കോഴിക്കോട്: കേരള, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ വർഷങ്ങളായി നിരവധി കവർച്ചകൾ നടത്തി വരുന്ന കൊടും കുറ്റവാളിയെ കോഴിക്കോട് റൂറൽ എസ്പി എ. ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി കോഴിക്കോട് കുറ്റിക്കാട്ടൂർ ആനശേരി റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിജയൻ എന്ന കുട്ടി വിജയനെ (48) 24ന് രാത്രിയാണ് കുറ്റികാട്ടൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ കോടശേരി എന്ന സ്ഥലത്തു നിന്നും 14 പവൻ സ്വർണം കളവ് നടത്തിയ കേസിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നാണ് വീട് പൂട്ടി ആലപ്പുഴ പോയ കോടശേരി തെറ്റിക്കുന്നുമ്മൽ റഷീദ് എന്നാളുടെ വീടിന്റെ വാതിൽ തകർത്ത് ഇയാളും കൂട്ടാളിയും ചേർന്ന് 14 പവൻ സ്വർണാഭരണങ്ങൾ കളവ് നടത്തിയത്. കളവു നടത്തിയ ശേഷം തമിഴ്നാടിലെ മേട്ടുപ്പാളയത്തേക്കും ബാംഗ്ലൂരിലേക്കും കടന്ന പ്രതി സ്വർണം വിറ്റു കിട്ടിയ പണം കൊണ്ട് അഡംബര ജീവിതം നയിക്കുകയായിരുന്നു. കൂട്ടാളിക്കു വേണ്ടി തമിഴ്നാട്ടിലേക്കു അന്വേഷണം നടത്തുന്നുണ്ട്. 2007 ൽ മാവൂർ വച്ച് വിഭാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലും കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്,തൃശൂർ, എറണാകുളം ജില്ലകളിൽ നൂറോളം കവർച്ച കേസുകളിലും ഇയാൾ പ്രതിയാണ്.
കോഴിക്കോട് മലപ്പറമ്പിൽ ഡോക്ടറുടെ വീട്ടിൽ നിന്നും 45 പവൻ കവർച്ച നടത്തിയ കേസിൽ പിടിക്കപ്പെട്ട് ആറ് മാസം മുന്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഒരു മാസമായി മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചു താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയും പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, പി. ബിജു, കെ.പി. രാജീവൻ, എസ്സിപിഒ വി.വി. ഷാജി, അത്തോളി ഇൻസ്പെക്ടർ. ജിതേഷ്, എസ്ഐ രഘുനാഥൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.