പഴകിയ 300 കിലോ കോഴിയിറച്ചി പിടികൂടി
1571875
Tuesday, July 1, 2025 3:42 AM IST
കൊല്ലം: കടയ്ക്കലിൽ നിന്ന് 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്ക് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. കോഴിയിറച്ചിയുമായെത്തിയ തിരുവനന്തപുരം തിരുവല്ലം സ്വദേശി കൃഷ്ണകുമാറിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ കുമ്മിളിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 300 കിലോ കോഴിയിറച്ചി കുമ്മിളിൽ നാട്ടുകാരാണ് തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിച്ചത്. ഓട്ടോറിക്ഷയ്ക്ക് സമീപം നടന്നുപോയവരാണ് ദുർഗന്ധം വമിക്കുന്നതെന്ന് മനസിലാക്കി പരിശോധന നടത്തിയത്. തുടർന്ന് പഴകിയ മാംസമാണെന്ന് തിരിച്ചറിയുകയും നാട്ടുകാർ കടയ്ക്കൽ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തി ആരോഗ്യവകുപ്പിനെ വിളിച്ചുവരുത്തുകയുമായിരുന്നു.
ആരോഗ്യവകുപ്പിന്റെഅന്വേഷണത്തിൽ കോഴി മാംസത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നും യാതൊരുവിധ സുരക്ഷ ാനടപടിയുള്ള സർട്ടിഫിക്കറ്റ് മറ്റ് രേഖകൾ ഒന്നുമില്ലാതെയാണ് മാംസം കടത്തിക്കൊണ്ടുവന്നതെന്നും വ്യക്തമായി. ഇറച്ചി വിവിധ പെട്ടികളിലായി അടുക്കി വച്ചിരിക്കുകയായിരുന്നു.
കടയ്ക്കലിലേയും ചടയമംഗലത്തേയും പ്രമുഖ ഹോട്ടലുകളിലേക്കും കടകളിലേക്കും ആണ് കൊണ്ടുവന്നതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു. പിടിച്ചെടുത്ത മാംസം മുഴുവനും പഞ്ചായത്തിന്റെ പരിധിയിൽ കുഴിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് ഇത്രയും ദൂരം ഒരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ കൊണ്ടുവന്നതിനാലാണ് ഇറച്ചി കേടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.