കൽപ്പറ്റ: ജപ്തി നടപടികൾക്കെതിരായ സിപിഎം സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് സിപിഎം അടക്കമുള്ള ഇടതുപക്ഷമുന്നണിയിലെ പാർട്ടികൾ ശ്രമിക്കുന്നത്. ഭരണത്തിൽ ഇരിക്കുന്പോൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി ജപ്തി നടപടികൾ നിർത്തിവയ്പ്പിച്ച് കർഷകന് സംരക്ഷണം കൊടുക്കേണ്ടതിന് പകരം സമരങ്ങൾ നടത്തി ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.
ഭരണകർത്താക്കളുടെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ജപ്തി നടപടികളുമായി ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രൈമറി സഹകരണബാങ്കുകളിൽ നിന്നും ലോണെടുത്ത് കൃത്യമായി തിരിച്ചടക്കുന്നവർക്ക് കാലാകാലങ്ങളായി നാല് ശതമാനം പലിശയിളവ് നൽകിയിരുന്നു. ഇളവ് നൽകേണ്ട തുക പ്രാഥമികസംഘങ്ങൾക്ക് നൽകേണ്ടത് സംസ്ഥാനസർക്കാരിന്റെ ചുമതലയാണ്. വയനാട്ടിൽ മാത്രം 31 കോടി രൂപയാണ് പ്രാഥമികസംഘങ്ങൾക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ നാല് വർഷമായി ഒരു പൈസ പോലും നൽകാതെ കർഷകന് സഹായകരമായി നിൽക്കുന്ന പ്രാഥമിക സംഘങ്ങളെ തകർത്ത് കേരളബാങ്കിനെ വളർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം പ്രതിസന്ധിയും ദുരിതവും നേരിടുന്പോൾ ആഘോഷവും ധൂർത്തുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ ജനപക്ഷത്ത് നിന്നുകൊണ്ട് അതിശക്തമായ സമരങ്ങൾക്ക് കോണ്ഗ്രസ് ജില്ലയിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വയനാട്ടിലെ കർഷകരുടെ വീടുകളിലേക്ക് ജപ്തി നടപടികളുമായി വരാനാണ് കേരളബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നീക്കമെങ്കിൽ അതിനെ ശക്തമായി നേരിടാൻ കോണ്ഗ്രസ് മുന്നിലുണ്ടാകുമെന്നും ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ അപ്പച്ചൻ പറഞ്ഞു.
എൽഡിഎഫിന്റെ
കർഷകരോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണം:
എഫ്ആർഎഫ്
പുൽപ്പള്ളി: വയനാട് ജില്ലയിൽ എൽഡിഎഫിന്റെ കർഷകരോടുള്ള ഇരട്ടത്താപ്പ് കർഷകജനത തിരിച്ചറിയണമെന്ന് ഫാർമേഴ്സ് റീലിഫ് ഫോറം ജില്ലാ കമ്മിറ്റി. ജില്ലയിൽ കേരളാ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്പോൾ പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജപ്തി നടപടികളിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് എൽഡിഎഫ് നടത്തുന്ന പ്രതിഷേധ പ്രഹസനം ജനം തിരിച്ചറിയും.
ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുന്ന ഏത് തീരുമാനത്തെയും എഫ്ആർഎഫ് സ്വാഗതം ചെയ്യും. ജില്ലാ ചെയർമാൻ പി.എം. ജോർജ്, എ.സി. തോമസ്, എം.ജെ. ചാക്കോ, ടി. ഇബ്രാഹിം, എ.എൻ. മുകുന്ദൻ, ഒ.ആർ. വിജയൻ, പുരുഷോത്തമൻ, അപ്പച്ചൻ, ജോർജ് കൊല്ലിയിൽ, രാജൻ, അഡ്വ.കെ.എം. മനോജ്, അഡ്വ.പി.ജെ. ജോർജ്, വിദ്യാധരൻ വൈദ്യർ, ജോസ് വട്ടമറ്റം, എം.എം. ചാക്കോ, എ.സി. ആന്റണി, അജയ് വർക്കി, ജോമോൻ, എ.വി. ജോയി എന്നിവർ പ്രസംഗിച്ചു.
ജപ്തി നടപടികൾ
പ്രതിരോധിക്കാൻ പ്രാദേശിക സമിതി രൂപീകരിക്കും
പുൽപ്പളളി: കാർഷിക തകർച്ചയും സാന്പത്തിക പ്രതിസന്ധിയും നേരിടുന്നവയനാട്ടിൽ വർധിച്ചു വരുന്ന ജപ്തിയും സർഫാസി പ്രകാരമുള്ള കൈവശപ്പെടുത്തലും ജനകീയമായി നേരിടാൻ ഇടതു കർഷക സംഘടനകൾ രൂപം നൽകിയ ഐക്യ കർഷകസമരസമിതി തീരുമാനിച്ചു. ധനകാര്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്ന സർഫാസി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. കർഷക വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ബാങ്കുകളുടെ ജപ്തി അവസാനിപ്പിക്കണം.
