‘മോഹമില്ലാതെന്തു മോഹഭംഗം!’
Friday, October 17, 2025 12:13 AM IST
ദേവസ്വം ബോർഡിലെ കെടുകാര്യസ്ഥതയെപ്പറ്റി വർഷങ്ങളായി എല്ലാ രാഷ്ട്രീയക്കാരും ചർച്ച ചെയ്യുന്നുണ്ട്. ക്രിയാത്മകമായ ഒരു പരിഹാരവും അവയ്ക്കൊന്നും ആവശ്യമില്ല എന്ന രീതിയിലാണ് ദേവസ്വം ബോർഡും അതിന്റെ വിജിലൻസും.
ദേവസ്വം ബോർഡിൽതന്നെ എല്ലാ അഴിമതിയും നേരിൽ അറിയാവുന്നവരാണ് അതിന്റെ വിജിലൻസിലും ഓഡിറ്റിലും ഒക്കെ ഇരിക്കുന്നത്. കോടതിയിലെ ദേവസ്വം ബെഞ്ച് ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാണോ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടുന്നത്? ദേവസ്വം ബോർഡിന്റെ വഴിപാട് രസീത് ബുക്കുകൾ കണ്ടിട്ടുള്ളവർക്കറിയാം അവയൊക്കെ എത്ര പ്രാചീനമാണെന്ന്. എല്ലാം സിസ്റ്റത്തിന്റെ തകരാറാണ് എന്ന് പല മന്ത്രിമാരും അവരവരുടെ വകുപ്പിന്റെ വീഴ്ചയെക്കുറിച്ച് പറയുമ്പോൾ ആശ്വസിക്കുന്നതു കേട്ടു. ഇവിടെയതിന് വകുപ്പില്ല. കാരണം, ഇവിടെ ഒരു സിസ്റ്റം തന്നെയില്ല. ആരോ ചോദിച്ചതുപോലെ, മോഹമില്ലാതെന്തു മോഹഭംഗം!
എന്റെ ഒരു ചെറിയ അനുഭവം പറയാം.
ആലപ്പുഴ ജില്ലയിലെ രണ്ടു ക്ഷേത്രങ്ങളിൽ എന്റെ ശ്രീമതി വരച്ച മ്യൂറൽ ചിത്രങ്ങൾ ഫ്രെയിം ചെയ്ത് സമർപ്പിക്കുമ്പോൾ രസീത് ഒന്നും തന്നില്ലെന്നു മാത്രമല്ല, അടുത്ത തവണ പോയപ്പോൾ അത് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത് ഏതെങ്കിലും ‘പോറ്റി’മാരോ അവതാരങ്ങളോ സ്വന്തം ഗൃഹങ്ങളിലേക്ക് അലങ്കാരമാക്കാൻ മഹസറില്ലാതെ കൊണ്ടുപോയോ എന്നും അറിയില്ല. ദേവസ്വം ഉദ്യോഗസ്ഥരോടും വിജിലൻസിൽതന്നെയും നിജസ്ഥിതി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ട് ഒരു മറുപടിയും ഉണ്ടായില്ല. ഇതുപോലെ നിസാരമല്ലല്ലോ ഭക്തർ നൽകുന്ന വിലപിടിപ്പുള്ള സ്വർണനാണയങ്ങളും സ്വർണപ്പാളികളും ആഭരണങ്ങളും മറ്റും. രസീതൊന്നും സമർപ്പിക്കുന്നവർക്ക് നൽകാറില്ല.
‘കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി’ എന്ന പഴമൊഴി അക്ഷരാർഥത്തിൽ പാലിക്കുന്ന വകുപ്പാണ് ദേവസ്വം എന്ന് എല്ലാ ഹിന്ദുക്കൾക്കും അറിവുള്ളതുമാണ്. എങ്ങും രേഖയില്ലാത്തതിനാൽ എല്ലാം ഊഹക്കണക്കു മാത്രം!
വിലപിടിപ്പുള്ള വസ്തുക്കളുടെ രസീതെങ്കിലും ഓൺലൈനാക്കി അതിന്റെ ഡാറ്റാബേസ് സെൻട്രൽ സർവറിൽ സൂക്ഷിക്കാൻ ഇനിയെങ്കിലും അധികാരികൾ തയാറാകണം.
ആർ. രാധാകൃഷ്ണൻ പാലക്കാട്