മലപ്പുറം: ജില്ലാ ആസ്ഥാന കേന്ദ്രത്തിലെ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പുകളിലെന്നും ഭൂരിപക്ഷം വോട്ടുകളും ഒരേ വഴിക്കാണ് പെട്ടിയിൽ വീഴാറുള്ളത്. മുസ്ലിം ലീഗിലൂടെ യുഡിഎഫ് അടക്കി വാഴുന്ന മലപ്പുറത്ത് അട്ടിമറികളൊന്നും ഇതുവരെ കേട്ടിട്ടില്ല. തെരഞ്ഞെടുപ്പിനു മുന്പെ യുഡിഎഫ് വിജയപ്പട്ടികയിൽ എഴുതി ചേർക്കുന്ന, ലീഗ് നേതാക്കൾ പരാജയഭീതിയില്ലാതെ ഗോദയിലേക്കിറങ്ങുന്ന മണ്ഡലമാണ് മലപ്പുറം. 1982ലും ’87-ലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് വിജയിച്ചിട്ടുണ്ട്. ഇക്കുറി മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥികൾ ആരെല്ലാമാണെന്നു നിശ്ചയിക്കാൻ ഇരുമുന്നണികളുടെയും ചർച്ചകൾ അവസാനഘട്ടത്തിലാണ്.
സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ലീഗ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നവരാണ് മലപ്പുറം മണ്ഡലത്തിലെ വോട്ടർമാർ. ജില്ലയിൽ മുസ്ലിം ലീഗിന് അടിപതറിയ 2006 ലെ തെരഞ്ഞടുപ്പിലും മലപ്പുറം മണ്ഡലം അവർക്കൊപ്പം ഉറച്ചു നിന്നു. ഇടതുമുന്നണിക്ക് അട്ടിമറി നടത്താൻ ഒരു സാധ്യതയും ഇവിടെ ലഭിക്കാറില്ല.
1957 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ മലപ്പുറം മണ്ഡലം യുഡിഎഫിനൊപ്പമാണ്. വിജയിച്ചവരെല്ലാം മുസ്ലിം ലീഗ് സ്ഥാനാർഥികൾ. ലീഗിലെ പ്രമുഖർക്ക് സുരക്ഷിതമായ വിജയമൊരുക്കി അവർക്ക് മന്ത്രി പദത്തിലേക്ക് വരെ ചവിട്ടുപടിയായാണ് മലപ്പുറം നിലകൊണ്ടത്. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്വതന്ത്രനും കോണ്ഗ്രസ് സ്ഥാനാർഥിയും തമ്മിലായിരുന്നു മൽസരം. അന്ന് ലീഗ് സ്വതന്ത്രനായിരുന്ന മലയാളി അല്ലാത്ത കെ.ഹസൻ ഗനിക്കായിരുന്നു വിജയം.
അടുത്ത തെരഞ്ഞെടുപ്പിൽ ഹസൻ ഗനി മുസ്ലിം ലീഗ് സ്ഥാനാർഥിയായി എത്തി സിപിഐ സ്ഥാനാർഥിയായിരുന്ന സാധു പി.അഹമ്മദ്കുട്ടിയെ തോൽപ്പിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കൾ ജയിച്ചു കയറുന്നതാണ് കണ്ടത്. എം.പി.എം. അഹമ്മദ് കുരിക്കൾ, സി.എച്ച്.മുഹമ്മദ് കോയ, യു.എ.ബീരാൻ, യൂനസ് കുഞ്ഞ്, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, എം.ഉമ്മർ തുടങ്ങി മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം മലപ്പുറം വഴി നിയമസഭയിലെത്തി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പി.ഉബൈദുള്ളയാണ് പത്തു വർഷമായി മലപ്പുറത്തെ പ്രതിനിധീകരിക്കുന്നത്. 2016ൽ സിപിഎമ്മിലെ കെ.പി. സുമതിയായിരുന്നു മത്സരിച്ചത്. പല തെരഞ്ഞെടുപ്പുകളിലായി കോണ്ഗ്രസും കോണ്ഗ്രസ് പിളർന്നുണ്ടായ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും ലീഗിൽ നിന്ന് ഭിന്നിച്ച അഖിലേന്ത്യ ലീഗും ഐഎൻഎല്ലുമൊക്കെ മലപ്പുറത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും മുസ്ലിം ലീഗിനെ തളർത്താനായിട്ടില്ല.
മലപ്പുറം നഗരസഭയും കോഡൂർ, പൂക്കോട്ടൂർ, മൊറയൂർ, പുൽപ്പറ്റ, ആനക്കയം പഞ്ചായത്തുകളും ചേർന്നതാണ് ഇപ്പോഴത്തെ മലപ്പുറം മണ്ഡലം. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ഭൂരിപക്ഷത്തിൽ വീണ്ടും റിക്കാർഡിട്ടു. പി. ഉബൈദുള്ളയ്ക്ക് നൽകിയത് 44,322 വോട്ട് ലീഡ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭൂരിപക്ഷം നാൽപ്പതിനായിരം കടന്നത്. എന്നാൽ 2016ൽ ഉബൈദുള്ളയുടെ ഭൂരിപക്ഷം 35,672ലേക്ക് താഴ്ന്നു. 2017ലെ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ 33,281ലേക്ക് വീണ്ടും ചുരുങ്ങി. എന്നാൽ 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം നൽകിയത് 44,976 വോട്ടിന്റെ മേൽക്കൈയാണ്. ഇക്കഴിഞ്ഞ തദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നഗരസഭയിലും അഞ്ചു പഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ മേധാവിത്വം നിലനിർത്തി. എല്ലായിടത്തും ഭരണവും നിലനിർത്തിയെങ്കിലും പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ 20,000ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. ഇതാണ് ഇടതുപക്ഷത്തിനു പ്രതീക്ഷ നൽകുന്നത്. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ ഇത്തവണ പതിനായിരത്തലധികം വോട്ടുകൾ മറിക്കാനായാൽ മലപ്പുറം മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പാകുന്പോൾ ലീഗിന്റെ വോട്ട് ഇനിയും വർധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലത്തിലെ ഒരു തദ്ദേശ സ്ഥാപനത്തിലും ഇടതുപക്ഷത്തിന് ഭരണം പിടിക്കാനായിട്ടില്ല. മലപ്പുറം നഗരസഭയിൽ യുഡിഎഫ് 25, എൽഡിഎഫ് 15 എന്നതാണ് കക്ഷിനില.
കോഡൂർ പഞ്ചായത്തിൽ യുഡിഎഫ് 14-എൽഡിഎഫ് അഞ്ച്, പൂക്കോട്ടൂരിൽ യുഡിഎഫ്-16,എൽ.ഡി.എഫ് -ഒന്ന് സ്വതന്ത്രൻ-രണ്ട്,മൊറയൂരിൽ യുഡിഎഫ്-13 എൽഡിഎഫ്-നാല്, സ്വതന്ത്രൻ-ഒന്ന്,ആനക്കയത്ത് യുഡിഎഫ്-15 എൽ.ഡി.എഫ്-എട്ട്,പുൽപ്പറ്റയിൽ യുഡിഎഫ്-14 എൽഡിഎഫ്-ഏഴ് എന്നിങ്ങിനെയാണ് കക്ഷി നില.