മങ്കട : മുള്ള്യാകുർശി, മങ്കടകൂട്ടിൽ ചേരിയം പ്രദേശത്തെ പുലിഭീഷണി നേരിടാൻ വനംവകുപ്പ് കെണി സ്ഥാപിച്ചു. ഏതാനും ആഴ്ചകളായി പ്രദേശം പുലി ഭീതിയിലാണ്. മുള്ള്യാകുർശി വലിയപറന്പിലാണ് കെണി സ്ഥാപിച്ചത്.
കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഓഫീസർ പി. വിനു, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കൃഷ്ണൻ, ഉദ്യോഗസ്ഥരായ കെ. മുരുകൻ, അഭിലാഷ്, മുത്തലിബ്, രാജേഷ്, പ്രദേശവാസികളായ, ഷാനവാസ്, ഷിഫാർ, അബ്ദുറഹിമാൻ ഇ. റിയാസ്, സുഫിയാൻ, റമീസ്, കെ.പി ജബ്ബാർ, അസ്കർ അലി, സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കൂട്ടിൽ വലന്പൂർ റോഡിൽ വലിയ പറന്പിൽ പരേതനായ ദാസന്റെ വീട്ടിലെ പട്ടിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. വീട്ടുകാർ ബഹളം വച്ചതിനാൽ പട്ടിയെ ഉപേക്ഷിച്ച് പുലി കടന്നു കളഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയാണ് അടുത്ത ദിവസങ്ങളിലായി പുലി കൊണ്ടുപോയത്.
പലപ്പോഴും പകൽ സമയങ്ങളിൽ പുലിയുടെ ആക്രമണം ഉണ്ടാകാറുണ്ട്. വ ചേരിയംമലയുടെ ഭാഗമായ മുള്ള്യാകുർശിയിൽ അഞ്ചു വർഷം മുന്പ് പുലിയിറങ്ങിയിരുന്നു. രണ്ടു പോത്തുകളെ കൊന്നതിനെ തുടർന്നു കെണി വച്ച് പുലിയെ പിടികൂടുകയായിരുന്നു.