52 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശു​ചി​ത്വപ​ദ​വി
Friday, October 2, 2020 12:51 AM IST
ക​ണ്ണൂ​ർ: മി​ക​ച്ച മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശു​ചി​ത്വ പ​ദ​വി​യെ​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​നൊ​രു​ങ്ങി ക​ണ്ണൂ​ര്‍ ജി​ല്ല. ജി​ല്ല​യി​ലെ 38 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലും ശു​ചി​ത്വ പ​ദ​വി കൈ​വ​രി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും ഇ​തു​വ​രെ 47 പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ഞ്ചു ന​ഗ​ര​സ​ഭ​ക​ളി​ലും ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തി ക​ണ്ണൂ​ര്‍ മു​ന്നി​ലെ​ത്തി. സം​സ്ഥാ​ന​ത്ത് സെ​പ്റ്റം​ബ​ര്‍ 30 ന​കം 512 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും 52 ന​ഗ​ര​സ​ഭ​ക​ളും ഉ​ള്‍​പ്പ​ടെ 564 ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ശു​ചി​ത്വ പ​ദ​വി​യി​ലെ​ത്തി​ക്കാ​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ ശു​ചി​ത്വ പ​ദ​വി അ​വ​ലോ​ക​ന​സ​മി​തി​യാ​ണ് അ​ര്‍​ഹ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ ഗ്രേ​ഡിം​ഗ് ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​ണു സ​മി​തി ക​ണ്‍​വീ​ന​ര്‍​മാ​ര്‍. പ​രി​ശോ​ധ​നാ സം​ഘ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ഈ ​സ​മി​തി​യാ​ണ്.
ആ​ന്തൂ​ര്‍, മ​ട്ട​ന്നൂ​ര്‍, പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി എ​ന്നി​വ​യാ​ണു ശു​ചി​ത്വ​പ​ദ​വി കൈ​വ​രി​ച്ച അ​ഞ്ചു ന​ഗ​ര​സ​ഭ​ക​ള്‍. ക​ല്യാ​ശേ​രി, പ​യ്യ​ന്നൂ​ര്‍, പ​ട​ക്കാ​ട്, പാ​നൂ​ര്‍ എ​ന്നീ നാ​ല് ബ്ലോ​ക്കു​ക​ളും പ​ദ​വി ക​ര​സ്ഥ​മാ​ക്കി. പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി ബ്ലോ​ക്കു​ക​ളി​ല്‍ ഏ​ഴ്, ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി ബ്ലോ​ക്കു​ക​ളി​ല്‍ അ​ഞ്ച്, കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ര്‍ ബ്ലോ​ക്കു​ക​ളി​ല്‍ നാ​ല് വീ​ത​വും ഇ​രി​ട്ടി ബ്ലോ​ക്കി​ല്‍ ര​ണ്ടും ക​ണ്ണൂ​ര്‍ ബ്ലോ​ക്കി​ല്‍ ഒ​ന്നും ഉ​ള്‍​പ്പെ​ടെ 47 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തി​ന​കം ശു​ചി​ത്വ പ​ദ​വി കൈ​വ​രി​ച്ചു.