ആദരണീയമായ തീരുമാനം
Thursday, March 19, 2020 12:10 AM IST
റോമിലെ ഇടവകദേവാലയങ്ങൾ വിശ്വാസികൾക്കായി തുറന്നിടുമെന്ന് റോം രൂപതയിലെ കാർഡിനൽ വികാർ ആഞ്ചലോ ഡൊനാറ്റിസ് അറിയിച്ചതായി വായിച്ചു. ആദരണീയമായ തീരുമാനം.
കൊറോണാ വൈറസിനെ പേടിച്ച് ദേവാലയങ്ങൾ അടച്ചിടുന്നു എന്നു പത്രത്തിൽ വായിച്ചപ്പോൾ പണ്ടു പഠിച്ച "ഫലിച്ച പ്രാർഥന' എന്ന കവിത ഓർമവന്നു. മഴയ്ക്കുവേണ്ടി പ്രാർഥിക്കാൻ ദേവാലയത്തിലേക്കു പുറപ്പെട്ട മാതാപിതാക്കൾക്കൊപ്പം കുടയുമെടുത്ത് ഇറങ്ങിയ മകനെ "മഴക്കാലമല്ലല്ലോ നീ എന്തിനാണു വെറുതേ കുട ചുമക്കുന്നത്' എന്നു ശാസിച്ച അമ്മയോട് "നമ്മൾ മഴ ചോദിച്ചു വാങ്ങാനല്ലേ ഈശ്വരന്റെ അടുത്തേക്കു പോകുന്നത്' എന്ന് അവൻ മറുപടി പറഞ്ഞു. ദൈവം അവന്റെ പ്രാർഥന കേട്ടു. "കുഞ്ഞേ, നിന്റെ പ്രാർഥന ഞാൻ കേട്ടിരിക്കുന്നു' എന്ന അശരീരിക്കൊപ്പം ശക്തമായ മഴ പെയ്തു എന്നാണു കഥ.
നമ്മൾ ഇന്ന് എങ്ങനെയാണ്? എന്തൊക്കെയോ കാട്ടിക്കൂട്ടാൻ വേണ്ടി ദേവാലയത്തിൽ എത്തുന്നു. കൊറോണാ വൈറസ് പോലുള്ള കെണികൾ വന്നാൽ ദൈവസാന്നിധ്യത്തേക്കാൾ സുരക്ഷിതം പൂട്ടിയിട്ട മുറികളാണെന്നു വിശ്വസിക്കുന്നു. ഇതാണോ വിശ്വാസം? ഭൂമികുലുക്കം, വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും റോഡപകടങ്ങളും മൂലം ധാരാളംപേർ മരിക്കുന്നു. കൊറോണാപോലുള്ള മാരക വൈറസ്ബാധ മൂലം അനേകംപേർ മരിക്കുന്നു. ഇത്തരം ഭയാനകമായ അവസ്ഥയെ നേരിടാൻ പല മാർഗങ്ങളും ആരായുന്നുണ്ടെങ്കിലും പ്രപഞ്ചസ്രഷ്ടാവിലേക്കു തിരിയുക എന്ന സുപ്രധാന മാർഗം പലരും മറന്നുകളയുന്നു.
ഭ്രൂണഹത്യാനിയമം നടപ്പാക്കി ജനപ്പെരുപ്പം നിയന്ത്രിക്കാൻ വെന്പൽകൊള്ളുന്നവർക്ക് ഇതൊരു പാഠമായിരിക്കട്ടെ. പ്രകൃതിതന്നെ പല മാർഗത്തിലൂടെ ജനപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടുമെന്തേ ആരും ഒന്നും പഠിക്കുന്നില്ല?
ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന, അവിടുത്തേക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന കുറേ നല്ലയാളുകൾ ഭൂമിയിലുള്ളതുകൊണ്ടായിരിക്കാം ഭൂമി ഇന്നു പൂർണമായും നശിച്ചുപോകാതിരിക്കുന്നത്.
വൽസ ജോസ്, കാപ്പിൽ