്യതാ പരീക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന നിയമപ്രകാരവും കേരള നിയമസഭ പാസാക്കിയ ആർ ടി ഇ റൂൾസ് പ്രകാരം ഹെഡ്മാസ്റ്റർ നിയമനത്തിന് ടെസ്റ്റ് യോഗ്യത നിർബന്ധമാക്കിയത് കേരള അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയുംശരിവച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ചയ്ക്കു യോഗ്യതയില്ലാത്ത പ്രധാനാധ്യാപകരും കാരണമാകുന്നു എന്നുള്ള വിവിധ പഠന റിപ്പോർട്ടുകൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ ഹൈക്കോടതി വിധിക്ക് ഏറെ പ്രസക്തിയുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ നിയമിക്കപ്പെട്ട ലിഡാ ജേക്കബ് കമ്മീഷനാണ് കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസ പുരോഗതിക്ക് വകുപ്പുതല യോഗ്യതാ പരീക്ഷകൾ പാസായ പ്രധാനാധ്യാപകൻ ആവശ്യമാണെന്ന് ശിപാർശ ചെയ്തത്.
സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുമ്പോൾ നാളെയുടെ വാഗ്ദാനങ്ങളാകേണ്ട വിദ്യാർഥികൾക്കു മികവുള്ള പ്രധാനാധ്യാപകരെയാണ് ആവശ്യമായുള്ളത്. പ്രായം മാത്രം നോക്കിയല്ല കഴിവും പ്രാപ്തിയും നോക്കി വേണം ഇവരെ നിയമിക്കാൻ.
സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ, കൽത്തൊട്ടി, ലബ്ബക്കട