ജപ്തിയുടെ പേരിൽ ഉദ്യോഗസ്ഥർ ഒരു കർഷകന്റ വീട്ടിലുമെത്താൻ പാടില്ലെന്നും സമിതി ആവശ്യപ്പെട്ടു. കടക്കെണിയിലായ ചെറുകിട നാമമാത്ര കർഷകരിൽ ആത്മവിശ്വാസമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വില്ലേജ് തലത്തിൽ സമിതിയുണ്ടാക്കും. ജപ്തിക്കെത്തുന്നവരെ ഈ സമിതികൾ പ്രാദേശികമായി പ്രതിരോധിക്കാനും ഐക്യ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ തീരുമാനിച്ചതായും ഭാരവാഹികളായ ടി.വി. സുരേഷ്, പ്രകാശ് ഗഗാറിൻ എന്നിവർ പറഞ്ഞു.
ജപ്തി നടപടികൾ
താത്കാലികമായി
നിർത്തിവയ്ക്കാൻ നിർദേശം
നൽകിയതായി സൂചന
പുൽപ്പള്ളി: ജപ്തി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സൂചന. ഇരുളത്തെ അഡ്വ.ടോമിയുടെ മരണവുമായി ബന്ധപ്പെട്ട് പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിനെതിരേ കർഷക പ്രക്ഷോഭം ശക്തമായതോടെയാണ് കർഷകരുടെ ഭൂമിയും കിടപ്പാടവും ജപ്തി ചെയ്യാനുള്ള നടപടിയിൽ നിന്ന് താത്കാലികമായി പിൻമാറാൻ കാരണം. ഇരുളത്തെ ടോമിയുടെ വായ്പ കുടിശികയുടെ പേരിൽ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ടോമി ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായതാണ് ബാങ്ക് അധികൃതരെ പിന്തിരിപ്പിക്കാൻ കാരണം.
പോലീസും ബാങ്കിന്റെ റിക്കവറി ഉദ്യോഗസ്ഥനും ചേർന്ന് കർഷകരുടെ വീടുകളിൽ എത്തി ഭീഷണിപ്പെടുത്തുന്ന നടപടി ഏറെ വിവാദമായതോടെ ജപ്തി നടപടികളുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായങ്ങൾ തത്കാലം നൽകേണ്ടെന്ന നിലപാടാണ് പോലീസ് സേനാംഗങ്ങളിൽ നിന്ന് ഉയർന്നിട്ടുള്ളത്. ടോമിയുടെ മരണവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരേ ഏറെ വിമർശനം ഉയർന്നതുമാണ് ഇതിന് കാരണം. പുൽപ്പള്ളി മേഖലയിൽ മാത്രം 700 ഓളം കർഷകരാണ് ജപ്തി നടപടി നേരിടുന്നത്. ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നതു വരെ ജപ്തി നടപടികൾ സ്വീകരിക്കണ്ടയെന്നാണ് ജീവനക്കാരുടെ നിലപാട്.
ഉപരോധസമരം
അവസാനിപ്പിച്ചു
പുൽപ്പള്ളി: ടോമിയുടെ മരണവുമായി ബന്ധപ്പെട്ട് ബാങ്കിന് മുന്നിൽ എൽഡിഎഫ് കർഷക സമര സമിതി നടത്തിയ അനിശ്ചിത കാല ഉപരോധസമരം അവസാനിപ്പിച്ചു. 14 ദിവസത്തിനകം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ബാങ്ക് മാനേജ്മെന്റ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഉപരോധസമരം അവസാനിപ്പിച്ചത്.
ജീവനൊടുക്കിയ അഭിഭാഷകന്റെ കടബാധ്യത എഴുതി താളളുക, ആശ്രിത ജോലി നൽകുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതി നേതാക്കൾ കത്ത് കൈമാറി. ചർച്ചയിൽ റീജണൽ മാനേജർ ഈശ്വരൻ, സിപിഎം ജില്ല സെക്രട്ടറി പി. ഗഗാറിൻ, സമരസമിതി ഭാരവാഹികളായ എ.വി. ജയൻ, ടി.ബി. സുരേഷ്, എം.എസ്. സുരേഷ്, പ്രകാശ് ഗഗാറിൻ, ബാബു, എസ്.ജി. സുകുമാരൻ, ബെന്നി കുറുന്പാലക്കാട്ട്, എ.ജെ. കുര്യൻ, ബിന്ദു പ്രകാശ്, രുഗ്മിണി സുബ്രമണ്യൻ, മുഹമ്മദ് ഷാഫി, ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.