നിലന്പൂർ: നിലന്പൂരിന്റെ ചിരകാല സ്വപ്നമായിരുന്ന മിനി സ്റ്റേഷൻ യാഥാർഥ്യമായി. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ മിനി സിവിൽ സ്റ്റേഷൻ നാടിന് സമർപ്പിച്ചു. പല പ്രദേശങ്ങളിലായി ഭിന്നിച്ചുകിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിനി സിവിൽ സ്റ്റേഷൻ ആരംഭിച്ചത്.
നിലന്പൂർ ഐടിഐക്ക് സമീപം ഒരേക്കറിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. പൊതുഭരണവകുപ്പ് അനുവദിച്ച 15.25 കോടി രൂപ ചെലവഴിച്ചാണ് 6000 ചതുരശ്രയടിയിൽ നാല് നിലകളിലായി കെട്ടിടം നിർമിച്ചത്. താലൂക്ക് സപ്ലൈ ഓഫീസ്, ജോയിന്റ് ആർടി ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഐടിഡിപി ഓഫീസ്,എക്സൈസ് സർക്കിൾ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, റീസർവേ ഓഫീസ് ലീഗൽ മെട്രോളജി ഓഫീസ്, ലേബർ ഓഫീസ്, ജിഎസ്ടി ഓഫീസ്, സെയിൽസ് ടാക്സ് ഇന്റലിജൻസ് ഓഫീസ്, എഇഒ ഓഫീസ്, അഗ്രികൾച്ചർ ഡയറക്ടർ ഓഫീസ് എന്നിവ ഉൾപ്പെടെ 15 ഓഫീസുകൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കും. താലൂക്ക് ഓഫീസ്, ബ്ലോക്ക് ഓഫീസ് എന്നിവയും സമീപത്തു തന്നെയായതിനാൽ ഫലത്തിൽ ഇവിടെ സന്പൂർണ സിവിൽ സ്റ്റേഷനായി മാറും. നിലന്പൂർ തേക്ക് മ്യൂസിയവും തൊട്ടുമുന്പിൽ തന്നെയാണ്. നടപടികൾ പൂർത്തീകരിക്കുന്നതോടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കന്ന ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പി.വി.അബ്ദുൾ വഹാബ് എംപി ശിലാഫലകം അനാഛാദനം ചെയ്തു. നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നഗരസഭാംഗങ്ങളായ പി.എം.ബഷീർ, കക്കാടൻ റഹീം, സൈജിമോൾ, ഇസ്മായിൽ എരഞ്ഞിക്കൽ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ഷിനി, നിലന്പൂർ തഹസിൽദാർ എം.സുരേഷ്കുമാർ, ഇ.പദ്മാക്ഷൻ, ഷെറി ജോർജ് എന്നിവർ സംസാരിച്ചു. മിനിസിവിൽ സിവിൽ സ്റ്റേഷൻ നിർമാണ കരാർ ഏറ്റെടുത്ത് പ്രവർത്തി നടന്നു കൊണ്ടിരിക്കെ മരണപ്പെട്ട കരാറുകാരൻ കൊന്പൻ ഷാനവാസിന്റെ കുടുംബങ്ങൾക്ക് പി.വി.അൻവർ എംഎൽഎയുടെ ഉപഹാരം പി.വി.അബ്ദുൽവഹാബ് എംപി കൈമാറി.