വളാഞ്ചേരി:ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വട്ടപ്പാറ മുതൽ ഓണിയംപാലം വരെയുള്ള വയൽ മണ്ണിട്ട് നികത്തിയതിൽ നാട്ടുക്കാർക്ക് ആശങ്ക. വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് ദേശീയപാത കടന്നുപോകുന്നത്.
ഇവിടങ്ങളിൽ പാടം മണ്ണിട്ട് നികത്തിയതു കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ. പാടവും വരന്പും തോടുമെല്ലാം നികത്തുകയോ ഗതിമാറ്റുകയോ ചെയ്തിട്ടുണ്ട്.
മഴ ശക്തമായാൽ വെള്ളമൊഴുകി പോകാനുള്ള വഴികളെല്ലാം അടച്ചിരിക്കുകയാണ്. ഇതു കാരണം വെള്ളം കെട്ടി നിൽക്കാനും വീടുകളിലേക്കും മറ്റും വെള്ളം കയറാനും സാധ്യതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ ഭരണ സമിതി യോഗ തീരുമാനപ്രകാരം ദേശീയപാത അഥോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഡിപിആർ പ്രകാരം നിലവിലുള്ള ഡ്രൈനേജിന് പുറമെ ഏതാനും ഡ്രൈനേജുകൾ അധികം സ്ഥാപിക്കണമെന്നും അഞ്ചടി വീതിയിൽ സമാന്തരപാത നിർമിക്കണമെന്നും തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് നിക്ഷേപിക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികൾശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനു പരിഹാരം കാണുമെന്നു ദേശീയപാത അധികൃതർ നഗരസഭക്ക് ഉറപ്പു നൽകിയതായി ചെയർമാൻ അഷ്റഫ് അന്പലത്തിങ്ങൽ പറഞ്ഞു.
പ്രദേശവാസികളുടെ ആശങ്കയകറ്റി മാത്രമേ പ്രവർത്തനം മുന്നോട്ടു പോകൂവെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സണ്‍ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, എൻഎച്ച്എഐ ലെയ്സണ്‍ ഓഫീസർ പി.പി.എം.അഷ്റഫ്, സർവേയർ പി. ഗോപാലകൃഷണൻ, കെഎൻആർ ഡെപ്യൂട്ടി പ്രൊജക്ട്് മാനേജർ എൻ. ശേഷു, എൻഎച്ച്എഐ പ്രൊജക്ട്് മാനേജർ വീരറെഡ്ഢി, അസിസ്റ്റന്റ് എൻജിനീയർ സോജൻ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.