പുറത്തുനിന്നു വരുന്നവരും നിർദേശങ്ങളോടു സഹകരിക്കണം
Monday, March 9, 2020 11:11 PM IST
കേരളത്തിലെ ആരോഗ്യ വകുപ്പ് അതി ജാഗ്രതയോടെ മറ്റു വകുപ്പുകളുടെ ഏകോപനത്തോടെ കൊറോണ വൈറസ് പടരാതിരിക്കാൻ രാപകൽ പ്രവർത്തിക്കുന്പോൾ അതിനെ നിസാരമായി കാണുന്ന ഇറ്റലി, ചൈന, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാരുടെ പ്രവണത ആശങ്ക ഉയർത്തുന്നു. ഇത്തരം രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്ക് നേരിട്ട് സർവീസ് ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴി കണക്ഷൻ ഫ്ലൈറ്റിൽ എത്തുന്നവർ കഴിഞ്ഞ ഒരു മാസം യാത്ര ചെയ്ത സ്ഥലങ്ങൾ പാസ്പോർട്ടിലെ എൻട്രി സ്റ്റാന്പും എക്സിറ്റ് സ്റ്റാന്പും നോക്കി കൃത്യമായി പരിശോധിച്ചാൽ ഇത്തരം യാത്രക്കാരെ എയർപോർട്ടിൽ വച്ച് തന്നെ വേണ്ട പരിശോധനയ്ക്ക് വിധേയമാക്കാനും ഒരു പരിധി വരെ അത് വിമാനത്താവളത്തിന് പുറത്തു മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് നിയന്ത്രിക്കാനും കഴിയും.
ഏതെങ്കിലും പാസ്പോർട്ടിലെ എക്സിറ്റ്, എൻട്രി സ്റ്റാന്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളുടെ പേര് സംശയമുണ്ടെങ്കിൽ കൃത്യത വരുത്താൻ കേരളത്തിലെ എല്ലാ എയർപോർട്ട് എമിഗ്രേഷൻ കൗണ്ടറിലും പ്രത്യകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാനും ജാഗ്രതയോടെ പെരുമാറാനും എല്ലാവരും വിവേകത്തോടെ സഹകരിക്കേണ്ട സമയമാണിത്.
സുനിൽ തോമസ്, റാന്നി