കന്നുകാലി തൊഴുത്തിലെ മാലിന്യം ഒഴുക്കിവിടുന്നു : കിണറിൽകോളിഫോം ബാക്ടീരിയ: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
1572521
Thursday, July 3, 2025 5:37 AM IST
കൊല്ലം : കന്നുകാലി തൊഴുത്തിലെ മാലിന്യം അലക്ഷ്യമായി ഒഴുക്കിവിടുന്നതു മൂലം കിണറും പരിസരവും മലിനമാകുന്നുവെന്ന പരാതിയിൽ, ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ.
വിഷയം കോടതികളും ലീഗൽ സർവീസസ് അതോറിറ്റിയും പരിഗണിച്ചതാണോ എന്നതിനെകുറിച്ച് ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട പള്ളിശേരിൽ സ്വദേശി. എം. ഷംസുദ്ദീൻ കുഞ്ഞ് സമർപ്പിച്ച പരാതിയിലാണ് നടപടി. മാലിന്യം തുറസായ സ്ഥലത്ത് നിക്ഷേപിക്കാൻ പാടില്ലെന്ന് എതിർകക്ഷിക്ക് നിർദ്ദേശം നൽകിയതായി സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ആറിൽ താഴെ മാത്രം പശുക്കളെ വളർത്തുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനമാണ് മലിനീകരണം സംബന്ധിച്ച പരാതിയിൽ നടപടിയെടുക്കേണ്ടതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു. തന്റെ കിണറിൽ കോളിഫോം ബാക്ടീരിയയുടെയും ഗോമൂത്രത്തിന്റെയും അംശമുണ്ടെന്നാണ് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചത്.വിഷയം കോടതിയിൽ തീർപ്പാക്കിയതാണെന്ന് കന്നുകാലികളുടെ ഉടമ കമ്മീഷനെ അറിയിച്ചു.
എന്നാൽ പരാതി താലൂക്ക് ലീഗൽ സെല്ലിന്റെ പരിഗണനയിലാണെന്നാണ് പഞ്ചായത്ത് അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി തീർപ്പാക്കിയതിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ എതിർകക്ഷി മുരുകേശനും പഞ്ചായത്ത് സെക്രട്ടറിക്കും കമ്മീഷൻ നിർദ്ദേശം നൽകിയത്. ജൂലൈയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.