ലഹരിവിരുദ്ധ ബോധവത്കരണവുമായി വിദ്യാർഥികൾ
1572229
Wednesday, July 2, 2025 6:23 AM IST
പാരിപ്പള്ളി: ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കടമ്പാട്ടുകോണം എസ്കെവി ഹൈസ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി 'ദുരന്തലഹരി' എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ജീവിതലഹരിയിലേക്ക് ഉണർന്നുയരാം എന്ന സന്ദേശം പകർന്ന് നിരവധി വ്യത്യസ്ത പരിപാടികളാണ് സ്കൂൾ സീനിയർ അധ്യാപിക ദീപ്തിയുടെ നേതൃത്വത്തിൽ അരങ്ങേറിയത്.
പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ സന്ദേശം എന്നിവ നൽകി. സ്കൂളിലെ എസ് പി സി, സ്കൗട്ട് യൂണിറ്റുകൾ ജ്വാലഎന്ന പേരിൽ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ നൃത്താവിഷ്കരണം, ഫ്ലാഷ് മോബ്, സൂംബാ ഡാൻസ്, മൈം തുടങ്ങിയ ആകർഷകമായ പരിപാടികളും അവതരിപ്പിച്ചു.
പള്ളിക്കൽ ജംഗ്ഷനിൽ നടന്ന പരിപാടി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകനും മജീഷ്യനുമായ ഷാജു കടയ്ക്കലും രാജീവ്കുമാറും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് ജനങ്ങൾക്ക് ആവേശവും പുത്തൻ അനുഭവവുമായി. പിടിഎ പ്രസിഡന്റ് ബിജു, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ആർ. കെ. ദിലീപ്കുമാർ, സിപിഒ സിബി ,അധ്യാപകരായ അജീഷ്, ശാന്തി, വിഷ്ണു, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.