കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിരോധാഭാസങ്ങളുടെ പ്രത്യയശാസ്ത്രമായി മാറി: കുമ്മനം രാജശേഖരൻ
1572228
Wednesday, July 2, 2025 6:11 AM IST
കൊട്ടാരക്കര: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിരോധാഭാസങ്ങളുടെ പ്രത്യയശാസ്ത്രമായി മാറിയതിന്റെ അവസാന തെളിവാണ് രവതാ ചന്ദ്രശേഖറിന്റെ നിയമനമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
കൊട്ടാരക്കരയിൽ ബിജെപി ഈസ്റ്റ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഷ്പനെ അറിയാമോ എന്ന് പാടി നടന്നവർക്ക് അഞ്ച് രക്തസാക്ഷി കുടുംബങ്ങളോട് എന്ത് മറുപടിയാണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം.
ഭരിക്കുക, അഴിമതി നടത്തുക എന്നത് മാത്രമായി കഴിഞ്ഞു സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം. വിലക്കയറ്റം കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് സർക്കാർ ആശുപത്രിയിലെ ചികിത്സക്കും വലിയ തുക നൽകേണ്ട ഗതികേടാണ് ഉള്ളത്. കേരളം കടംവാങ്ങി കടം വാങ്ങി മുടിയുകയാണ്. 46 ലക്ഷം ടൺ അരി വേണ്ടിടത്ത് ഏഴു ലക്ഷം ടൺ മാത്രമാണ് ഉത്പാദനം.
കേരളത്തിലെ ജനങ്ങളുടെ അന്നദാതാവ് ഇപ്പോൾ മോദി മാത്രമാണെന്ന് കുമ്മനം പറഞ്ഞു.ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു.
ദക്ഷിണ മേഖല സംഘടന സെക്രട്ടറി സുരേഷ്, ജില്ല ഇൻചാർജ് വി. വി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. ആർ. അരുൺ, അഡ്വ. വയക്കൽ സോമൻ, ആലുംചേരി ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.